Asianet News MalayalamAsianet News Malayalam

കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ എൻപിആർ നടപടികൾ നിർത്തിയേക്കും? ആഞ്ഞടിച്ച് ബിജെപി

രാജ്യത്തെങ്ങും തടങ്കൽ പാളയങ്ങളില്ലെന്നും ദേശവ്യാപകമായി പൗരത്വ റജിസ്റ്റർ കൊണ്ടുവരില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത് നുണയാണെന്ന് ബിബിസി റിപ്പോർട്ട് ട്വീറ്റ് ചെയ്ത് രാഹുൽ ഗാന്ധി പറ‍ഞ്ഞിരുന്നു. 

congress may stop npr data collection in party ruled states bjp calls rahul a liar
Author
New Delhi, First Published Dec 27, 2019, 9:25 PM IST

ദില്ലി: ജനസംഖ്യാ രജിസ്റ്റർ നടപടികൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ നിറുത്തിവച്ചേക്കുമെന്ന സൂചന നല്കി രാഹുൽ ഗാന്ധി. പാവപ്പെട്ടവർക്ക് മേൽ വൻ നികുതിഭാരം അടിച്ചേൽപിക്കുന്ന തരത്തിലുള്ള ആക്രമണമാണ് എൻപിആറെന്ന് രാഹുൽ പറഞ്ഞു.

''നോട്ട് നിരോധനം രാജ്യത്തെ പാവപ്പെട്ട ജനങ്ങളുടെ മേലുള്ള നികുതിഭാരമായിരുന്നു. അത് പോലെയാണ് ഇപ്പോൾ ദേശീയ ജനസംഖ്യാ റജിസ്റ്ററും. ഇത് അംഗീകരിക്കാനാകില്ല'', എന്ന് രാഹുൽ ഗാന്ധി. 

ജനസംഖ്യാ രജിസ്റ്റർ ദേശീയ പൗരത്വ രജിസ്റ്ററിനു മുന്നോടിയെന്നാരോപിച്ചാണ് കേരളവും പശ്ചിമബംഗാളും ഇത് നിറുത്തിവച്ചത്. എന്നാൽ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി ഇത് വരെ തീരുമാനം എടുത്തിട്ടില്ല. അതേസമയം, ദേശീയ പൗരത്വ റജിസ്റ്ററും, ദേശീയ ജനസംഖ്യാ റജിസ്റ്ററും തമ്മിൽ ഒരു ബന്ധവുമില്ല എന്നാണ് കേന്ദ്രസർക്കാർ ആവർത്തിച്ച് പറയുന്നത്. എന്നാൽ ദേശീയ പൗരത്വ റജിസ്റ്റർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല എന്ന് മാത്രമാണ് കേന്ദ്രസർക്കാർ പരസ്യങ്ങളിലുള്ളത്. അതായത് ഇപ്പോൾ നടപ്പാക്കുന്നില്ല എന്നർത്ഥം. ഭാവിയിലെപ്പോഴെങ്കിലും നടപ്പാക്കിയേക്കും. ദേശീയ തലത്തിൽ പൗരത്വ റജിസ്റ്റർ കൊണ്ടുവരില്ലെന്ന് കേന്ദ്രസർക്കാരോ, നിലപാട് വ്യക്തമാക്കാൻ ദേശീയ മാധ്യമങ്ങൾക്ക് അഭിമുഖം നൽകുന്ന അമിത് ഷായോ തയ്യാറാകുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

എൻആർസി മാത്രമല്ല എൻപിആറും അംഗീകരിക്കില്ല എന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കിയതോടെ കോൺഗ്രസ് മുഖ്യമന്ത്രിമാരുടെ മേലുള്ള സമ്മർദ്ദം ശക്തമാകുകയാണ്. കോൺഗ്രസ് അധ്യക്ഷപദവി രാഹുൽ ഉപേക്ഷിച്ചതിനാൽ നേരിട്ട് ഇക്കാര്യം മുഖ്യമന്ത്രിമാരോട് രാഹുൽ പറഞ്ഞേക്കില്ല. പക്ഷേ ഒറ്റക്കെട്ടായി അത്തരമൊരു തീരുമാനമെടുക്കണമെന്ന് പരോക്ഷമായി രാഹുൽ കോൺഗ്രസ് മുഖ്യമന്ത്രിമാരോട് പറയുകയാണ് ഈ പ്രസംഗങ്ങളിലൂടെ. 

