ടിവികെ സ‍ർക്കാരിന് മുന്നറിയിപ്പുമായി സിപിഎം രം​ഗത്ത്. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ പിന്തുണയിൽ പുന‍ർവിചിന്തനം നടത്തുമെന്ന് സിപിഎം. പാർട്ടി സംസ്ഥാന സെക്രട്ടറി പി ഷൺമുഖത്തിൻ്റേതാണ് മുന്നറിയിപ്പ്. 

ചെന്നൈ: തമിഴ്നാട്ടിൽ വിജയ് നേതൃത്വം നൽകുന്ന ടിവികെ സർക്കാരിന് മുന്നറിയിപ്പുമായി സിപിഎം. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയാൽ വിജയ്‍യ്ക്ക് നൽകിയ പിന്തുണയിൽ പുന‍ർവിചിന്തനം നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പി ഷൺമുഖം പറഞ്ഞു. ജനവിധി ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്ക് എതിരായിരുന്നു. അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനവിധിക്കെതിരാകുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കോൺ​ഗ്രസ് നേതാക്കളും ടിവികെയ്ക്ക് സമാന നിർദേശം നൽകിയിരുന്നു.

അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള തീരുമാനത്തിലേക്ക് ടിവികെ പോകുമെന്ന് കരുതുന്നില്ലെന്ന് പി ഷൺമുഖം പറഞ്ഞു. "ടിവികെ അത്രത്തോളം പോകുമെന്ന് ഞാൻ കരുതുന്നില്ല. അണ്ണാ ഡിഎംകെ വിമത വിഭാഗത്തെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്ന നിലപാടാണ് ടിവികെ സ്വീകരിക്കുന്നതെങ്കിൽ, ടിവികെയ്ക്കുള്ള പിന്തുണയുടെ കാര്യത്തിൽ സിപിഎം പുനർചിന്തനം നടത്തും"- തിരുവാരൂരിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ പി ഷൺമുഖം പറഞ്ഞു.

തമിഴ്നാട്ടിൽ രാഷ്ട്രപതി ഭരണവും ബിജെപിയുടെ പിൻവാതിൽ ഭരണവും തടയാനാണ് വിജയ്‍യുടെ നേതൃത്വത്തിലുള്ള ടിവികെ സ‍ർക്കാരിന് പാർട്ടി പിന്തുണ നൽകിയത്. തമിഴ്‌നാട് ഉടൻ മറ്റൊരു തെരഞ്ഞെടുപ്പിനെ നേരിടാൻ പറ്റിയ സാഹചര്യത്തിലല്ല. ഡിഎംകെ, അണ്ണാ ഡിഎംകെ മുന്നണികൾക്കെതിരെയാണ് ജനവിധി വന്നതെന്നും അദ്ദേഹം പറ‍ഞ്ഞു.

ഒരു പാർട്ടിക്കും ഭൂരിപക്ഷം ലഭിക്കാത്ത സാഹചര്യത്തിൽ, ഏറ്റവും വലിയ ഒറ്റകക്ഷി എന്ന നിലയിൽ ഇടതു പാർട്ടികളുടെയും വിസികെയുടെയും പുറത്തുനിന്നുള്ള പിന്തുണയോടെയാണ് ടിവികെ സർക്കാർ രൂപീകരിച്ചത്. ജനങ്ങൾ തെരഞ്ഞെടുത്ത ഒരു പാർട്ടി ഭരണം ഉറപ്പാക്കാനാണ് ഈ ക്രമീകരണം. എന്നാൽ അണ്ണാ ഡിഎംകെ വിമതരെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുന്നത് ജനവിധിക്കും അഴിമതിരഹിത ഭരണം എന്ന പാർട്ടിയുടെ നിലപാടിനും വിരുദ്ധമായിരിക്കുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു. തമിഴ്നാട്ടിൽ മെയ് 13ന് നടന്ന വിശ്വാസ വോട്ടെടുപ്പിൽ കോൺ​ഗ്രസ്, ഇടത് പാ‍ർട്ടികൾ, മുസ്ലീം ലീ​ഗ്, വിസികെ എന്നീ കക്ഷികൾക്ക് പുറമേ, അണ്ണാ ഡിഎംകെയുടെ വിമത എംഎൽഎമാരും എഎംഎംകെ എംഎൽഎയും ടിവികെ സർക്കാരിന് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയിരുന്നു.