നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയതായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ പ്രക്ഷോഭം നടത്തിയത്.
ദില്ലി: അഗ്നിപഥ് പദ്ധതിക്കെതിരെ പ്രതിഷേധിച്ച യുവാക്കളോട് പ്രകോപനപരമായ പ്രസംഗം നടത്തുകയും അവരെ പ്രേരിപ്പിക്കുകയും ചെയ്തതിന് ഒരാളെ ദില്ലി പോലീസ് അറസ്റ്റ് ചെയ്തു. ബാബ ഹരിദാസ് നഗറിലെ എംസിഡി ഓഫീസിന്റെ ഗേറ്റിന് സമീപം നടന്ന പ്രതിഷേധത്തില്‍ ഒത്തുകൂടിയ പ്രക്ഷോഭകരോടാണ് വെള്ളിയാഴ്ച രാവിലെ സുരേന്ദർ ശർമ്മ എന്നയാള്‍ പ്രകോപന പ്രസംഗം നടത്തിയെന്നാണ് പോലീസിനെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
നാല് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ സൈനികരെ സായുധ സേനയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനായി പുതിയതായി പ്രഖ്യാപിച്ച അഗ്നിപഥ് പദ്ധതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് യുവാക്കൾ പ്രക്ഷോഭം നടത്തിയത്. ഗതാഗത തടസ്സം ഉണ്ടാകാതിരിക്കാൻ പ്രതിഷേധക്കാരെ റോഡിന്റെ ഒരു വശത്തേക്ക് പൊലീസ് മാറ്റിയിരുന്നു. പിന്നീട് സമാധാനപരമായി പിരിഞ്ഞുപോകാൻ അവരോട് ആവശ്യപ്പെട്ടതായി മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എന്നാല്‍ ഇവിടെ എത്തിയ ദൗലത്പൂരിനടുത്തുള്ള അസലാത്പൂർ ഖവാദ് ഗ്രാമവാസിയായ ശർമ്മ പ്രതിഷേധത്തിൽ ചേരുകയും തന്റെ പ്രകോപനപരമായ പ്രസംഗത്തിലൂടെ പ്രക്ഷോഭകരെ ആക്രമണത്തിന് "പ്രേരിപ്പിക്കാൻ" തുടങ്ങുകയും ചെയ്തുവെന്നാണ് പൊലീസ് പറയുന്നത്. അവിടെയുണ്ടായിരുന്ന പോലീസുകാരുമായി ഇയാൾ വാക്കേറ്റത്തിലേർപ്പെട്ടുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ദ്വാരക) എം ഹർഷ വർദ്ധൻ പറഞ്ഞു.
സംഭവസ്ഥലത്ത് 18 പ്രതിഷേധക്കാരെ കസ്റ്റഡിയിലെടുത്തതായും അവർക്കെതിരെ മുൻകരുതൽ നടപടികൾ സ്വീകരിച്ചതായും പോലീസ് അറിയിച്ചു. പൊതു ചടങ്ങുകൾ നിർവഹിക്കുന്നതിൽ പൊതുപ്രവർത്തകനെ തടസ്സപ്പെടുത്തൽ ഐപിസി സെക്ഷൻ 186, പൊതു ഉദ്യോഗസ്ഥനെ തന്റെ ചുമതലയിൽ നിന്ന് പിന്തിരിപ്പിക്കാൻ ആക്രമണം അല്ലെങ്കിൽ ക്രിമിനൽ ബലപ്രയോഗം സെക്ഷന്‍ 353, പൊതു ഉദ്യോഗസ്ഥനെ ജോലിയിൽ നിന്ന് പിന്തിരിപ്പിക്കാൻ സ്വമേധയാ മുറിവേൽപ്പിക്കുക സെക്ഷന്‍ 332 എന്നിവ പ്രകാരം വെള്ളിയാഴ്ച എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. ഇയാളെ അറസ്റ്റ് ചെയ്ത് റിമാന്‍റിലാക്കിയതായി ദില്ലി പൊലീസ് പറയുന്നു.
