അസമിലെ ബോംഗൈഗാവ് ജില്ലയിൽ ബി.എസ്.എഫ് ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. അപകടത്തിൽ 32 ജവാന്മാർക്ക് പരിക്കേറ്റു. ഇവരെ ബോംഗൈഗാവ് സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് നാട്ടുകാരുടെ സഹായത്തോടെയാണ് അപകടസ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തിയത്
ഗുവാഹത്തി: അസമിലെ ബോംഗൈഗാവ് ജില്ലയിലുണ്ടായ വാഹനാപകടത്തിൽ അതിർത്തി രക്ഷാ സേനയിലെ 32 ജവാന്മാർക്ക് പരിക്കേറ്റു. ജവാന്മാർ സഞ്ചരിച്ചിരുന്ന ട്രക്ക് നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് മറിയുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം നാഷണൽ ഹൈവേ 31C-ൽ, ദാങ്‌തോൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബാൽഗിരി ഏരിയയിലാണ് അപകടമുണ്ടായത്.
ബി.എസ്.എഫ് ജവാന്മാരുമായി പോവുകയായിരുന്ന വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പോലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റ എല്ലാ ജവാന്മാരെയും ഉടൻ തന്നെ ബോംഗൈഗാവ് സിവിൽ ആശുപത്രിയിലേക്ക് മാറ്റി. ഇവർക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. ട്രക്ക് ഡ്രൈവർക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് പൊലീസും സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.


