ബിഹാർ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പാണെങ്കിലും പടക്കം പൊട്ടിക്കുന്നത് പോലുള്ള വലിയ ആഘോഷങ്ങൾ ഒഴിവാക്കണമെന്ന് ബിജെപി നേതാക്കൾക്ക് നിർദ്ദേശം നൽകി. ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.
പാറ്റ്ന: ബിഹാറിലെ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പായാലും പടക്കം പൊട്ടിക്കരുത് എന്നും ആഘോഷങ്ങൾ ലളിതമായി നടത്തണമെന്നും ബിജെപി എല്ലാ നേതാക്കൾക്കും നിർദ്ദേശം നൽകി. അടുത്തിടെ ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഈ നിർദ്ദേശം. അതേസമയം, ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയം പ്രതീക്ഷിച്ച്, വോട്ടെണ്ണലിന് മുന്നോടിയായി തന്നെ 501 കിലോ ലഡ്ഡു ബിജെപി ഓർഡർ ചെയ്തിരുന്നു.
1951 ന് ശേഷമുള്ള ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമായ 66.91 ശതമാനമാണ് സംസ്ഥാനം രേഖപ്പെടുത്തിയത്. എൻഡിഎ സർക്കാരിന് വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്ന് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നു. തുടർന്നാണ് പാർട്ടി കേന്ദ്രങ്ങളിൽ ആഘോഷത്തിന് തയാറെടുക്കുന്നത്. ജനങ്ങൾ എൻഡിഎയുടെ വികസന പ്രവർത്തനങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തതിനാൽ വോട്ടെണ്ണൽ ദിവസം എൻഡിഎ ഹോളി, ദസറ, ദീപാവലി, ഈദ് എന്നിവ പോലെ ആഘോഷിക്കുമെന്ന് ബിജെപി പ്രവർത്തകർ പറഞ്ഞിരുന്നു.
പാറ്റ്നയിലെ ഓഫിസിൽ ജനങ്ങൾക്കിടയിൽ പ്രസാദമായി വിതരണം ചെയ്യാൻ 501 കിലോ ലഡ്ഡു ഓർഡർ ചെയ്തിട്ടുണ്ടെന്നും പാർട്ടി നേതാക്കൾ പറയുന്നു. ഈ സാഹചര്യത്തിൽ കൂടിയാണ് വലിയ തോതിലുള്ള ആഘോഷങ്ങൾ വേണ്ടെന്ന് വ്യക്തമായ നിര്‍ദേശം ഇപ്പോൾ വന്നിട്ടുള്ളത്. അതേസമയം, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളിക്കളഞ്ഞ ആർജെഡി നേതാവ് തേജസ്വി യാദവ്, ബിജെപിയുടെ ഉന്നത നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമാണ് അത്തരം പ്രവചനങ്ങൾ നടത്തിയതെന്ന് ആരോപിച്ചു.


