ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്‍റെയും ആമിർ ഖാന്‍റെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് റോൾസ് റോയ്സ് കാറുകൾക്ക് കർണാടകയിൽ ലക്ഷക്കണക്കിന് രൂപ പിഴ ചുമത്തി. 

ബെംഗളൂരു: ഒരു പേരിൽ എന്തിരിക്കുന്നു എന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ ബെംഗളൂരുവിൽ പേരിന് വലിയ പ്രാധാന്യമുണ്ടായ ഒരു വിചിത്രമായ കേസാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ബോളിവുഡ് താരങ്ങളുടെ പേരിലുള്ള (രേഖകളിൽ മാത്രം) രണ്ട് ആഡംബര കാറുകൾക്ക് ലക്ഷക്കണക്കിന് രൂപയാണ് പിഴ ചുമത്തിയിട്ടുള്ളത്.

ബോളിവുഡ് സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചന്‍റെയും ആമിർ ഖാന്‍റെയും പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ട് റോൾസ് റോയ്സ് കാറുകൾക്കാണ് കർണാടക തലസ്ഥാനത്ത് റോഡ് നികുതി അടയ്ക്കാത്തതിന് യഥാക്രമം 18 ലക്ഷത്തിലധികം രൂപയും 19 ലക്ഷത്തിലധികം രൂപയും പിഴ ചുമത്തിയത്.

എന്നാൽ ഈ കാറുകൾക്ക് ഇപ്പോൾ ഈ താരങ്ങൾക്ക് ഉടമസ്ഥാവകാശമില്ല എന്നുള്ളതാണ് ശ്രദ്ധേയം. രണ്ട് കാറുകളും പ്രാദേശിക വ്യവസായിയും രാഷ്ട്രീയക്കാരനുമായ യൂസഫ് ഷെരീഫിന്‍റേതാണ്. ഇദ്ദേഹം ഈ ആഡംബര വാഹനങ്ങൾ സ്ഥിരമായി ഉപയോഗിച്ചുവരികയായിരുന്നു. വർഷങ്ങൾക്ക് മുമ്പ് ബോളിവുഡ് താരങ്ങളിൽ നിന്ന് കാറുകൾ വാങ്ങിയെങ്കിലും, അദ്ദേഹം സ്വന്തം പേരിലേക്ക് മാറ്റുകയുണ്ടായില്ല. കോലാർ ഗോൾഡ് ഫീൽഡ്സ് (കെജിഎഫ്) എന്ന ഖനന നഗരത്തിലെ വേരുകൾ കാരണം 'കെജിഎഫ് ബാബു' എന്നും ഷെരീഫ് അറിയപ്പെട്ടിരുന്നു. ബ്ലോക്ക്ബസ്റ്റർ കന്നഡ സിനിമയായ 'കെജിഎഫ്' പുറത്തിറങ്ങിയതിന് ശേഷമാണ് ഈ നഗരം ജനപ്രിയമായത്.

അമിതാഭ് ബച്ചനിൽ നിന്ന് വാങ്ങിയ റോൾസ് റോയ്സ് ഫാന്‍റവും, ആമിര്‍ ഖാന്‍റെ ഉടമസ്ഥതയിലായിരുന്ന റോൾസ് റോയ്സ് ഗോസ്റ്റും മഹാരാഷ്ട്രയിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കെജിഎഫ് ബാബു ഈ കാറുകൾ വാങ്ങിയ കൃത്യമായ തീയതി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. എന്നാൽ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിന്‍റെ കണക്കനുസരിച്ച്, റോൾസ് റോയ്സ് ഫാന്‍റം 2021 മുതൽ ബെംഗളൂരുവിലും മറ്റേ കാർ 2023 മുതലും നഗരത്തിലുണ്ടായിരുന്നു.

കർണാടകയിൽ പ്രാദേശിക റോഡ് നികുതി അടയ്ക്കാതെ ദീർഘകാലം ഉപയോഗിച്ചതിന് ഫാന്‍റത്തിന് 18.53 ലക്ഷം രൂപയും ഗോസ്റ്റിന് 19.73 ലക്ഷം രൂപയുമാണ് പിഴ ചുമത്തിയത്. റോൾസ് റോയ്സ് ഫാന്‍റത്തിന് 2021-ൽ നികുതി അടയ്ക്കാത്തതിന് ആദ്യമായി മുന്നറിയിപ്പ് നൽകിയിരുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ അന്ന് ഒരു വർഷം പൂർത്തിയാക്കാത്തതുകൊണ്ട് പിഴ കൂടാതെ വിട്ടയക്കുകയായിരുന്നു.

എന്നാൽ ഇപ്പോൾ, രണ്ട് കാറുകളും ഗതാഗത നിയമങ്ങൾ നിശ്ചയിച്ച ഒരു വർഷത്തെ പരിധിക്ക് അപ്പുറം നഗരത്തിൽ ഓടിച്ചതായി സ്ഥിരീകരിച്ചതിനെത്തുടർന്നാണ് ഈ വലിയ പിഴകൾ ചുമത്തിയത്. വാഹനങ്ങളുടെ ഉടമസ്ഥാവകാശം രേഖാമൂലം ഇതുവരെ മാറ്റിയിട്ടില്ലെന്ന് ആർടിഒ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. 2021-ലെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ ബെംഗളൂരു അർബൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഷെരീഫ്, നാല് വർഷം മുമ്പ് തനിക്കും കുടുംബത്തിനും 1,744 കോടി രൂപയിലധികം ആസ്തിയുള്ളതായി പ്രഖ്യാപിച്ചിരുന്നു. റിയൽ എസ്റ്റേറ്റിലേക്ക് കടക്കുന്നതിന് മുമ്പ് അദ്ദേഹം ആദ്യം പഴയ സാധനങ്ങൾ വിൽക്കുന്ന ബിസിനസാണ് ചെയ്തിരുന്നത്.