അഞ്ച് അടിയോളം നീളമുള്ള മൂർഖനാണ് ശുചിമുറിയിലെ ക്ലോസെറ്റിനുള്ളിൽ നിന്ന് പത്തി വീശി വന്നത്. പാമ്പിനെ കണ്ട അതിഥികൾ പല വഴിക്ക് പാഞ്ഞു
പുഷ്കർ: ശുചിമുറിയിൽ പാറ്റയേയോ എട്ടുകാലിയേയോ പല്ലിയേയോ വരാൽ കണ്ടാൽ അസ്വസ്ഥരാവുന്നവരാണ് ഏറിയ പങ്കും ആളുകളും. എന്നാൽ മൂന്നാം നിലയിലെ ഹോട്ടൽ മുറിയിലെ ശുചിമുറിയിൽ സന്ദർശകരെ കാത്തിരുന്നത് പത്തി വീശി നിൽക്കുന്ന മൂർഖൻ. രാജസ്ഥാനിലെ അജ്മീറിലെ പുഷ്കറിലാണ് ഭീതിപ്പെടുത്തുന്ന സംഭവം. അഞ്ച് അടിയോളം നീളമുള്ള മൂർഖനാണ് ശുചിമുറിയിലെ ക്ലോസെറ്റിനുള്ളിൽ നിന്ന് പത്തി വീശി വന്നത്. പാമ്പിനെ കണ്ട അതിഥികൾ പല വഴിക്ക് പാഞ്ഞു. പിന്നാലെ രാജസ്ഥാനിലെ കോബ്രാ സംഘമെത്തിയാണ് പാമ്പിനെ പിടികൂടിയത്. പാമ്പിന്റെ ദൃശ്യങ്ങൾ എടുക്കുന്നതിനിടെ ഭയന്നു വിറച്ച സന്ദർശകരുടെ സംസാരമടക്കം ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ജീവിതത്തിൽ യൂറോപ്യൻ ക്ലോസെറ്റ് ഉപയോഗിക്കാൻ പേടിയാണെന്നും സൂക്ഷിച്ചും കണ്ടും മാത്രം ശുചിമുറി ഉപയോഗിക്കണമെന്നുമാണ് സന്ദർശകർ പറയുന്നത്. എങ്ങനെയോ ശുചിമുറിയുടെ ക്ലോസെറ്റിൽ കയറിക്കൂടിയതാണ് മൂർഖനെന്നാണ് സംശയിക്കുന്നത്. ആർക്കും പരിക്കില്ലാകെ മൂർഖനെ ക്ലോസെറ്റിൽ നിന്ന് രക്ഷിച്ചതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
മൂന്നാം നിലയിലെ മുറിയിലെ ശുചിമുറിയിലെത്തിയത് ഉഗ്രവിഷമുള്ള മൂർഖൻ
എന്നാൽ മൂന്നാം നിലയിലെ ശുചിമുറിയിൽ മൂർഖൻ എത്തിയതിന്റെ ആശങ്കയിലാണ് ഹോട്ടൽ അധികൃതരും സന്ദർശകരുമുള്ളത്. അടുത്തിടെയായി ജനവാസ മേഖലകളിലേക്ക് വിഷ പാമ്പുകളെ പതിവായി എത്തുന്നത് രാജ്യത്തിന്റെ പല ഭാഗങ്ങളിലും പതിവായി മാറിയിട്ടുണ്ട്. ചൂട് കൂടുന്നതോടെ തണൽ തേടി എത്തപ്പെടുന്നതാണ് എന്നാണ് പ്രാഥമിക നിരീക്ഷണം.
സ്വാഭാവിക ആവാസ സ്ഥലങ്ങളിൽ മനുഷ്യന്റെ കയ്യേറ്റം കൂടുന്നതോടെ പാമ്പുകൾ ജനവാസ മേഖലയിൽ എത്തുന്നുവെന്നാണ് വിദഗ്ധർ വിശദമാക്കുന്നത്. ഹോട്ടൽ മുറികളിൽ എത്തിയാൽ കർട്ടനുകളും ബെഡിന് അടിയിലും ക്യാബിനറ്റുകൾക്കടിയിലും ശുചിമുറിയിലും സൂക്ഷ്മമായി നിരീക്ഷിക്കണമെന്ന് വ്യക്തമാക്കുന്ന സംഭവങ്ങളിലൊന്നാണ് പുഷ്കറിലുണ്ടായത്.