അതേസമയം, രാഹുലിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി രംഗത്തെത്തി. സ്വന്തം കുടുംബത്തെയും പാർട്ടിയെയും പോലും പ്രതിരോധത്തിലാക്കും വിധം വലിയ കള്ളം പറയുന്ന 'ഈ വർഷത്തെ ഏറ്റവും വലിയ നുണയനാണ്' രാഹുൽ ഗാന്ധിയെന്ന് ബിജെപി. വർഷാന്ത്യത്തിൽ ബിജെപി ആസ്ഥാനത്ത് വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിലാണ് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ രാഹുൽ ഗാന്ധിയെ നുണയനെന്ന് വിളിച്ചത്. രാജ്യത്ത് അസ്ഥിരത ഉണ്ടാക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് പ്രകാശ് ജാവദേക്കർ ആരോപിച്ചു. രാജ്യത്തെ ജനങ്ങൾ പുതിയ പൗരത്വ നിയമഭേദഗതിയെയും ദേശീയ ജനസംഖ്യാ റജിസ്റ്ററിനെയും അനുകൂലിക്കുന്നുവെന്നും പ്രകാശ് ജാവദേക്കർ അവകാശപ്പെട്ടു.

പൗരത്വനിയമഭേദഗതി മുസ്ലിംവിരുദ്ധമെന്ന് തെളിയിക്കാൻ രാഹുൽഗാന്ധിയെ അമിത് ഷാ വെല്ലുവിളിച്ചതിന് പിന്നാലെയായിരുന്നു ബിജെപി ആസ്ഥാനത്ത് പ്രകാശ് ജാവദേക്കറിന്‍റെ വാർത്താ സമ്മേളനം. കോൺഗ്രസും കമ്പനിയും കള്ളപ്രചാരണം തുടരുകയാണെന്നും അഭയാർത്ഥികൾക്ക് പൗരത്വം നൽകാനുള്ള നിയമം എങ്ങനെ മുസ്ലിംങ്ങളുടെ പൗരത്വം കവരുമെന്നും അമിത് ഷാ ചോദിക്കുന്നു. 

Read more at: 'പൗരത്വഭേദഗതി നിയമം മുസ്ലീംകള്‍ക്കെതിരെയാണെന്ന് തെളിയിക്കാമോ': രാഹുലിനെ വെല്ലുവിളിച്ച് അമിത് ഷാ

ഔദ്യോഗിക വാർത്താ ചാനലായ ദൂരദർശനിൽ ഇതിനിടെ, ദേശീയ പൗരത്വ റജിസ്റ്ററിന്‍റെ പേരിലുള്ള തെറ്റിദ്ധാരണകൾ നീക്കാനെന്ന തരത്തിൽ കേന്ദ്രസർക്കാർ പരസ്യങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. തുടർച്ചയായി ഡിഡിയുടെ എല്ലാ ചാനലുകളിലും വരുന്ന പരസ്യങ്ങളിൽ ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നാണ് കേന്ദ്രസർക്കാർ നൽകുന്ന സന്ദേശം.

Read more at: അവരറിഞ്ഞില്ല, തങ്ങള്‍ക്കരികില്‍ ഉയരുന്നതാണ് തടങ്കല്‍ പാളയങ്ങളെന്ന്

ഇപ്പോൾ നടത്താൻ പോകുന്ന ദേശീയ ജനസംഖ്യാ റജിസ്റ്ററിൽ, 2014-ൽ നിന്ന് വിഭിന്നമായി, അച്ഛനും അമ്മയും ജനിച്ച സ്ഥലം എവിടെ എന്ന ചോദ്യമുൾപ്പടെ ഉൾപ്പെടുത്തിയത് വലിയ ആശങ്കകളാണ് ഉയർത്തുന്നത്. മൊബൈൽ ആപ്പുകൾ വഴി, സമ്പൂർണമായും പേപ്പർ രഹിതമായി നടപ്പാക്കുന്ന ജനസംഖ്യാ റജിസ്റ്ററിനുള്ള വിവരശേഖരണം, ദേശീയ പൗരത്വ റജിസ്റ്ററിന് മുന്നോടിയായിട്ടുള്ളതാണെന്ന തരത്തിലുള്ള ആശങ്കകളും സംശയങ്ങളും ഉയരുന്നതും അതുകൊണ്ടുതന്നെ. 

Read more at: എന്താണ് ദേശീയ ജനസംഖ്യാ രജിസ്റ്റർ? പൗരത്വ രജിസ്റ്ററും, ഭേദഗതിയുമായി അതിനുള്ള ബന്ധമെന്ത്?

Follow Us:
Download App:
  • android
  • ios