വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവെച്ച ഒഴിവിൽ അണ്ണാമലൈയെ ആന്ധ്രയിൽ നിന്ന് രാജ്യസഭയിലെത്തിക്കാൻ ബിജെപി നീക്കം

ചെന്നൈ: സ്ഥാനമൊഴി‍ഞ്ഞ തമിഴ്‌നാട് മുൻ അധ്യക്ഷൻ കെ അണ്ണാമലൈയെ രാജ്യസഭയിലെത്തിക്കാൻ ബിജെപി നീക്കം. ആന്ധ്രയിൽ ഒഴിവുവന്ന സീറ്റിൽ അണ്ണാമലൈയെ മത്സരിപ്പിച്ച് രാജ്യസഭയിലേക്ക് എത്തിക്കാൻ ആലോചന നടക്കുന്നതായാണ് വിവരം. ടിഡിപി അധ്യക്ഷനും ആന്ധ്ര മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവുമായി ബിജെപി നേതാക്കൾ ഇക്കാര്യം സംസാരിച്ചതായാണ് സൂചന. വൈ.എസ്.ആർ കോൺഗ്രസ് എം.പി വിജയസായ് റെഡ്ഡി രാജിവെച്ച ഒഴിവിൽ അണ്ണാമലൈയെ പരിഗണിക്കണമെന്നാണ് ബിജെപി നേതൃത്വം അഭ്യർത്ഥിച്ചതെന്നാണ് വിവരം.

അണ്ണാമലൈയുടെ സംഘാടന പാടവം ദേശീയ തലത്തിൽ ബിജെപി ഉപയോഗിക്കുമെന്ന് അമിത് ഷാ നേരത്തെ പറഞ്ഞിരുന്നു. ബിജെപിയിൽ തന്നെ സംഘടനാ പദവിയോ കേന്ദ്ര മന്ത്രിസഭയിൽ ഇടമോ അണ്ണാമലൈക്ക് നൽകുമെന്നും യുവമോർച്ച ദേശീയ അധ്യക്ഷനാകുമെന്നും അഭ്യൂഹം നേരത്തെ ഉയർന്നിരുന്നു. യുവമോർച്ചാ അധ്യക്ഷ പദവി സംബന്ധിച്ച് ഉടൻ പ്രഖ്യാപനം പ്രതീക്ഷിക്കാമെന്ന് ചില ബിജെപി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചെങ്കിലും സ്ഥിരീകരണം ഒന്നും ഉണ്ടായിരുന്നില്ല. കർണാടകത്തിൽ നിന്നുള്ള ലോക്സഭാ എംപിയുമായ തേജസ്വി സൂര്യയാണ് നിലവിൽ യുവമോർച്ച ദേശീയാധ്യക്ഷൻ. 2020 സെപ്റ്റംബറിലാണ് സൂര്യ പദവിയിൽ എത്തിയത്.