രാഹുൽ ഗാന്ധിയെ പരശുരാമനാക്കി ചിത്രീകരിച്ച് പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതിനെതിരെ ബിജെപി. കോൺഗ്രസ് പരശുരാമനെ അപമാനിച്ചുവെന്ന് വിമർശനം. യൂത്ത് കോൺഗ്രസ് നടത്തിയ പിറന്നാൾ ആഘോഷത്തിനെതിരെ ആണ് വിമർശനം.
വാരാണസി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചതിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് ബിജെപി. കോൺഗ്രസ് പ്രവർത്തകരുടെ നടപടി ഭഗവാൻ പരശുരാമനെ അപമാനിക്കുന്നതാണെന്നും അംഗീകരിക്കാനാവില്ലെന്നും ഉത്തർ പ്രദേശ് ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക് പറഞ്ഞു. കോൺഗ്രസ് നേതാക്കൾ പരശുരാമനെ അപമാനിച്ചുവെന്ന് ആരോപിച്ച് കോൺഗ്രസ് വക്താവ് പ്രദീപ് ഭണ്ഡാരിയും രംഗത്തെത്തി.
കോൺഗ്രസ് നേതാക്കൾക്ക് വിവേകം നഷ്ടപ്പെട്ടിരിക്കുന്നുവെന്ന് ബ്രജേഷ് പഥക് വിമർശിച്ചു. പരശുരാമൻ ഭഗവാൻ വിഷ്ണുവിന്റെ അവതാരമാണ്. രാഹുൽ ഗാന്ധിയെ പരശുരാമനുമായി താരതമ്യം ചെയ്യുന്നത് തികച്ചും അസാധ്യവും അമ്പരപ്പിക്കുന്നതുമാണ്. സനാതന ധർമ്മത്തെ എതിർക്കുന്നവർക്ക് സ്വയം പരശുരാമനുമായി താരതമ്യം ചെയ്യാൻ പോലും ചിന്തിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. 364 ദിവസവും സനാതന ധർമ്മത്തെ അപമാനിക്കുന്ന കോൺഗ്രസ് നേതാക്കൾ ഏതെങ്കിലും ഒരു ദിവസം മാത്രം ഭഗവാൻ പരശുരാമനെ ഓർക്കുന്നതായി അഭിനയിക്കുകയാണ്. ജനം ഇത് മറക്കില്ലെന്നും പ്രദീപ് ഭണ്ഡാരി വിമർശിച്ചു.
രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തോടനുബന്ധിച്ചാണ്, വാരാണസിയിൽ ഗംഗാ തീരത്ത് രാഹുൽ ഗാന്ധിയെ പരശുരാമനായി ചിത്രീകരിച്ചു പൂജ നടത്തിയത്. ഒരു കൈയിൽ മഴുവും മറുകൈയിൽ ഭരണഘടനയും പിടിച്ചുനിൽക്കുന്ന പരശുരാമൻ്റെ രൂപത്തിലുള്ള രാഹുൽ ഗാന്ധിയുടെ ചിത്രത്തിലായിരുന്നു പൂജ നടത്തിയത്. ചിത്രത്തിന് പുറത്ത് പാലഭിഷേകം നടത്തിയ പ്രവർത്തകർ പൂഷ്പാർച്ചന നടത്തുകയും ലഡ്ഡു നിവേദിക്കുകയും ചെയ്തു. യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റിൻ്റെ നേതൃത്വത്തിലായിരുന്നു പൂജ.
അതേസമയം വിമർശനങ്ങൾ തള്ളി കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. തങ്ങളുടെ നേതാവിനോടുള്ള പ്രവർത്തകരുടെ വികാരമാണതെന്ന് യൂത്ത് കോൺഗ്രസ് വാരാണസി യൂണിറ്റ് പ്രസിഡൻ്റ് വികാസ് സിങ് പ്രതികരിച്ചു. ഭഗവാൻ പരശുരാമൻ ഭൂമിയെ തിന്മകളിൽനിന്ന് മുക്തമാക്കിയതുപോലെ, രാഹുൽ ഗാന്ധിയും തിന്മയുടെ ശക്തികൾക്കെതിരെ പോരാടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

