ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനം കോൺഗ്രസ് എംപി രേണുക ചൗധരി പാർലമെൻ്റിലേക്ക് നായയുമായി എത്തിയത് വിവാദമായി. ബിജെപിയുടെ വിമർശനത്തിന് മറുപടിയായി, താൻ നായക്കുട്ടിയെ രക്ഷിച്ചതാണെന്നും പാർലമെൻ്റിൽ ചില വ്യക്തികളാണ് കടിക്കുന്നതെന്നും അവർ തിരിച്ചടിച്ചു

ദില്ലി: ശീതകാല സമ്മേളനത്തിൻ്റെ ആദ്യ ദിനമായ ഇന്ന് കോൺഗ്രസ് എംപി രേണുക ചൗധരി നായയുമായി പാർലമെൻ്റിൽ എത്തിയതിനെ ചൊല്ലി വിവാദം. ബിജെപിയുടെ ഭാഗത്ത് നിന്നുണ്ടായ വിമർശനത്തോട്, സർക്കാരിന് ഇതിൽ എന്താണ് കുഴപ്പമെന്നായിരുന്നു അവരുടെ മറുചോദ്യം. പാർലമെൻ്റിലേക്കുള്ള യാത്രക്കിടെ അപകടം നടന്ന സ്ഥലത്ത് കണ്ട നായയെ താൻ ഒപ്പം കൂട്ടിയതാണെന്നും തൻ്റെ കാറിൽ തന്നെ നായയെ മടക്കി അയച്ചെന്നും എംപി പ്രതികരിച്ചു.

പാർലമെൻ്റിനുള്ളിൽ നായ കടിക്കുമെന്ന് ആരെങ്കിലും ഭയക്കുന്നെങ്കിൽ നായയല്ല, ചില വ്യക്തികളാണ് ഇവിടെ കടിക്കുന്നവരെന്ന് ഓർക്കണമെന്നും രേണുക ചൗധരി പറഞ്ഞു. നായ എങ്ങിനെയാണ് സുരക്ഷയ്ക്ക് വെല്ലുവിളിയാകുന്നതെന്ന് ചോദിച്ച അവർ പാർലമെൻ്റിനുള്ളിലേക്ക് നായക്ക് പാസ് നൽകണമെന്നും ആവശ്യപ്പെട്ടു. എന്നാൽ എംപിമാർക്കുള്ള പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുകയാണ് കോൺഗ്രസ് എംപിയെന്ന് ആരോപിച്ച് ബിജെപി എംപി ജഗദംബിക പാൽ രംഗത്തെത്തി. നിയമം തെറ്റിക്കാനുള്ളതല്ല പ്രത്യേക അവകാശങ്ങൾ. വളർത്തുമൃഗങ്ങളെ പാർലമെൻ്റിനുള്ളിൽ കയറ്റാനുള്ളതുമല്ലെന്നും അവർ പ്രതികരിച്ചു.

പാർലമെൻ്റിൽ ശീതകാല സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ എംപി രേണുക ചൗധരി തൻ്റെ കാറിലാണ് നായയെയും ഒപ്പം കൂട്ടിയത്. 'ഞാൻ പാർലമെൻ്റിലേക്ക് വരികയായിരുന്നു. ഈ സമയത്താണ് ഒരു കാറും സ്കൂട്ടറും കൂട്ടിയിടിച്ചത് കണ്ടത്. ഈ സ്ഥലത്താണ് റോഡിൽ ഒരു നായക്കുട്ടി അലഞ്ഞുതിരിയുന്നത് കണ്ടത്. താനതിനെ എടുത്ത് കാറിൽ കയറ്റി പാർലമെൻ്റിലേക്ക് വന്നു. ആ കാർ പോയി. അതിൽ തന്നെ നായയെയും തിരിച്ചയച്ചു. പിന്നെയെന്താണ് ഇങ്ങനെയൊരു ചർച്ചയുടെ ആവശ്യമെന്നും അവർ ചോദിച്ചു.

Scroll to load tweet…