കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ അധികാരമേൽക്കുമ്പോൾ, അദ്ദേഹത്തിന്റെ സ്വപ്ന പദ്ധതിയായ ബെംഗളൂരു ടണൽ റോഡ് പദ്ധതിയുടെ ടെൻഡർ അദാനി ഗ്രൂപ്പ് നേടിയത് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ഈ വിഷയത്തിൽ ബിജെപിയും പരിസ്ഥിതി പ്രവർത്തകരും എതിർപ്പുമായി രംഗത്തുണ്ട്.
ബംഗളൂരു: കർണാടകയുടെ 25-ാമത് മുഖ്യമന്ത്രിയായി ജൂൺ മൂന്നിന് ഡി കെ ശിവകുമാർ അധികാരമേൽക്കാനിരിക്കെ, അദ്ദേഹത്തെ കാത്തിരിക്കുന്നത് കടുത്ത രാഷ്ട്രീയ പ്രതിസന്ധി. ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാനായി ശിവകുമാർ വിഭാവനം ചെയ്ത 17 കിലോമീറ്റർ നീളമുള്ള ഭൂഗർഭ ടണൽ റോഡ് പദ്ധതിയുടെ ടെൻഡർ അദാനി ഗ്രൂപ്പ് സ്വന്തമാക്കിയതാണ് കോൺഗ്രസ് ഭരണകൂടത്തെ ധർമ്മസങ്കടത്തിലാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ബിജെപിക്കെതിരെയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ദേശീയതലത്തിൽ ഉയർത്തുന്ന പ്രധാന ആയുധമാണ് അദാനി ഗ്രൂപ്പ്. അദാനി ഗ്രൂപ്പിന് കേന്ദ്ര സർക്കാർ വഴിവിട്ട സഹായം നൽകുന്നുവെന്ന് കോൺഗ്രസ് നിരന്തരം ആരോപിക്കുമ്പോൾ, അതേ കമ്പനിക്ക് കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ വൻകിട പദ്ധതിയുടെ കരാർ നൽകേണ്ടി വരുന്നത് പാർട്ടിയെ പ്രതിരോധത്തിലാക്കും.
പിപിപി മാതൃകയിൽ 17,698 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ ടണൽ പദ്ധതി ഉപമുഖ്യമന്ത്രിയും ബെംഗളൂരു വികസന മന്ത്രിയുമായിരുന്ന കാലം മുതൽ ഡി കെ ശിവകുമാറിന്‍റെ സ്വപ്ന പദ്ധതിയാണ്. അദാനി എന്റർപ്രൈസസ് ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയതോടെയാണ് പദ്ധതി അവർക്ക് മുന്നിൽ തുറക്കപ്പെട്ടത്. എന്നാൽ അദാനി ഗ്രൂപ്പ് സമർപ്പിച്ച തുക സംസ്ഥാന സർക്കാർ കണക്കാക്കിയതിലും കൂടുതലായതിനാൽ ഇതിന് മന്ത്രിസഭയുടെ പ്രത്യേക അംഗീകാരം ആവശ്യമാണ്. കരാറിന് അനുമതി നൽകിയാൽ അദാനി വിഷയത്തിൽ കോൺഗ്രസ് നടത്തുന്ന ദേശീയ പ്രചാരണങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടും. മറിച്ച് കരാർ നിരസിച്ചാൽ, ബെംഗളൂരുവിന്‍റെ വികസനത്തിനായി ശിവകുമാർ കണ്ട സ്വപ്ന പദ്ധതി അനിശ്ചിതത്വത്തിലാവുകയും ചെയ്യും. നിലവിൽ പദ്ധതി പ്രദേശത്ത് അദാനി ഗ്രൂപ്പ് മണ്ണ് പരിശോധന അടക്കമുള്ള സർവേകൾ ആരംഭിച്ചിട്ടുണ്ടെങ്കിലും അന്തിമ അനുമതിക്കായി ഫയൽ ഡികെയുടെ പരിഗണനയിലാണ്.
അദാനിയും കോൺഗ്രസും
ദേശീയതലത്തിൽ അദാനി ഗ്രൂപ്പിനെതിരെ കടുത്ത നിലപാട് സ്വീകരിക്കുമ്പോഴും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പിന്‍റെ പദ്ധതികൾക്ക് തടസ്സമുണ്ടായിട്ടില്ല എന്നത് ശ്രദ്ധേയമാണ്. തെലങ്കാനയിൽ രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ 12,400 കോടി രൂപയുടെ നിക്ഷേപ കരാറുകളാണ് അദാനി ഗ്രൂപ്പുമായി ഒപ്പിട്ടിരിക്കുന്നത്. കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അനുമതി നൽകിയ വിഴിഞ്ഞം തുറമുഖ പദ്ധതിക്ക് പുതിയ കോൺഗ്രസ് മുഖ്യമന്ത്രി വി ഡി സതീശന്‍റെ നേതൃത്വത്തിലുള്ള ഭരണകൂടം വലിയ പിന്തുണയാണ് നൽകുന്നത്. ഈ പശ്ചാത്തലത്തിൽ, കർണാടകയിലെ പദ്ധതിയിൽ നിന്നും പിന്മാറാൻ കോൺഗ്രസ് നേതൃത്വം ശിവകുമാറിന് മേൽ സമ്മർദ്ദം ചെലുത്താൻ സാധ്യത കുറവാണ്.
അതേസമയം പദ്ധതിക്കെതിരെ ബിജെപിയും പരിസ്ഥിതി പ്രവർത്തകരും രംഗത്തുണ്ട്. പ്രതിപക്ഷ നേതാവ് ആർ. അശോകും തേജസ്വി സൂര്യ എംപിയും പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഈ ടണൽ റോഡ് ധനികർക്ക് മാത്രം സഞ്ചരിക്കാനുള്ള 'വിഐപി ലെയ്ൻ' ആണെന്നും ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിന് പരിഹാരമായി മെട്രോ റെയിൽ ശൃംഖല വികസിപ്പിക്കുകയാണ് വേണ്ടതെന്നും ബിജെപി ആരോപിക്കുന്നു. കൂടാതെ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഭീമമായ ചെലവ് ഒഴിവാക്കാൻ സാങ്കെ എ ടാങ്ക്, ലാൽബാഗ്, കൃഷ്ണറാവു പാർക്ക് തുടങ്ങിയ പൊതുസ്ഥലങ്ങളെയാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു. ബെംഗളൂരുവിലെ കഠിനമായ പാറക്കെട്ടുകൾ നിറഞ്ഞ ഭൂപ്രകൃതിയിൽ വൻതോതിൽ തുരങ്കങ്ങൾ നിർമ്മിക്കുന്നത് ഭൂഗർഭ ജലനിരപ്പിനെ ബാധിക്കുമെന്നും പ്രളയസാധ്യത വർദ്ധിപ്പിക്കുമെന്നും പരിസ്ഥിതി വിദഗ്ധരും മുന്നറിയിപ്പ് നൽകുന്നു. മുഖ്യമന്ത്രിയായി ചുമതലയേൽക്കുന്ന ഡി.കെ ശിവകുമാറിന് മുന്നിലുള്ള ആദ്യത്തെ കടുത്ത ഭരണം പരീക്ഷണം കൂടിയാണിത്. രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ നിലപാടുകളും സംസ്ഥാനത്തിന്‍റെ വികസന യാഥാർത്ഥ്യങ്ങളും തമ്മിൽ എങ്ങനെ ഒത്തുപോകുമെന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.


