നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും അണ്ണാമലൈ പ്രഖ്യാപിച്ചു
ചെന്നൈ: തമിഴ്നാട്ടിലെ ഡി എം കെ ഭരണം അവസാനിപ്പിക്കും വരെ ചെരുപ്പിടില്ലെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ ശപഥം. ഡിഎംകെയെ ഭരണത്തിൽ നിന്ന് താഴെ ഇറക്കിയ ശേഷം മാത്രമേ താനിനി ചെരുപ്പിടുകയുള്ളൂവെന്ന് വാർത്താ സമ്മേളനത്തിലാണ് ബി ജെ പി തമിഴ്നാട് അധ്യക്ഷൻ പ്രഖ്യാപിച്ചത്. വാർത്താ സമ്മേളനത്തിനിടയിൽ തന്നെ അണ്ണാമലൈ, ചെരുപ്പ് ഊരിമാറ്റുകയും ചെയ്തു. നാളെ മുതൽ നാൽപ്പത്തിയെട്ട് മണിക്കൂർ വൃതമെടുക്കുമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി. അണ്ണാ യൂണിവേഴ്സിറ്റിയിൽ വിദ്യാർഥിനി ബലാത്സംഗത്തിനിരയായതടക്കമുള്ള വിഷയങ്ങൾ ചൂണ്ടികാട്ടിയ അണ്ണാമലൈ, ഡി എം കെ സർക്കാരിനെതിരെ കടുത്ത വിമർശനവും ഉന്നയിച്ചു.
അണ്ണാ സർവകലാശാല ക്യാമ്പസിലെ ലൈംഗിക പീഡനം: ബിരിയാണി കച്ചവടക്കാരനായ പ്രതി പൊലീസ് പിടിയിൽ
അതേസമയം അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർഥിനിയെ ബലാത്സംഗത്തിനിരയാക്കിയ സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിന് സമീപം തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് നടുക്കുന്ന സംഭവമുണ്ടായത്. മെക്കാനിക്കൽ എന്ജനിയറിങ്ങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശി സുഹൃത്തായ നാലാം വർഷവിദ്യാർത്ഥിക്കൊപ്പം നിൽകുമ്പോളാണ് അതിക്രമമുണ്ടായത്. പീഡനവിവരം കോളേജിൽ അറിയിച്ചതിനു പിന്നാലെ പെൺകുട്ടി കൊട്ടൂർപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പിന്നീട് പ്രതിയ പൊലീസ് പിടികൂടി. കോട്ടൂര്‍ സ്വദേശി ജ്ഞാനശേഖരന്‍ (37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി വില്‍ക്കുന്നയാളാണ് ജ്ഞാനശേഖരനെന്ന് പൊലീസ് വ്യക്തമാക്കി. പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു. സുഹൃത്തിനൊപ്പം ക്യാമ്പസിൽ നിൽകുമ്പോഴാണ് പെൺകുട്ടിക്ക് നേരേ അതിക്രമമുണ്ടായത്. കാമ്പസിലേക്ക് കടന്നുവന്ന പ്രതി, പ്രകോപനം ഒന്നും ഇല്ലാതെ ഇരുവരെയും ആദ്യം മർദ്ദിക്കുകയായിരുന്നു. ഭയന്ന യുവാവ് പെൺകുട്ടിയെ തനിച്ചാക്കി ഓടി രക്ഷപ്പെട്ടു. പിന്നാലെ അക്രമി പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