'സെക്കന്തരാബാദിലേത് ആസൂത്രിത പ്രതിഷേധം,വാട്ട്സാപ്പ് ഗ്രൂപ്പുകളിൽ പ്രചാരം', ആര്‍പിഎഫ് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെയായ (Agnipath Scheme) പ്രതിഷേധം പലസംസ്ഥാനങ്ങളിലും ആക്രമാസക്തമാകുകയാണ്. തെലങ്കാനയിലെ സെക്കന്തരാബാദിലെ റെയിൽവേ സ്റ്റേഷനിൽ ഇന്നലെയുണ്ടായ പ്രതിഷേധത്തിന് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ മരിക്കുകയും പതിനഞ്ചിലേറെ പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. റെയിൽവേ സ്റ്റേഷൻ കേന്ദ്രീകരിച്ച് നടത്തിയ പ്രതിഷേധം ആസൂത്രിതമായിരുന്നുവെന്നാണ് റെയിൽവേ പൊലീസ് ഫോഴ്സ് നൽകുന്ന റിപ്പോര്‍ട്ട്. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ പ്രതിഷേധത്തിന് ഒരു വിഭാഗം ആഹ്വാനം ചെയ്തതിരുന്നതായാണ് ആര്‍പിഎഫിന്റെ റിപ്പോര്‍ട്ടിൽ പറയുന്നത്. കായികക്ഷമതാ പരീക്ഷ വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് കാത്തിരുന്നവരാണ് പ്രതിഷേധിച്ചത്. ഇവർക്ക് ജോലി ലഭിച്ചേക്കില്ലെന്ന് ഉദ്യോഗാർത്ഥികളുടെ വാട്ട്സാപ്പ് ഗ്രൂപ്പിലൂടെ പ്രചാരണം നടന്നു. ഇതാണ് പ്രതിഷേധത്തിന് കാരണമെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിയുതിര്‍ത്തതിനെതിരെ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്.
അഗ്നിപഥ് പ്രതിഷേധം കത്തുന്നു, തെലങ്കാനയിൽ പൊലീസ് വെടിവയ്പ്പ്, ഒരു മരണം
അക്രമാസക്തമായതോടെയാണ് പ്രതിഷേധക്കാരെ പിരിച്ചുവിടാൻ വെടിയുതിര്‍ത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. മരിച്ച വാറങ്കല്‍ സ്വദേശിയായ ഡി രാകേഷ് കായികക്ഷമത വിജയിച്ച് എഴുത്തുപരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു. ഇയാളുടെ സഹോദരി ബിഎസ് എഫ് സേനാംഗമാണ്. ട്രെയിനുകൾക്ക് തീവെക്കുന്നതടക്കം വലിയ പ്രതിഷേധമാണ് സെക്കന്തരാബാദിലുണ്ടായത്. പ്രതിഷേധത്തിൽ റെയിൽവേയ്ക്ക് 20 കോടിയുടെ നാശനഷ്ടമുണ്ടായെന്ന് ആര്‍പിഎഫ് റിപ്പോർട്ട്. രാഷ്ട്രീയ ഗൂഢാലോചനയാണ് സെക്കന്തരാബാദിലെ പ്രതിഷേധത്തിന് പിന്നിലെന്ന വാദമാണ് ബിജെപിയും ഉയര്‍ത്തുന്നത്.
തിരുവനന്തപുരത്തും കോഴിക്കോട്ടും അഗ്നിപഥിൽ പ്രതിഷേധമാളുന്നു, രാജ്ഭവനിലേക്ക് കൂറ്റൻ റാലി
അതേ സമയം, രാജ്യത്ത് നടക്കുന്ന അഗ്നിപഥ് പ്രതിഷേധം കേന്ദ്ര കമ്മിറ്റി യോഗം ചർച്ച ചെയ്യുമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. അഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണ്. യുവാക്കളുടെ തൊഴിലിനെയും പ്രതികൂലമായി ബാധിക്കും. പദ്ധതി അടിയന്തരമായി പിൻവലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അഗ്നിപഥ് പദ്ധതിക്കെതിരായ പ്രക്ഷോഭം ശക്തമാകുന്നു; ബിഹാറിൽ ഇന്ന് ബന്ദ്, ഹരിയാനയിൽ നിരോധനാജ്ഞ
അതേ സമയം, ഹ്രസ്വകാല സൈനിക റിക്രൂട്ട്മെൻറ് പദ്ധതിയായ അഗ്നിപഥിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെ കേന്ദ്രം അയയുകയാണ്. അഗ്നിവീർ പദ്ധതി വഴി സൈനിക സേവനം പൂർത്തിയാക്കുന്നവർക്ക് അർദ്ധസൈനിക വിഭാഗങ്ങളിൽ സംവരണം നൽകുമെന്ന് കേന്ദ്രം പ്രഖ്യാപിച്ചു. പത്തു ശതമാനം ഒഴിവുകൾ അഗ്നിവീറുകൾക്ക് മാറ്റിവയ്ക്കാനാണ് തീരുമാനം. അസം റൈഫിൾസിലും സംവരണം നല്കും. നിയമനത്തിനുള്ള പ്രായപരിധിയിൽ 3 വർഷം ഇളവ് നൽകാനും തീരുമാനമായി. ഇതോടൊപ്പം ഈ വർഷം അഗ്നിപഥ് വഴി സേനയിൽ ചേരുന്നവർക്ക് 5 വയസ്സിൻറെ ഇളവും ലഭിക്കും.
പ്രതിഷേധം തണുപ്പിക്കാൻ കേന്ദ്രം, അഗ്നിവീര്‍ അംഗങ്ങൾക്ക് സംവരണം പ്രഖ്യാപിച്ചു
