കുടകിലെ വനത്തിൽ കാണാതായ ശേഷം കണ്ടെത്തിയ നാദാപുരം സ്വദേശി ശരണ്യക്കെതിരെ കർണാടക പൊലീസിന് കുടകിലെ ബിജെപി നേതാക്കൾ പരാതി നൽകി. പ്രശസ്തി നേടാനായി ശരണ്യ നാടകം കളിച്ചതാണെന്ന് ആരോപിച്ചാണ് കുടകിലെ ബിജെപി പ്രാദേശിക നേതാക്കൾ പരാതി നൽകിയിരിക്കുന്നത്.

തിരുവനന്തപുരം: കുടകിൽ വനത്തിനുള്ളിൽ അകപ്പെട്ട മലയാളി യുവതിക്കെതിരെ പൊലീസ് അന്വേഷണം. നാദാപുരം സ്വദേശി ജിഎസ് ശരണ്യക്കെതിരെ നപോക്‌ലു പൊലീസ് സ്റ്റേഷനിൽ കുടകിലെ ബിജെപി പ്രവർത്തകരാണ് പരാതി നൽകിയത്. പ്രശസ്തി നേടാനായി നടത്തിയ നാടകമാണ് ശരണ്യയെ കാണാതായ സംഭവമെന്ന് സംശയിക്കുന്നതായാണ് ബിജെപി പ്രാദേശിക നേതാക്കളുടെ പരാതിയെന്ന് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്യുന്നു. ശരണ്യയെ കണ്ടെത്തിയതിന് ശേഷം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉയർന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് കുടകിലെ ബിജെപി നേതാക്കൾ യുവതിക്കെതിരെ കേസെടുക്കാൻ ആവശ്യപ്പെട്ട് പരാതി നൽകിയത്.

കർണാടകയിലെ കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ എറ്റവും ഉയരം കൂടിയ മലയാണ് തടിയൻ്റമോൾ. 1748 മീറ്റർ ഉയരമുള്ള കൊടുമുടിയാണിത്. ഏപ്രിൽ രണ്ടിന് രാവിലെ ഏഴ് മണിക്കാണ് കൊച്ചിയിലെ ഐടി കമ്പനിയിൽ ജീവനക്കാരിയായ നാദാപുരം ഇയ്യങ്കോട് സ്വദേശി ശരണ്യ ട്രെക്കിങിനായി ഇവിടെയുള്ള വനം വകുപ്പിൻ്റെ ചെക്ക് പോസ്റ്റിലെത്തിയത്. 8:15ന് ഒറ്റയ്ക്ക് എത്തിയ ശരണ്യയെ ട്രക്കിങിന് എത്തിയ മറ്റ് 9 പേർക്കൊപ്പം മുകളിലേക്ക് കയറ്റിവിട്ടു. രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെയാണ് ഇവിടെ ട്രെക്കിങ്ങിന് അനുവാദമുള്ളത്. മുകളിൽ കയറി തിരിച്ചിറങ്ങാൻ അഞ്ച് മണിക്കൂറെടുക്കും. ഒറ്റയ്ക്ക് ആരെയും മുകളിലേക്ക് വിടാറില്ല. കൂടെ പോയവർ മൂന്ന് പേരുടെ സംഘങ്ങളായി മടങ്ങിയെത്തിയിട്ടും ശരണ്യ തിരിച്ചെത്താതിരുന്നതാണ് ആശങ്കയ്ക്ക് കാരണമായത്. കൂടെ പോയവരോട് ചോദിച്ചപ്പോൾ മുകളിൽ നായയോടൊപ്പം കളിച്ചു നിൽക്കുന്നു എന്നായിരുന്നു മറുപടി. പിന്നീട് മൂന്ന് പകലും രണ്ട് രാത്രിയും നീണ്ട തിരച്ചിലിന് ശേഷമാണ് ശരണ്യയെ കണ്ടെത്തിയത്.