ഇന്നലെ പാക്കിസ്ഥാൻ ഡ്രോൺ- മിസൈല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലൊന്നായ ജയ്സാൽമീർ
ജയ്‌സാൽമീർ: ഇന്ത്യ-പാകിസ്ഥാന്‍ സംഘര്‍ഷം മൂര്‍ഛിച്ചിരിക്കേ രാജസ്ഥാനിലെ ജയ്‌സാൽമീരില്‍ സുരക്ഷാ ജാഗ്രതയുടെ ഭാഗമായി സമ്പൂര്‍ണ 'ബ്ലാക്കൗട്ട്'. പൊതുജനങ്ങളുടെ ഉള്‍പ്പടെ സുരക്ഷ മുന്‍നിര്‍ത്തി വൈദ്യുതിബന്ധം ജയ്‌സാല്‍മീരില്‍ പൂര്‍ണമായും വിച്ഛേദിച്ചിരിക്കുകയാണ് എന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന് പുറമെ കര്‍ഫ്യൂവും ജയ്‌സാല്‍മീരില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ പാക് ആക്രമണ ശ്രമം ഇന്ത്യന്‍ സേന വിജയകരമായി ജയ്‌സാല്‍മീരില്‍ പ്രതിരോധിച്ചിരുന്നു.
ഇന്നലെ പാക്കിസ്ഥാൻ ഡ്രോൺ- മിസൈല്‍ ആക്രമണത്തിന് ലക്ഷ്യമിട്ട സ്ഥലങ്ങളിലൊന്നാണ് രാജസ്ഥാനിലെ അതിര്‍ത്തി ജില്ലകളിലൊന്നായ ജയ്സാൽമീർ. പാകിസ്ഥാന്‍റെ ഡ്രോണ്‍ ആക്രമണ ശ്രമത്തിന് ശേഷം ഇന്ന് രാവിലെ ജയ്‌സാല്‍മീരില്‍ നിന്ന് ബോംബ് എന്ന് തോന്നിക്കുന്ന ഒരു വസ്‌തു കണ്ടെടുത്തിരുന്നു. ജയ്‌സാല്‍മീരിലെ കൃഷ്‌ണഘട്ട് മേഖലയില്‍ നിന്നാണ് ഈ ദുരൂഹ വസ്‌തു കണ്ടെത്തിയത് എന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. പ്രദേശവാസികളാണ് ആദ്യം ഈ വസ്‌തു കണ്ടത്. ഇവര്‍ പൊലീസില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് വ്യോമസേനാ ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ പ്രദേശത്ത് പരിശോധന നടത്തി. ഈ വസ്‌തുവിന്‍റെ ഫോറന്‍സിക് പരിശോധന അടക്കമുള്ള സൂക്ഷമ പരിശോധനകള്‍ നടക്കും.
ജയ്സാൽമീരിൽ ഇന്ന് വൈകിട്ട് അഞ്ച് മണിയോടെ ചന്തകളെല്ലാം അടയ്ക്കാൻ നിർദേശം നല്‍കിയിരുന്നു. വൈകീട്ട് 6 മുതൽ നാളെ രാവിലെ 6 മണി വരെയാണ് സ്ഥലത്ത് ബ്ലാക്കൗട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ ലൈറ്റുകളും ഓഫായിരിക്കണമെന്നാണ് നിര്‍ദേശം. ഈസമയം വാഹനങ്ങളിലുള്ള യാത്ര കർശനമായി വിലക്കിയിട്ടുണ്ട്. സൈനിക കേന്ദ്രങ്ങൾക്ക് 5 കി.മീ. ചുറ്റളവിലാണ് കർശന നിയന്ത്രണങ്ങൾ. അനുമതി കൂടാതെ മേഖലയിലേക്ക് പ്രവേശിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവും. സുരക്ഷാ ജാഗ്രത വര്‍ധിപ്പിച്ചതിനിടെ രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ ഇന്ന് ഉന്നതതല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. രാജസ്ഥാനില്‍ അതിര്‍ത്തി പ്രദേശങ്ങളിലെ എല്ലാ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും അവധി റദ്ദാക്കിയിട്ടുണ്ട്.


