Asianet News MalayalamAsianet News Malayalam

ദക്ഷിണേന്ത്യയില്‍ എങ്ങനെ കരുത്തരാകാം; തന്ത്രങ്ങള്‍ മെനയുന്ന ബിജെപി

ആദ്യ ലക്ഷ്യം തെലങ്കാനയാണെങ്കിലും പൊതുവില്‍ ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ വിപുലീകരണമാണ് ബിജെപി ഉന്നം. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടണമെന്നതാണ് മോദിയുടെയും  പാർട്ടിയുടെയും ലക്ഷ്യം. 

bjp make tactics for south india in Hyderabad national executive meeting
Author
Hyderabad, First Published Jul 3, 2022, 8:21 AM IST

ഹൈദരാബാദ്: ബിജെപി ദേശീയ നിർവാഹക സമിതി യോഗം ഹൈദരബാദില്‍ നടക്കുന്പോള്‍  ഏറ്റവും ശ്രദ്ധയാകുന്നത് തെലങ്കാന രാഷ്ട്രീയമാണ്. സംസ്ഥാനത്ത് ബിജെപിയും ചന്ദ്രശേഖര റാവുവിന്‍റെ തെലങ്കാന രാഷ്ട്ര സമിതിയും തമ്മില്‍ നടക്കുന്ന രാഷ്ട്രീയ പോരാട്ടമാണ് അതിന് പ്രധാന കാരണം. വരുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് അധികാരം നേടുകയെന്നതില്‍ കുറഞ്ഞൊന്നും ബിജെപി ലക്ഷ്യമിടുന്നില്ല. പശ്ചിമബംഗാളില്‍ മമതയോട് ഏറ്റമുട്ടിയ അത്ര തീവ്രമായി തന്നെ തെലങ്കാനയിലും രാഷ്ട്രീയപോരാട്ടം നടത്താനാണ് ബിജെപിയുടെ പദ്ധതി. 

ടിആർഎസുമായി ഒരു തരത്തിലും സഖ്യം ഉണ്ടാക്കില്ല എന്ന് കോണ്‍ഗ്രസ് ആവർത്തിച്ചു പറയുന്നതിനാല്‍ സംസ്ഥാനത്ത് വലിയ  ത്രികോണ മത്സരം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് ഹൈദരാബദില്‍ തന്നെ ദേശീയ നിർവാഹക സമിതി യോഗം വെച്ച് ബിജെപി ശക്തിപ്രകടനം നടത്തുന്നത്. കൊവിഡ് അടക്കമുള്ള പ്രതിസന്ധിക്ക് ശേഷം നടക്കുന്ന വലിയ യോഗം എന്നതിനാല്‍ പാർട്ടി  അധ്യക്ഷൻ ജെപി നദ്ദയ്ക്കും നിർവാഹക സമിതി യോഗ വിജയം പ്രധാനപ്പെട്ടതാണ്. പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്യുന്ന പൊതു സമ്മേളനം ശക്തി തെളിയിക്കുന്നതാകുമെന്നാണ് പാർട്ടി നേതൃത്വം പറയുന്നത്.

സിപിഎമ്മും ബിജെപിയും തമ്മിൽ രഹസ്യധാരണ; അതു കൊണ്ടാണ് കേന്ദ്ര ഏജൻസികൾ പിണറായിയെ ചോദ്യം ചെയ്യാത്തതെന്നും രാഹുല്‍

ആദ്യ ലക്ഷ്യം തെലങ്കാനയാണെങ്കിലും പൊതുവില്‍ ദക്ഷിണേന്ത്യയിലെ പാർട്ടിയുടെ വിപുലീകരണമാണ് ബിജെപി ഉന്നം. വരുന്ന ലോകസഭ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ നിന്ന് കൂടുതല്‍ സീറ്റുകള്‍ നേടണമെന്നതാണ് മോദിയുടെയും  പാർട്ടിയുടെയും ലക്ഷ്യം. അതിനാല്‍ എങ്ങനെ ദക്ഷിണേന്ത്യയില്‍ കൂടുതല്‍ കരുത്താർജ്ജിക്കാം എന്ന ചർച്ചകള്‍ ഈ നിർ‍വാഹക സമിതിയില്‍ ഉണ്ടാകും. ഉത്തരേന്ത്യയില്‍ കരുത്തരാണെങ്കിലും നിലവില്‍ കർണാടക,ഗോവ ഒഴികെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ കാര്യമായ ശക്തി തെളിയിക്കാൻ ബിജെപിക്ക് കഴിഞ്ഞിട്ടില്ല. 

