നല്ല ആശുപത്രിയില്ലാത്തതിനാല്‍ നാട്ടിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിക്കുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ചെയ്തത്

ഹലിയാൽ: ഗ‍ർഭിണികളായ സ്ത്രീകൾക്ക് മികച്ച സൗകര്യങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് അശ്ലീല മറുപടിയുമായി കോൺഗ്രസ് എംഎൽഎ. ഉത്തര കന്നടയിലെ ഹലിയാൽ മണ്ഡലത്തിലെ എംഎൽഎയായ ആർ വി ദേശ്പാണ്ഡെയാണ് മാധ്യമ പ്രവ‍ർത്തകയ്ക്കെതിരെ അശ്ലീല പരാമ‍ർശം നടത്തിയത്. സ്ത്രീകളുടെ അന്തസ് ഹനിക്കുന്ന രീതിയിലുള്ള സംസാരമായിരുന്നു മുൻ മന്ത്രി കൂടിയായ ആ‍ർ വി ദേശ്പാണ്ഡെ നടത്തിയത്. ജോയ്ഡ താലൂക്കിലെ ആശുപത്രിയുടെ സൗകര്യങ്ങളേക്കുറിച്ചുള്ള ചോദ്യത്തെയാണ് അശ്ലീല പരാമ‍ർശം കൊണ്ട് കോൺഗ്രസ് എംഎൽഎ നേരിട്ടത്. നല്ല ആശുപത്രിയില്ലാത്തതിനാല്‍ നാട്ടിലെ സ്ത്രീകള്‍ പ്രസവിക്കാന്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ മാധ്യമ പ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിക്കുകയായിരുന്നു കോണ്‍ഗ്രസ് എംഎല്‍എ ചെയ്തത്. ജോയ്ഡയില്‍ അടിയന്തരമായി സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ കഷ്ടപ്പെടുകയാണെന്നുമായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ വാക്കുകള്‍. 'നിനക്കൊരു കുട്ടിയുണ്ടാകേണ്ട സമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം' എന്നായിരുന്നു അശ്ലീല ചിരിയോടെ എംഎല്‍എയുടെ മറുപടി.

Scroll to load tweet…

എംഎല്‍എയുടെ പരാമര്‍ശത്തില്‍ രൂക്ഷ വിമ‍ർശനമാണ് ഉയരുന്നത്. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യുന്ന വാക്കുകളാണ് എംഎല്‍എയുടേതെന്നും പരസ്യമായി മാപ്പുപറയണമെന്നും രാഷ്ട്രീയനേതാക്കളും മാധ്യമ പ്രവര്‍ത്തകരുടെ സംഘടനകളും ആവശ്യപ്പെട്ടു. മോദിയുടെ അമ്മയെ അപമാനിച്ചതിന് പിന്നാലെ മാധ്യമ പ്രവര്‍ത്തകരോടും കോണ്‍ഗ്രസ് അപമര്യാദ തുടരുകയാണെന്നായിരുന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല വിവാദ പരാമർശത്തേക്കുറിച്ച് പ്രതികരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് വാർത്തകൾ കാണാം