ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ മഹാസഖ്യം സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിച്ചേക്കും

പറ്റ്ന : പ്രതിസന്ധിയൊഴിയാതെ ബിഹാർ നിയമസഭ തെരഞ്ഞെടുപ്പ് മഹാസഖ്യം മുന്നണിയിലെ സീറ്റ് വിഭജനം. ആദ്യഘട്ടം തെരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിൽ മഹാസഖ്യം സ്ഥാനാർത്ഥികൾ നേർക്കുനേർ മത്സരിച്ചേക്കും. ഒരേ മണ്ഡലങ്ങളിൽ മഹാസഖ്യത്തിലെ ആർജെഡിയും, കോൺഗ്രസും, സിപിഐയും നാമനിർദ്ദേശപത്രിക സമർപ്പിച്ചു. അനുരഞ്ജനത്തിന് തയ്യാറാകാതെ പാർട്ടികൾ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തിൽ സ്ഥാനാർത്ഥികളെ പിൻവലിക്കുന്നതിലും തർക്കം തുടരുകയാണ്.

മുഖ്യമന്ത്രി സ്ഥാനാർത്ഥിയിൽ നേരത്തെ ധാരണയായെന്നായിരുന്നു റിപ്പോർട്ടുകൾ. എന്നാൽ ആരാകണമെന്നതിലും അഭിപ്രായ വ്യത്യാസങ്ങളുണ്ടെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വിവരം. ആർജെഡി നേതാവ് തേജസ്വിയാദവിനെ മുന്നണിയുടെ മുഖ്യമന്ത്രി മുഖമാക്കണമെന്നാണ് ശിവസേന നിലപാട്. എന്നാൽ ഇത് കോൺഗ്രസ് അംഗീകരിക്കുന്നില്ല. തേജസ്വിയെ പിന്തുണച്ച കോൺഗ്രസ് എംപി താരിഖ് അൻവറിന്റെ പ്രസ്താവനയിലും കോൺഗ്രസിൽ അതൃപ്തിയുണ്ട്.

ലാലു പ്രസാദ് യാദവിന്റെ ആർജെഡി 135 സീറ്റുകളിലും കോൺ​ഗ്രസ് 61 സീറ്റിലും മത്സരിക്കാൻ നേരത്തെ ധാരണയായിരുന്നു. 144 സീറ്റുകൾക്ക് വേണ്ടി വാദിച്ച ആർജെഡിയും 70 സീറ്റുകൾക്ക് വേണ്ടി വാദിച്ച കോൺഗ്രസും ഒടുവിൽ നിലപാട് മയപ്പെടുത്തുകയായിരുന്നു. ആകെ 243 സീറ്റുകളിൽ ബാക്കി ഇടതുമുന്നണിക്കും മുകേഷ് സഹാനിയുടെ വികാസ്ശീല്‍ ഇൻസാൻ പാർട്ടിക്കും നൽകാനാണ് ധാരണയായിരുന്നത്.