മധ്യപ്രദേശിലെ ഉജ്ജയിനിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. 20 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാപ്രവർത്തനത്തിന് കഠിനമായ പാറക്കെട്ടുകൾ തടസ്സമാകുന്നു. എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങൾ സംയുക്തമായി കുട്ടിയെ പുറത്തെത്തിക്കാൻ സമാന്തരമായി കുഴിയെടുക്കുകയാണ്.
ഉജ്ജയിൻ: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ കുഴൽക്കിണറിൽ വീണ മൂന്ന് വയസുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ തുടരുന്നു. 200 അടി താഴ്ചയുള്ള കിണറിൽ 45 അടി താഴ്ചയിലാണ് ഭഗീരഥ് ദേവാസി എന്ന ബാലൻ കുടുങ്ങിക്കിടക്കുന്നത്. 20 മണിക്കൂറിലേറെയായി തുടരുന്ന രക്ഷാദൗത്യം കഠിനമായ പാറക്കെട്ടുകൾ കാരണം പ്രതിസന്ധിയിലായിരിക്കുകയാണ്.
വ്യാഴാഴ്ച രാത്രി 7.30-ഓടെ ബദ്‌നഗർ തഹസീലിലെ ഝലാരിയ ഗ്രാമത്തിലാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. കളിച്ചുകൊണ്ടിരുന്ന കുട്ടി കുഴൽക്കിണറിന്‍റെ മൂടി മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് ഉള്ളിലേക്ക് വീണത്. കുട്ടിയുടെ അമ്മ ജാട്ടു ബായ് നിലവിളിച്ചുകൊണ്ട് ഓടിയെത്തിയപ്പോഴേക്കും ഭഗീരഥ് കുഴിയിലേക്ക് പതിച്ചിരുന്നു. രാജസ്ഥാനിലെ പാലി ജില്ലയിൽ നിന്ന് ആടുകളെ മേയിക്കുന്നതിനായി ഝലാരിയയിൽ എത്തിയതാണ് ഭഗീരഥിന്‍റെ കുടുംബം.
ജില്ലാ കളക്ടർ റോഷൻ കുമാർ സിംഗ്, എസ് പി പ്രദീപ് ശർമ്മ എന്നിവരുടെ നേതൃത്വത്തിൽ വൻ സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എൻഡിആർഎഫ്, എസ്‍ഡിആർഎഫ് സംഘങ്ങൾ സംയുക്തമായാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. കുട്ടിക്ക് പൈപ്പുകൾ വഴി ഓക്സിജൻ എത്തിക്കുന്നുണ്ട്. കയർ ഉപയോഗിച്ച് കുട്ടിയെ ഉയർത്താൻ നടത്തിയ മൂന്ന് ശ്രമങ്ങളും പരാജയപ്പെട്ടതോടെ, കുഴൽക്കിണറിന് സമാന്തരമായി മറ്റൊരു കുഴി നിർമ്മിച്ച് കുട്ടിക്കടുത്തേക്ക് എത്താനാണ് നിലവിലെ നീക്കം.
എന്നാൽ അഞ്ച് പോക്ലൈൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഖനനം നടത്തുന്നതിനിടെ കഠിനമായ പാറ പാളികൾ തടസ്സമായത് ആശങ്ക വർധിപ്പിക്കുന്നു. പാറകൾ തകർക്കുന്നതിനായി ഭോപ്പാലിൽ നിന്ന് പ്രത്യേക ഹാമർ മെഷീൻ എത്തിച്ചിട്ടുണ്ട്. വിദഗ്ധ സംഘം കുട്ടിയുടെ ആരോഗ്യനില നിരന്തരം നിരീക്ഷിച്ചു വരികയാണ്. പരിമിതമായ സാഹചര്യങ്ങളിലും കുട്ടിയെ എത്രയും വേഗം പുറത്തെത്തിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ.


