കരുനീക്കി ഡികെ; വൈഎസ്ആറിന്റെ മകൾ വൈഎസ് ശർമിള കോൺഗ്രസിൽ ചേർന്നേക്കും, ലക്ഷ്യം ആന്ധ്ര
ആന്ധ്രാപ്രദേശ് തിരികെ പിടിക്കാൻ കോൺഗ്രസ് നീക്കം. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈഎസ് ശർമിള സോണിയാ ഗാന്ധിയെ ദില്ലിയിൽ എത്തി കണ്ടു.

ദില്ലി: ആന്ധ്രപ്രദേശ് തിരികെ പിടിക്കാൻ കോൺഗ്രസിന്റെ പുതിയ നീക്കം. ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി വൈഎസ്ആറിന്റെ മകളും നിലവിലെ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിയുടെ സഹോദരിയുമായ വൈ എസ് ശർമിള സോണിയാ ഗാന്ധിയുമായി ദില്ലിയിൽ എത്തി കൂടിക്കാഴ്ച നടത്തി. കോൺഗ്രസിൽ തന്റെ പാർട്ടി ലയിപ്പിച്ച് ആന്ധ്രയിൽ സഹോദരനും മുഖ്യമന്ത്രിയുമായ ജഗൻ മോഹൻ റെഡ്ഡിക്കെതിരെ മത്സരിക്കാൻ ശർമിള ആലോചിക്കുന്നുവെന്നാണ് സൂചന. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കാനുഗോലുവും ചേർന്നാണ് ചർച്ചകൾക്ക് ചുക്കാൻ പിടിക്കുന്നത്.
നേരത്തെ സഹോദരനും ആന്ധ്ര മുഖ്യമന്ത്രിയുമായ വൈ എസ് ജഗൻ മോഹൻ റെഡ്ഡിയുമായുള്ള അഭിപ്രായഭിന്നത മൂലം ശർമിള തെലങ്കാനയിലേക്ക് പ്രവർത്തനം മാറ്റി പുതിയ പാർട്ടി ഉണ്ടാക്കിയിരുന്നു. വൈഎസ്ആർ തെലങ്കാന പാർട്ടി എന്നായിരുന്നു പാർട്ടിയുടെ പേര്. തെലാങ്കാനയിൽ വളരെ സജീവമായി തന്നെ നിലകൊള്ളാൻ വൈ എസ് ശർമിളക്ക് കഴിഞ്ഞിരുന്നു. എന്നാൽ പാർട്ടിയുടെ ഭാവി കൂടി കണക്കിലെടുത്താണ് കോൺഗ്രസിൽ ലയിക്കാനുള്ള തീരുമാനം വൈ എസ് ശർമിള എടുത്തത്. ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ കഴിഞ്ഞ കൂറെ മാസങ്ങളായി തന്നെ നടന്നുവരുന്നുണ്ടായിരുന്നു.
Read More: അധിർ രഞ്ജൻ ചൗധരിയുടെ സസ്പെൻഷൻ പിൻവലിക്കും; പ്രിവിലേജ് കമ്മിറ്റി ശുപാർശ സ്പീക്കർക്ക് കൈമാറും
കർണാടകയിൽ കോൺഗ്രസ് നേടിയ മികച്ച വിജയവും ഈ തീരുമാനത്തിന് കാരണമായിട്ടുണ്ട്. ആദ്യം കോൺഗ്രസുമായി സഖ്യമുണ്ടാക്കാനായിരുന്നു വൈ എസ് ശർമിള അലോചിച്ചിരുന്നത്. എന്നാൽ തന്റെ പാർട്ടിയായ വൈഎസ്ആർ തെലങ്കാന പാർട്ടിയെ കോൺഗ്രസിൽ ലയിപ്പിച്ച് ആന്ധ്രാപ്രദേശിൽ തന്റെ സഹേദരന് എതിരെ മത്സരിക്കുക എന്ന് പിന്നീട് തീരുമാനിക്കുകയായിരുന്നു.