2029-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 'നാരിശക്തി വന്ദൻ അധിനിയം' വേഗത്തിൽ നടപ്പിലാക്കാൻ 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്തും. 

ന്യൂഡൽഹി: 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാക്കുന്നതിനുള്ള നിർണ്ണായക ഭരണഘടനാ ഭേദഗതി ബില്ലിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകാരം നൽകി. 2023-ൽ പാസാക്കിയ ‘നാരിശക്തി വന്ദൻ അധിനിയം’ നടപ്പിലാക്കുന്നതിലെ സാങ്കേതിക തടസ്സങ്ങൾ നീക്കി ദ്രുതഗതിയിലുള്ള വിന്യാസം ഉറപ്പാക്കുകയാണ് ഈ ഭേദഗതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ഏപ്രിൽ എട്ടിന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

Add Asianetnews as a Preferred SourcegooglePreferred

പുതിയ നിർദ്ദേശപ്രകാരം, രാജ്യത്തെ ലോക്സഭാ സീറ്റുകളുടെ എണ്ണം നിലവിലുള്ള 543ൽ നിന്നും 816 ആയി ഉയർത്തും. മണ്ഡല പുനർനിർണ്ണയത്തിന് (ഡിലിമിറ്റേഷൻ) ശേഷമായിരിക്കും ഈ മാറ്റം വരുന്നത്. പുതുക്കിയ സഭയിൽ മൂന്നിലൊന്ന് സീറ്റുകൾ, അതായത് 273 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യും. പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള സംവരണത്തിനുള്ളിലും വനിതാ ക്വാട്ട കൃത്യമായി പാലിക്കുമെന്ന് ബില്ലിൽ വ്യക്തമാക്കുന്നു.

വനിതാ സംവരണം വേഗത്തിൽ നടപ്പിലാക്കുന്നതിനായി നിലവിലെ നിയമത്തിൽ സർക്കാർ പ്രധാനപ്പെട്ട മാറ്റം വരുത്തിയിട്ടുണ്ട്. അടുത്ത സെൻസസ് വിവരങ്ങൾക്കായി കാത്തുനിൽക്കാതെ, 2011-ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡല പുനർനിർണ്ണയം നടത്താനാണ് മന്ത്രിസഭ തീരുമാനിച്ചിരിക്കുന്നത്. ഇത് സംവരണം നടപ്പിലാക്കുന്നത് വർഷങ്ങൾ നീണ്ടുപോകാതിരിക്കാൻ സഹായിക്കും. ഏപ്രിൽ 16 മുതൽ 18 വരെ നീണ്ടുനിൽക്കുന്ന ബജറ്റ് സമ്മേളനത്തിന്‍റെ പ്രത്യേക സെഷനിൽ ഈ ഭേദഗതി ബില്ലിന്മേൽ വിശദമായ ചർച്ച നടക്കും. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കാനുള്ള കേന്ദ്ര സർക്കാരിന്‍റെ നിർണ്ണായക ചുവടുവെപ്പായാണ് ഇത് വിലയിരുത്തപ്പെടുന്നത്.