ഇന്ത്യാ ബ്ലോക്കിലേക്ക് പുതിയ പാർട്ടി, ബിഹാർ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസ് രണ്ട് സീറ്റ് വിട്ട് നൽകും. വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ജാതി വിഭാ​ഗമാണ് താന്തി-തത്വ, പാൻ സമുദായം.  ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇവരുടെ എണ്ണം കൂടുതലുള്ളത്.

ദില്ലി: വരാനിരിക്കുന്ന ബീഹാർ തെരഞ്ഞെടുപ്പിൽ എൻഡിഎയ്‌ക്കെതിരെ വിവിധ ഗ്രൂപ്പുകളെ അണിനിരത്താനുള്ള ശ്രമങ്ങളുടെ ഭാഗമായി, ആറ് മാസം മുമ്പ് രൂപീകരിച്ച രാഷ്ട്രീയ പാർട്ടിക്ക് രണ്ട് സീറ്റുകൾ നൽകാൻ ഇന്ത്യ ബ്ലോക്ക് തയാറാകുമെന്ന് റിപ്പോർട്ട്. ഐ പി ഗുപ്ത നയിക്കുന്ന ഇന്ത്യൻ ഇൻക്ലൂസീവ് പാർട്ടിക്ക് (ഐഐപി) കോൺഗ്രസ് ക്വാട്ടയിൽ നിന്ന് രണ്ട് സീറ്റുകൾ ലഭിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഏപ്രിലിൽ പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനിയിൽ താന്തി-തത്വ, പാൻ സമുദായങ്ങളുടെ ശക്തിപ്രകടനം നടത്തി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച മുൻ എഞ്ചിനീയറാണ് ഗുത്പ. 

വടക്കേ ഇന്ത്യയിലുടനീളം വ്യാപിച്ചുകിടക്കുന്ന ജാതി വിഭാ​ഗമാണ് താന്തി-തത്വ, പാൻ സമുദായം. കിഴക്കൻ ബീഹാർ, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ ഇവരുടെ എണ്ണം താരതമ്യേന കൂടുതലുള്ളത്. പരമ്പരാഗതമായി നെയ്ത്തും തുണി വ്യാപാരത്തിലും ഏർപ്പെട്ടിരിക്കുന്ന വിഭാ​ഗമാണിവർ. ബിഹാർ സർക്കാർ 2015-ൽ ഇവരെ പിന്നാക്ക ജാതി (ഇബിസി)യിൽ നിന്ന് ഷെഡ്യൂൾ ജാതി പട്ടികയിലേക്ക് മാറ്റിയ ഉത്തരവ് സുപ്രീം കോടതി അസാധുവാക്കിയിരുന്നു. തുടർന്നാണ് പട്നയിൽ ഐഐപിയുടെ ഏപ്രിൽ റാലി ആരംഭിച്ചത്. 1992-ൽ ബീഹാറിൽ മണ്ഡൽ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കിയ സമയത്ത്, ഈ സമുദായങ്ങളെ അങ്ങേയറ്റം പിന്നാക്ക ജാതി പട്ടികയിലാണ് ഉൾപ്പെടുത്തിയിരുന്നത്. പാൻ-തന്തികളുടെ പട്ടികജാതി പദവി റദ്ദാക്കിയതിനെ ചോദ്യം ചെയ്ത് ബീഹാർ സർക്കാർ സുപ്രീം കോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിച്ചു. 

പൊതുഭരണ വകുപ്പും (ജിഎഡി) ഇപ്പോൾ ഈ സമുദായത്തെ പിന്നാക്ക വിഭാഗ പട്ടികയിൽ വീണ്ടും ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കി. അവരുടെ പട്ടികജാതി പദവി പുനഃസ്ഥാപിക്കുന്നതിനായി സമ്മർദ്ദം ചെലുത്തുന്നതിനായി, ഏപ്രിലിൽ പട്‌നയിൽ നടന്ന റാലിയിൽ പാൻ-തന്തി മഹാസഭ ഇന്ത്യൻ ഇങ്കലാബ് പാർട്ടി രൂപീകരിക്കുന്നതായി പ്രഖ്യാപിച്ചു.