സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാമക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലിയുമാണ് ഇപ്പോൾ പോര് രൂക്ഷമാകുന്നത്

ബെംഗളൂരു: കർണാടക പോളിംഗ് ബൂത്തിലെത്താൻ ഏറെക്കുറെ നൂറ് ദിവസം മാത്രമാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപനം അധികം വൈകാതെ ഉണ്ടായേക്കുമെന്ന വിലയിരുത്തലുകൾക്കിടെ സംസ്ഥാനത്തെ രാഷ്ട്രീയ പോരാട്ടവും വെല്ലുവിളിയും ശക്തമാകുകയാണ്. സംസ്ഥാനം ഭരിക്കുന്ന ബി ജെ പിയും പ്രതിപക്ഷ പാർട്ടികളും തമ്മിൽ രാമക്ഷേത്രത്തെച്ചൊല്ലിയും ലൗ ജിഹാദിനെച്ചൊല്ലിയുമാണ് ഇപ്പോൾ പോര് രൂക്ഷമാകുന്നത്. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റായ രാമനഗരയിൽ അയോധ്യ മോഡലിൽ രാമക്ഷേത്രം പണിയുമെന്ന് കർണാടക മന്ത്രി അശ്വഥ് നാരായണൻ പ്രഖ്യാപിച്ചതാണ് ഏറ്റവും ഒടുവിലെ അധ്യായം. ഇതിനിടെ മംഗളുരുവിൽ തീവ്രഹിന്ദു സംഘടനകൾ ലൗ ജിഹാദിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാനെന്ന പേരിൽ ഹെൽപ് ലൈൻ' തുടങ്ങിയതും പോര് രൂക്ഷമാക്കിയിട്ടുണ്ട്.

ബി ജെ പി ദേശീയാധ്യക്ഷൻ ജെ പി നദ്ദയുടെ പര്യടനം കർണാടകയിൽ തുടരുന്നതിനിടെയാണ് സംസ്ഥാനത്തെ നേതാക്കളുടെ വെല്ലുവിളി. ഓൾഡ് മൈസുരു മേഖലയിൽ വോട്ട് പിടിക്കാൻ വൊക്കലിഗ, ലിംഗായത്ത് മഠാധിപതികളെ ഊഴമിട്ട് കാണുകയാണ് നദ്ദ. നേരത്തെ അമിത് ഷാ പര്യടനം പൂർത്തിയാക്കി മടങ്ങിയിരുന്നു. ജെ ഡി എസിന് വീഴുന്ന ഓരോ വോട്ടും കോൺഗ്രസിനുള്ളതാണെന്നാണ് വോട്ടർമാരോട് ഷാ പറഞ്ഞത്. ഇതിനെല്ലാമിടയിലാണ് രാമനെച്ചൊല്ലി കർണാടകത്തിൽ നേതാക്കൾ തമ്മിൽ വാക്പോര് ശക്തമാകുന്നത്. ജെ ഡി എസിന്‍റെ സിറ്റിംഗ് സീറ്റും യുവനേതാവ് നിഖിൽ കുമാരസ്വാമി ജനവിധി തേടുന്ന സീറ്റുമായ രാമനഗരയിലെ രാമദേവര ഹിൽസിൽ രാമക്ഷേത്രം പണിയുമെന്നാണ് വിദ്യാഭ്യാസമന്ത്രി അശ്വത്ഥ് നാരായണന്‍റെ പ്രഖ്യാപനം.

ദക്ഷിണേന്ത്യയുടെ അയോധ്യയാക്കി രാമദേവരബെട്ടയെ മാറ്റും. നമ്മുടെ കന്നഡ സംസ്കാരം പ്രതിഫലിപ്പിക്കുന്നതിനൊപ്പം ഇവിടെ ടൂറിസവും വളരുമെന്നും അശ്വത്ഥ് നാരായണൻ അഭിപ്രായപ്പെട്ടു. ഇതിന് പിന്നാലെ കോൺഗ്രസ് തിരിച്ചടിച്ച് രംഗത്തെത്തി. രാമക്ഷേത്രമോ സീതാക്ഷേത്രമോ അശ്വഥ് നാരായണന്‍റെ പേരിലുള്ള ക്ഷേത്രമോ പണിതോട്ടെ, അതിനെന്ത് എന്നാണ് കോൺഗ്രസിന്‍റെ ചോദ്യം. 'രാമക്ഷേത്രം പണിയട്ടെ, സീതാക്ഷേത്രം പണിയട്ടെ, ആഞ്ജനേയക്ഷേത്രം പണിയട്ടെ, അശ്വത്ഥ് ക്ഷേത്രവും പണിയട്ടെ' ഞങ്ങൾക്കൊന്നുമില്ലെന്നും ആദ്യം ഇവിടെ വികസനം കൊണ്ടുവരൂ എന്നുമാണ് പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞത്.

റെയില്‍വേ സ്റ്റേഷനില്‍ വീപ്പയിൽ നിന്ന് ദുർഗന്ധം, തുറന്നപ്പോൾ 30 വയസ് തോന്നിക്കുന്ന യുവതിയുടെ മൃതദേഹം; അന്വേഷണം

ഇതിനിടെയാണ് മംഗളുരുവിൽ തീവ്രഹിന്ദു സംഘടനകൾ ലൗ ജിഹാദിൽ നിന്ന് ഹിന്ദു പെൺകുട്ടികളെ രക്ഷിക്കാനെന്ന പേരിൽ ഹെൽപ് ലൈൻ' തുടങ്ങിയിരിക്കുന്നത്. വികസനമല്ല, ലൗ ജിഹാദ് ഉയർത്തിക്കാട്ടി വോട്ട് പിടിക്കൂവെന്ന് എംപി നളിൻ കുമാർ കട്ടീൽ പറഞ്ഞത് വിവാദമായതിന് പിന്നാലെയാണ് സംഘപരിവാർ സംഘടനകളുടെ പുതിയ നീക്കം. തെര‌ഞ്ഞെടുപ്പ് അടുക്കുന്നതോടെ കർണാടകയിൽ ഭിന്നതയുടെ രാഷ്ട്രീയം ചൂട് പിടിക്കുകയാണ്.