മാസപ്പടി കേസിൽ എഫ്ഐആർ സംബന്ധിച്ച അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസെടുക്കാൻ കഴിയില്ലെന്ന വാദം പൂർണ്ണമായി തള്ളിയെന്നും മാത്യു കുഴൽനാടൻ

തിരുവനന്തപുരം: മാസപ്പടി കേസിൽ എഫ്ഐആർ സംബന്ധിച്ച അപ്പീൽ തള്ളിയ ഡിവിഷൻ ബെഞ്ച് വിധി സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. കേസെടുക്കാൻ കഴിയില്ലെന്ന വാദം പൂർണ്ണമായി തള്ളി. പിണറായി വിജയൻ കേസ് നേരിടുക എന്നതാണ് ഇനി അഭികാമ്യം. കൈകൾ ശുദ്ധമാണ്, മടിയിൽ കനമില്ലെങ്കിൽ എഫ്ഐആറിനെ പേടിക്കുന്നതെന്തിനാണെന്നും മാത്യു കുഴൽ നാടൻ ചോദിച്ചു.

മാസപ്പടി കേസിൽ എജിയുടെ നിലപാട് തള്ളിയ കുഴൽനാടൻ, എന്തുകൊണ്ടാണ് എജി അങ്ങനെ ഒരു നിലപാടെടുത്തതെന്ന് വ്യക്തമല്ലെന്നും പറഞ്ഞു. ബന്ധപ്പെട്ടവർ ഇക്കാര്യം പാർട്ടി വേദിയിൽ വിശദീകരിക്കണം. പ്രഥമദൃഷ്ട്യാ എഫ്ഐആർ നിലനിൽക്കില്ലെന്ന് എന്ത് അടിസ്ഥാനത്തിലാണെന്ന് നിലപാട് എടുത്തതെന്ന് അറിയില്ല. ന്യായമായ നിലപാട് അല്ല, നിയമപരമായ നിലപാടാണ് വേണ്ടത്. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തവരുണ്ട്. അന്ന് സിബിഐക്കായിരുന്നു കൊടുക്കേണ്ടിയിരുന്നത്. സിബിഐക്ക് പരാതി നൽകാതിരുന്നത് പിണറായിയെ ബിജെപിക്ക് ഇട്ട് കൊടുക്കാൻ കഴിയാത്തതിനാലാണ്. പിണറായിയോട് രാഷ്ട്രീയ മര്യാദ കാണിച്ച ആളാണ് താനെന്നും മാത്യു കുഴൽ നാടൻ പറഞ്ഞു.