ഈ വര്‍ഷം ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായി ബിജെപിക്ക് ജയം കൊണ്ടുവരുന്നുവെന്ന ക്രഡിറ്റും മൈഥിലിക്ക് സ്വന്തം.
പാട്‌ന: ഇന്ത്യ സഖ്യത്തിന്‍റെ പ്രതിക്ഷകളെ തകർത്തടിച്ച് ബിഹാറിൽ എൻഡിഎ ഏകപക്ഷീയമായ വിജയത്തിലേക്ക് കടക്കുകയാണ്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറിലെ എൻഡിഎ സ്ഥാനാർത്ഥി മൈഥിലി താക്കൂർ വിജയമുറപ്പിച്ചത് ആഘോഷമാക്കുകയാണ് ബിജെപി. രാഷ്ട്രീയ ജനതാ ദള്‍ (ആര്‍ജെഡി) സ്ഥാനാര്‍ത്ഥി ബിനോദ് മിശ്രയെക്കാള്‍ 9450 വോട്ടുകള്‍ക്ക് മൈഥിലി മുന്നിലാണ്. ബിഹാറിന്റെ ഏറ്റവും പ്രായം കുറഞ്ഞ എംഎല്‍എയായി ചരിത്രത്തിൽ ഇടംപിടിച്ചിരിക്കുകയാണ് ഗായിക കൂടിയായ മൈഥിലി. ഈ വര്‍ഷം ജൂലൈ 25നാണ് മൈഥിലിക്ക് 25 വയസ് തികഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമുള്ള അലിനഗറില്‍ ആദ്യമായി ബിജെപിക്ക് ജയം കൊണ്ടുവരുന്നുവെന്ന ക്രഡിറ്റും മൈഥിലിക്ക് സ്വന്തം.
2005ല്‍ സ്വതന്ത്ര എംഎല്‍എയായിരുന്ന 26കാരനായിരുന്ന തൗസീം ആലമും, 2015ല്‍ രാഘോപൂരില്‍ നിന്നും മത്സരിക്കുന്ന സമയത്ത് 26കാരനായ തേജസ്വി യാദവുമായിരുന്നു ബിഹാറിലെ പ്രായം കുറഞ്ഞ എംഎല്‍എ. ഈ ചരിത്രമാണ് മൈഥിലി തിരുത്തുന്നത്. 2008 മുതല്‍ മഹാഗഡ്ബന്ധന്റെ ശക്തികേന്ദ്രമായിരുന്നു അലിനഗര്‍. ഈ കേന്ദ്രമാണ് 25 കാരി മൈഥിലി തകര്‍ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചരണ ഘട്ടത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്ത സ്ഥാനാര്‍ത്ഥിയാണ് മൈഥിലി.
താന്‍ വിജയിക്കുകയാണെങ്കില്‍ അലിനഗര്‍ എന്ന പേര് സീതാനഗറാക്കുമെന്ന പരാമര്‍ശം വിവാദമായിരുന്നു. വിജയത്തിനരികെ നില്‍ക്കുമ്പോഴും തന്റെ 'വാഗ്ദാനം' നടപ്പാക്കുമെന്നാണ് മൈഥിലി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. പെൺകുട്ടികളുടെ വിദ്യഭ്യാസത്തിന് മുൻ തൂക്കം നൽകുമെന്നും തൊഴിൽ രഹിതരായ യുവാക്കൾക്ക് ജോലി ഉറപ്പാക്കും, അലിഗനറിന് ആവശ്യമായ വികസന പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും മൈഥിലി പറയുന്നു. ഇന്ത്യയിൽ ഏറെ ആരാധകരുള്ള സോണി ടിവിയുടെ ഇന്ത്യന്‍ ഐഡോള്‍ മ്യൂസിക് റിയാലിറ്റി ഷോയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട താരമായിരുന്നു മൈഥിലി. രാഷ്ട്രീയത്തിനപ്പുറം ക്ലാസിക്കല്‍ നൃത്തവും ഭക്തി ഗീതവും പഠിച്ചതും മൈഥിലിക്ക് ആരാധകരെ സൃഷ്ടിച്ചിട്ടുണ്ട്. രാഷ്ട്രീയത്തോടൊപ്പം തന്‍റെ കലയേയും മുന്നോട്ടുകൊണ്ടുപോകുമെന്ന് മൈഥിലി പറയുന്നു.


