സിവിൽ ജഡ്‌ജ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്ന യുവതിയെ ട്രെയിൻ യാത്രക്കിടെ കാണാതായതിൽ അന്വേഷണം

ഭോപ്പാൽ: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം. മധ്യപ്രദേശിലെ കത്നിയിലാണ് സംഭവം. 28കാരിയായ അർച്ചന തിവാരിയെയാണ് കാണാതായത്. ട്രെയിനിൽ യുവതിയെ ബാഗ് കണ്ടെത്തിയിട്ടുണ്ട്.

ഇൻഡോർ - ബിലാസ്‌പൂർ നർമദ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. അർച്ചന ജുഡീഷ്യൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. ഇതിനായി ഇൻഡോറിലാണ് താമസിച്ചിരുന്നത്. ട്രെയിനിൽ ബി3 കോച്ചിലെ യാത്രക്കാരിയായിരുന്നു. ഓഗസ്റ്റ് ഏഴിന് രാവിലെ വീട്ടിലേക്ക് പുറപ്പെട്ട ഇവർ സ്വദേശമായ കത്നി റെയിൽവെ സ്റ്റേഷനിൽ ഇറങ്ങിയില്ല.

മകൾ പുറത്തിറങ്ങാത്തത് കണ്ട് സംശയം തോന്നിയ ബന്ധുക്കൾ ട്രെയിനിൻ്റെ അടുത്ത സ്റ്റോപ്പായ ഉമരിയയിലുള്ള ബന്ധുക്കളോട് ട്രെയിനിൽ പരിശോധന നടത്താൻ ആവശ്യപ്പെട്ടു. ഇവിടെ വച്ച് പരിശോധന നടത്തിയിട്ടും യുവതിയെ കണ്ടെത്താനായില്ല. പിന്നീലെ റെയിൽവെ പൊലീസിനെ വിവരമറിയിച്ചു. ട്രെയിൻ ഭോപ്പാൽ വിട്ട സമയത്ത് മകളോട് സംസാരിച്ചതാണെന്നും പിന്നീട് ഫോൺ സ്വിച്ച് ഓഫായെന്നും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

ഭോപ്പാലിനടുത്തുള്ള റാണി കമലാപതി സ്റ്റേഷനിൽ യുവതിയെ കണ്ടവരുണ്ട്. എന്നാൽ ഭോപ്പാൽ പിന്നിട്ട ശേഷം യുവതിയെ ആരും കണ്ടിട്ടില്ല. യുവതിയെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങളും മൊബൈൽ ഫോൺ ലൊക്കേഷനും കേന്ദ്രീകരിച്ചാണ് അന്വേഷണം.