ഭാര്യയെ ഫോണിൽ വിളിച്ചിട്ട് ലഭിക്കാതെ വന്നതോടെ വീട്ടിലെത്തിയ ഭർത്താവാണ് രക്തത്തിൽ കുളിച്ച് കിടക്കുന്ന 50കാരിയെ കണ്ടെത്തുന്നത്. മൃതദേഹത്തിൽ കുത്തേറ്റ 40 മുറിവ് ആണ് പോസ്റ്റ്‍മോർട്ടത്തിൽ കണ്ടെത്തിയത്
ഹൈദരബാദ്: മോഷണ ശ്രമത്തിനിടെ ഡിജിറ്റൽ ലോക്കർ തുറക്കാനുള്ള രഹസ്യ കോഡ് ലഭിക്കാനായി 50 കാരിയെ ക്രൂരമായി ആക്രമിച്ച് വീട്ടുജോലിക്കാരനും സുഹൃത്തും. പ്രഷർ കുക്കർ ഉപയോഗിച്ച് മുഖം അടിച്ച് തകർത്തതിന് പിന്നാലെ 40ലേറെ തവണയാണ് 50 വയസുകാരിക്ക് കുത്തേറ്റത്. സെപ്തംബർ 10 നാണ് തെലങ്കാനയിലെ കുക്കട്ട്പള്ളിയിൽ അതിക്രൂരമായ കൊലപാതകം നടന്നത്. രേണു അഗർവാൾ എന്ന സ്ത്രീയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. കുത്തേറ്റതും കുത്തിക്കീറിയതുമായ 40 ലേറെ മുറിവുകളാണ് യുവതിയുടെ ശരീരത്തിൽ കണ്ടെത്തിയതെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വിശദമാക്കുന്നത്. ഇവരുടെ ഫ്ലാറ്റിലെ ജോലിക്കാരനായിരുന്ന ഹർഷ്, അടുത്ത ഫ്ലാറ്റിലെ ജോലിക്കാരനായ റോഷൻ എന്നിവർ ചേർന്നാണ് ക്രൂരമായി 50കാരിയെ കൊന്നത്. യുവതിയുടെ മുഖം പ്രഷർ കുക്കറുകൊണ്ടുള്ള ആക്രമണത്തിൽ പൂർണമായും തകർന്ന നിലയിലാണ് ഉള്ളത്. കുക്കട്ട്പള്ളിയിലെ സാവൻ ലേക്ക് അപ്പാർട്ട്മെന്റിലായിരുന്നു കൊലപാതകം. റാഞ്ചിയിൽ നിന്നും ജോലിക്കായി നഗരത്തിലെത്തിയവരാണ് സംഭവത്തിലെ പ്രതികൾ. നെറ്റിയിലും, കൈകളിലും, വയറിലും, കഴുത്തിലുമാണ് 50കാരി ഏറ്റവുമധികം ആക്രമണം നേരിട്ടത്.
ലക്ഷ്യം ഡിജിറ്റൽ ലോക്കറിലെ വിലയേറിയ വസ്തുക്കൾ
ഡിജിറ്റൽ ലോക്കറിനുള്ളിൽ സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കൾ മോഷ്ടിക്കുന്നതിന് ലോക്കർ തുറക്കുന്നതിനായാണ് യുവതിയെ ഇരുവർ സംഘം ആക്രമിച്ചതെന്നാണ് ഫോറൻസിക് സംഘം വിലയിരുത്തുന്നത്. എന്നാൽ മർദ്ദനത്തിനിടയിൽ യുവതി മരിച്ചതോടെ പ്രതികൾ രക്ഷപ്പെടുകയായിരുന്നു. ഫ്ലാറ്റിൽ നിന്ന് സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷൻ വരെ പ്രതികൾ എത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലപാതകത്തിന് പിന്നാലെ ഇവർ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെടുന്ന ദൃശ്യങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.
റോഷനെ വിളിച്ചിട്ട് കിട്ടുന്നില്ലെന്നും ഹർഷിനെ കാണാൻ വന്നിരുന്നോയെന്നും തിരക്കാൻ രേണുവിന്റെ ഭർത്താവിനെ അയൽവാസി വിളിച്ചിരുന്നു. ഈ സമയത്ത് രേണുവിനെ ഫോണിൽ വിളിച്ച് കിട്ടാതെ വന്നതോടെ ഭർത്താവ് വീട്ടിലെത്തിയപ്പോൾ ഫ്ലാറ്റ് പൂട്ടിയ നിലയിലായിരുന്നു. പ്ലമ്പറിന്റെ സഹായത്തോടെ വാതിൽ തുറന്ന് അകത്ത് കയറിയപ്പോഴാണ് 50കാരി കൊല്ലപ്പെട്ട വിവരം പുറം ലോകമറിയുന്നത്.


