ഇന്ത്യയ്ക്കെതിരെ ട്രംപ് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിയടക്കം നേതാക്കള്‍ തമ്മിൽ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്

ദില്ലി: ഇന്ത്യക്ക് അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള അമേരിക്കൻ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിന്‍റെ നടപടിക്കിടെ ബ്രസീൽ പ്രസിഡന്‍റ് ലുല ദ സിൽവയുമായി ടെലിഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോണള്‍ഡ് ട്രംപ് ബ്രിക്സ് രാജ്യങ്ങള്‍ക്കെതിരെ നടത്തുന്ന നീക്കം ചര്‍ച്ചയായെന്നാണ് വിവരം. അധിക തീരുവ ഏര്‍പ്പെടുത്തിയുള്ള നടപടിയടക്കം നേതാക്കള്‍ തമ്മിൽ ചര്‍ച്ച ചെയ്തതായാണ് റിപ്പോര്‍ട്ട്.

വ്യാപാര, സാങ്കേതിക വിദ്യ, ഊര്‍ജ, പ്രതിരോധ, കാര്‍ഷിക മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകളെക്കുറിച്ചടക്കം സംസാരിച്ചു. കഴി‍ഞ്ഞ മാസം ബ്രസീൽ സന്ദര്‍ശിച്ചപ്പോള്‍ ഇരുരാജ്യങ്ങളും തമ്മിൽ ധാരണയിലെത്തിയ വ്യാപാര ഇടപാടുകളടക്കമുള്ള കാര്യങ്ങളും ചര്‍ച്ചയായി. ഇന്ത്യയും ബ്രസീലും തമ്മിലുള്ള പങ്കാളിത്തം പുതിയ തലത്തിലേക്ക് കൊണ്ടുപോകുന്നകാര്യമടക്കം സംസാരിച്ചുവെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.