ദില്ലിയിൽ സാകേത് മെട്രോ സ്റ്റേഷന് സമീപം കെട്ടിടം തകർന്നുവീണ് അപകടം ഉണ്ടായ സംഭവത്തിൽ മരണപ്പെട്ടവരുടെ എണ്ണം ആറായി. സൈദുലജാബിലെ വെസ്റ്റേൺ മാർ​ഗിലാണ് നാലുനില കെട്ടിടം തകർന്നുവീണത്. ശനിയാഴ്ച വൈകുന്നേരമായിരുന്നു സംഭവം. 

ദില്ലി: സൗത്ത് ദില്ലിയിലെ സൈദുലജാബിൽ നാലുനില വാണിജ്യ കെട്ടിടം തക‍ർന്നുവീണുണ്ടായ അപകടത്തിൽ മരണസംഖ്യ ആറായി. ഒൻപതുപേർക്ക് പരിക്കേറ്റു. ഇതിൽ ഏഴുപേ‍ർ വിവിധ ആശുപത്രികളിൽ ചികിത്സയിൽ തുടരുകയാണ്. രണ്ടുപേ‍ർ ആശുപത്രി വിട്ടു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സംഭവത്തിൽ ദില്ലി പൊലീസിൻ്റെ മേൽനോട്ടത്തിൽ രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതായി ഉദ്യോ​ഗസ്ഥരെ ഉദ്ധരിച്ചു വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. അപകടത്തെ തുട‍ർന്ന് മെഹ്റൗളി പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു.

സാകേത് മെട്രോ സ്റ്റേഷന് സമീപമുള്ള സൈദുലജാബിലെ വെസ്റ്റേൺ മാർ​ഗിൽ ശനിയാഴ്ച വൈകുന്നേരമാണ് വാണിജ്യ കെട്ടിടം പൂ‍ർണമായും തക‍ർന്നുവീണത്. കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ടും കഫേകളും ഓഫീസുകളും പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് നിലംപതിച്ചത്. കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനിടെ ആണ് അപകടം ഉണ്ടായത്. സമീപമുണ്ടായിരുന്ന താൽക്കാലിക ഷെഡ്ഡിൽ പ്രവ‍ർത്തിച്ചിരുന്ന കാൻ്റീനിന് മുകളിലേക്കാണ് കെട്ടിടം പതിച്ചത്. ഈ സമയം യുവാക്കളടക്കം നിരവധി പേർ അത്താഴം കഴിക്കാൻ കാൻ്റീനിൽ ഉണ്ടായിരുന്നതായാണ് റിപ്പോർട്ട്.

വൈകുന്നേരം 7:38 ഓടെയാണ് അപകട വിവരം മെഹ്റൗളി പൊലീസ് അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ നടന്ന ആദ്യഘട്ട രക്ഷാപ്രവർത്തനത്തിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ആറുപേരെ രക്ഷപ്പെടുത്തിയിരുന്നതായി പൊലീസ് അറിയിച്ചു. ഉടൻതന്നെ ദില്ലി ഫയർ സർവീസസ്, എൻഡിആർഎഫ്, ജില്ലാ ദുരന്ത നിവാരണ അതോറിറ്റി തുടങ്ങിയ ഏജൻസികളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു. തുടർന്ന് ഒൻപത് പേരെ കൂടി രക്ഷപ്പെടുത്തി വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.

എയിംസ് ട്രോമ സെൻ്റർ, സഫ്ദർജങ് ആശുപത്രി, പണ്ഡിറ്റ് മദൻ മോഹൻ മാളവ്യ ആശുപത്രി എന്നിവിടങ്ങളിലാണ് പരിക്കേറ്റവരെ പ്രവേശിപ്പച്ചത്. രക്ഷാദൗത്യത്തിൻ്റെ ഭാഗമായി സംഭവസ്ഥലത്തുനിന്ന് ആശുപത്രികളിലേക്ക് ഗ്രീൻ കോറിഡോർ ഒരുക്കുകയും ആശുപത്രികളിൽ പൊലിസുകാരെ വിന്യസിക്കുകയും ചെയ്തിരുന്നു.

കെട്ടിടത്തിൻ്റെ തക‍ർച്ചയെ തുടർന്ന് ദില്ലി മുനിസിപ്പിൽ കോർപറേഷൻ രണ്ട് എഞ്ചിനീയർമാരെ സസ്പെൻഡ് ചെയ്തു. ബിൽഡിങ് വകുപ്പിലെ ജൂനിയ‍‍ർ, അസിസ്റ്റൻ്റ് എഞ്ചീനയർമാരെ ആണ് ജോലിയിൽ വീഴ്ചയുണ്ടായെന്ന് കാട്ടി സസ്പെൻഡ് ചെയ്തത്. സംഭവസ്ഥലം സന്ദർശിച്ച ദില്ലി മുഖ്യമന്ത്രി രേഖ ​ഗുപ്ത മജിസ്ട്രേറ്റ് തല അന്വേഷണത്തിനും ഉത്തരവിട്ടു. അതേസമയം അപകടകാരണം വ്യക്തമായിട്ടില്ല. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകിയതായി പൊലീസ് അറിയിച്ചു.