സംഘടന സംവിധാനം വലിയ തോതില്‍ ഉള്ള കേരളത്തില്‍ പോലും തെരഞ്ഞെടുപ്പുകളില്‍ നിര്‍ണായകമായ ശക്തിയാകാൻ പാർട്ടിക്ക് കഴിഞ്ഞിട്ടില്ല എന്ന വിമർശനം ബിജെപിക്ക് ഉള്ളില്‍ തന്നെയുണ്ട്. തമിഴ്നാട്ടിലും സാഹചര്യം വ്യത്യസ്തമല്ല. കർണാടകിയില്‍ തന്നെ മുഖ്യമന്ത്രിയെ മാറ്റിയുള്ല പരീക്ഷണം എത്രത്തോളം ഗുണം ചെയ്തുവെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ വലിയ കുതിപ്പ് ഉണ്ടാകുന്ന രീതിയിലുള്ള നിർണായകമായ നീക്കങ്ങള്‍ ദക്ഷിണേന്ത്യയിലും ഉണ്ടാകണമെന്നാണ് ബിജെപി കരുതുന്നത്.

കടന്നു കയറാനാകാത്ത മേഖലകളില്‍ ഒപ്പം നില്‍ക്കുന്ന സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുസമ്മതരെ കണ്ടെത്തി പ്രവർത്തനം നടത്തുന്നത് പോലുള്ള തന്ത്രം ബംഗാളിൽ പാര്ട്ടി  പരീക്ഷിച്ചിരുന്നു. വലിയൊരു പരിധി വരെ പ്രധാന പ്രതിപക്ഷമായി മാറാന്‍ ബിജെപിയെ ബംഗാളില്‍ സഹായിച്ചതും ഇതൊക്കെ തന്നയൊണ്. ബംഗാളിലെ രാഷ്ട്രീയ തന്ത്രങ്ങളുടെ തുടര്‍ച്ചയാകുമോ അതോ പുതിയ പരീക്ഷണങ്ങളാകുമോ ദക്ഷിണേന്ത്യയില്‍ ബിജെപി പയറ്റുന്നത് എന്നത് കണ്ട് തന്നെ അറിയേണ്ട കാര്യമാണ്. 

ഗുജറാത്ത് ഹിമാചല്‍ സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഒടുവിലുണ്ടായ മഹാരാഷ്ട്രയിലെ അട്ടിമറി നീക്കം വിജയം കണ്ടത് പാർട്ടിക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നുണ്ട്. ഈ രണ്ട് സംസ്ഥാനത്തും നേരത്തെ തന്ന തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഒപ്പം ജമ്മു കശ്മീരിലും തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടത്താന്‍ പാർട്ടി പ്രവർത്തകർക്കും നി‍ർദേശം നല്‍കിയിട്ടുണ്ട്. ഈ മൂന്ന് സംസ്ഥാനങ്ങളിലും ജയം നേടാനായാല്‍ അത് 2024 ലും തുടർഭരണം എളുപ്പമാക്കുമെന്നാണ് ബിജെപി കണക്ക് കൂട്ടുന്നത്.

വലിയ ലക്ഷ്യങ്ങളിൽ ഒന്ന് കേരളം; ബിജെപിയുടെ സുപ്രധാന യോ​ഗത്തിന് ഇന്ന് തുടക്കം, കർമ്മപദ്ധതികൾ ആവിഷ്കരിക്കും
 

Latest Videos
Follow Us:
Download App:
  • android
  • ios