കയ്യിലും കാലിലും ഗുരുതര പൊള്ളലേറ്റ 28കാരി ചികിത്സയിൽ തുടരുകയാണ്. തോട്ടം തൊഴിലാളിയാണ് പൊള്ളലേറ്റ 28കാരി
അഹമ്മദാബാദ്: രണ്ട് കുട്ടികളുടെ അമ്മയായ 28കാരിയുടെ പാതിവ്രത്യം തെളിയിക്കാൻ പ്രാകൃത രീതിയുമായി ഭർതൃവീട്ടുകാർ. തിളച്ച എണ്ണയിൽ കൈമുക്കി പാതിവ്രത്യം തെളിയിക്കാൻ നിർബന്ധിതയായ 28കാരിക്ക് ഗുരുതര പരിക്ക്. നാത്തൂനും മൂന്ന് പേരും ചേർന്നായിരുന്നു പ്രാകൃത രീതിയിൽ 28കാരിയെ പീഡിപ്പിച്ചത്. ഗുജറാത്തിലെ അഹമ്മദാബാദിലെ വിജാപൂരിലെ മെഹ്സാനിലെ ഗെരിറ്റയിലാണ് സംഭവം. നാത്തൂനും ഭർതൃ സഹോദരന്മാരും ചേർന്നായിരുന്നു ക്രൂരത. കയ്യിലും കാലിലും ഗുരുതര പൊള്ളലേറ്റ 28കാരി ചികിത്സയിൽ തുടരുകയാണ്. തോട്ടം തൊഴിലാളിയാണ് പൊള്ളലേറ്റ 28കാരി. നാത്തൂൻ പോരിനിടെയാണ് അതിക്രൂരമായ പീഡനം നടന്നത്. പരിശുദ്ധയാണെങ്കിൽ തിളച്ച എണ്ണയിൽ കൈമുക്കി ശുദ്ധയാണെന്ന് തെളിയിക്കണമെന്നായിരുന്നു നാത്തൂനും ഭർതൃ സഹോദരന്മാരും ആവശ്യപ്പെട്ടത്. നിരസിച്ചതിന് പിന്നാലെ ക്രൂരമായ മർദ്ദനമാണ് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ യുവതിയുടെ കൈകൾ ബലമായി തിളച്ച എണ്ണയിലേക്ക് ഇവർ മുക്കിയെന്നാണ് പരാതി.
പതിമൂന്ന് വർഷം നീണ്ട ഗാർഹിക പീഡനത്തിലെ അവസാന സംഭവം
13 വർഷം മുൻപാണ് 28കാരി ഈ വീട്ടിലേക്ക് വിവാഹം കഴിഞ്ഞ് എത്തിയത്. കൈമുക്കിച്ചതിന് പിന്നാലെ നാത്തൂൻ ശേഷിച്ച എണ്ണ 28കാരിയുടെ ശരീരത്തിലേക്കും കോരിയൊഴിച്ചെന്നാണ് ആരോപണം. നിലവിളിച്ചാൽ കൊല്ലുമെന്ന് വിശദമാക്കിയായിരുന്നു പീഡനം. എണ്ണ കാലിലും ശരീരത്തുമായി വീണതോടെ യുവതിയുടെ നിലവിളി കേട്ട് എത്തിയ അച്ഛനും അയൽവാസികളും ചേർന്നാണ് യുവതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഗാർഹിക പീഡനം നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ ഏതാനും മാസങ്ങളായി യുവതിക്ക് ഭർതൃവീട്ടിൽ വലിയ രീതിയിലുള്ള അപമാനമാണ് നേരിട്ടിരുന്നതെന്നാണ് ബന്ധുക്കൾ വിശദമാക്കുന്നത്. സംഭവത്തിൽ വിജാപൂർ പൊലീസ് യുവതിയുടെ നാത്തൂനെതിരെയും ഭർതൃ സഹോദരന്മാർക്കെതിരെയും കേസ് എടുത്തിട്ടുണ്ട്. സംഭവത്തിന്റെ വിഡിയോ ഉള്‍പ്പെടെ പുറത്തുവന്നു. ഒരു സ്ത്രീയുള്‍പ്പെടെ നാല് പേര്‍ ചേര്‍ന്ന് മറ്റൊരു സ്ത്രീയുടെ കൈ എണ്ണയില്‍ മുക്കാന്‍ ശ്രമിക്കുന്നതാണ് വിഡിയോയിലുള്ളത്.


