രാജസ്ഥാനിലെ ഭിൽവാരയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖംമൂടി ധരിച്ചെത്തിയ കള്ളൻ മൊബൈൽ ഷോപ്പിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന സ്മാർട്ട്‌ഫോണുകൾ മോഷ്ടിച്ചു. കടയിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിൽ, ഇതേ സംഘം സമാനമായ മാസ്ക് ഉപയോഗിച്ച് മറ്റൊരു കടയിലും മോഷണത്തിന് ശ്രമിച്ചത് വ്യക്തമാണ്.
ജയ്പുർ: മൊബൈൽ ഷോപ്പുകളിൽ കയറി മോഷണം നടത്താൻ കള്ളന്മാർ പലവിധ വേഷങ്ങൾ കെട്ടാറുണ്ടെങ്കിലും രാജസ്ഥാനിലെ ഭിൽവാരയിൽ നടന്നത് തികച്ചും വിചിത്രമായൊരു കവർച്ചയാണ്. തിരിച്ചറിയാതിരിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖമുള്ള മാസ്ക് ധരിച്ചെത്തിയ കള്ളനാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലും നാട്ടിലും ചർച്ചാവിഷയം. കരേഡയിലെ മൊബൈൽ ഷോപ്പിൽ നടന്ന ഈ മോഷണത്തിന്‍റെ ദൃശ്യങ്ങൾ കടയിലെ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.
അർദ്ധരാത്രിയോടെ 'മാതേശ്വരി മൊബൈൽ ഷോപ്പ്' എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. കടയുടെ മുകൾനിലയിലെ ടെറസിൽ നിന്നുള്ള ഗോവണിയുടെ വാതിൽ തകർത്താണ് പ്രതികൾ അകത്തുകടന്നത്. തുടർന്ന് ഡസൻ കണക്കിന് സ്മാർട്ട്‌ഫോണുകളുമായി ഇവർ രക്ഷപ്പെടുകയായിരുന്നു. അടുത്ത ദിവസം രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് സാധനങ്ങൾ വലിച്ചുവാരിയിട്ട നിലയിലും മൊബൈലുകൾ നഷ്ടപ്പെട്ടതായും കടയുടമ ലക്ഷ്മൺ സെൻ കാണുന്നത്. ഏകദേശം 4 മുതൽ 5 ലക്ഷം രൂപ വരെ വിലമതിക്കുന്ന മുപ്പതോളം സ്മാർട്ട്‌ഫോണുകൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം കണക്കാക്കുന്നു.
കടയ്ക്കുള്ളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കള്ളന്മാരിലൊരാൾ പിഎം മോദിയുടെ മാസ്ക് ധരിച്ചാണ് മോഷണം നടത്തുന്നതെന്ന് വ്യക്തമായത്. സംഭവമറിഞ്ഞ് കരേഡ പോലീസ് സ്റ്റേഷൻ ഓഫീസർ പുരൻമൽ മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പ്രതികളെ തിരിച്ചറിയാനും കണ്ടെത്താനുമുള്ള അന്വേഷണം പോലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. ഈ സംഭവം കരേഡയിലെ വ്യാപാരികൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. പ്രദേശത്ത് രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് വ്യാപാരികൾ ആവശ്യപ്പെട്ടു.
മറ്റൊരു കടയിലും മോഷണശ്രമം
ഇതേ രാത്രിയിൽ തന്നെ കരേഡയിലെ സീഡ് ഗോഡൗൺ ജംഗ്ഷന് സമീപമുള്ള 'സൻവരിയ മൊബൈൽ ഷോപ്പ്' എന്ന മറ്റൊരു കടയിലും ഇതേ സംഘം മോഷണശ്രമം നടത്തിയിരുന്നു. കടയുടെ ഷട്ടർ പൂട്ട് തകർക്കാൻ ശ്രമിക്കുന്ന കള്ളന്റെ ദൃശ്യങ്ങൾ ഇവിടെയും സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇവിടെയും പ്രതി സമാനമായ മോദി മാസ്ക് തന്നെയാണ് ധരിച്ചിരുന്നത്.


