പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങൾ
ദില്ലി : ആഭ്യന്തര വിമാന സർവീസുകളിൽ ഇൻഡിഗോയുടെ കുത്തക ഒഴിവാക്കാൻ സർക്കാർ നീക്കം. പത്തു ശതമാനം സർവീസുകൾ മറ്റ് എയർലൈൻസുകൾക്ക് കൈമാറാനാണ് നീക്കം. വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്ന് ഉണ്ടായ ഗുരുതരമായ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ, ആദ്യം 5 ശതമാനത്തിൽ തുടങ്ങി ആവശ്യമെങ്കിൽ തുടർന്നുള്ള ദിവസങ്ങളിൽ വീണ്ടും 5% എന്ന ക്രമത്തിൽ ഷെഡ്യൂൾ വെട്ടിച്ചുരുക്കി മറ്റ് എയർലൈൻസുകൾക്ക് നൽകാനാണ് നീക്കം.
ഒരാഴ്ചയ്ക്കുശേഷം ഇൻഡിഗോ വിമാന സർവീസുകൾ സാധാരണ നിലയിലേക്ക് എത്തുന്നു. പ്രതിസന്ധിക്ക് കാരണം ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക കാരണങ്ങളും അടക്കം ചൂണ്ടിക്കാട്ടി ഡി ജി സി എക്ക് ഇൻഡിഗോ മറുപടി നൽകി. പ്രതിസന്ധി ഉണ്ടാകാൻ പ്രധാനമായും അഞ്ചു കാരണങ്ങളാണ് ഇൻഡിഗോ ചൂണ്ടിക്കാട്ടുന്നത്. ഡ്യൂട്ടി പരിഷ്കരണവും കാലാവസ്ഥയും സാങ്കേതിക പ്രശ്നങ്ങളും അടക്കമുള്ള അഞ്ച് കാരണങ്ങളാണ് ഇൻഡിഗോ അറിയിച്ചത്. ഈ മറുപടിയുടെയും നാലംഗ അന്വേഷണ സംഘത്തിന്‍റെ റിപ്പോർട്ടിന്‍റെയും അടിസ്ഥാനത്തിൽ ആയിരിക്കും കേന്ദ്രം തുടർനടപടികൾ സ്വീകരിക്കുക.
827 കോടി രൂപ റിഫണ്ട് നൽകി
രാജ്യവ്യാപകമായി വിമാനങ്ങൾ റദ്ദാക്കിയതിനെ തുടർന്ന് വലിയ പ്രതിസന്ധിയിലായ ഇൻഡിഗോ എയർലൈൻസ് ഇതുവരെ 827 കോടി രൂപ റിഫണ്ട് നൽകിയതായി വ്യോമയാന മന്ത്രാലയം. നവംബർ 21 മുതൽ ഡിസംബർ 7 വരെയുള്ള കാലയളവിൽ വിമാന സർവീസ് റദ്ദാക്കിയതിനെ തുടർന്ന് യാത്രക്കാർക്ക് തിരികെ നൽകേണ്ടിയിരുന്ന തുകയാണ് തിരികെ നൽകിയത്. ഈ ദിവസങ്ങളിലുണ്ടായ ഇൻഡിഗോ പ്രതിസന്ധി 5.8 ലക്ഷത്തിലധികം യാത്രക്കാരെയാണ് ബാധിച്ചതെന്നും മന്ത്രാലയം വ്യക്തമാക്കി. ഇത്രയധികം വിമാനങ്ങൾ റദ്ദാക്കാൻ കാരണമായ പ്രതിസന്ധിക്ക് ഉത്തരവാദി ഇൻഡിഗോയുടെ ആഭ്യന്തര സംവിധാനത്തിലെ പിഴവാണെന്നും രാജ്യസഭയിൽ ഒരു ചോദ്യത്തിന് മറുപടി നൽകവെ വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വിശദീകരിച്ചു. രാജ്യത്തെ വ്യോമയാന വിപണിയിൽ 60 ശതമാനത്തിലധികം ഓഹരിയുള്ള ഇൻഡിഗോയെക്കുറിച്ച് ഉയർന്ന ചോദ്യത്തിന് മറുപടിയായി, വ്യോമയാന മേഖലയിൽ കൂടുതൽ കമ്പനികൾ ഉണ്ടാകാൻ താൻ ആഗ്രഹിക്കുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു.


