ഉത്തർപ്രദേശിലെ ഹാപുരിൽ 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാൻ പ്ലാസ്റ്റിക് ഡമ്മി ഉപയോഗിച്ച് വ്യാജ ശവദാഹം നടത്താൻ ശ്രമം. ഗംഗാഘട്ടിൽ നാട്ടുകാർ സംശയം തോന്നി പരിശോധിച്ചപ്പോൾ തട്ടിപ്പ് പുറത്താവുകയും രണ്ടുപേർ അറസ്റ്റിലാവുകയും ചെയ്തു. 

ഹാപുർ: 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക തട്ടിയെടുക്കാനായി ശവദാഹം നടത്താൻ ശ്രമിച്ചത് മനുഷ്യശരീരത്തിന് പകരം തുണിയിൽ പൊതിഞ്ഞ പ്ലാസ്റ്റിക് ഡമ്മി. ഉത്തർപ്രദേശിലെ ഹാപുരിലെ ഗർമുക്തേശ്വർ ഗംഗാഘട്ടിൽ നടന്ന സംഭവം നാട്ടുകാർ തിരിച്ചറിഞ്ഞതോടെ നടന്നത് വൻ നാടകീയ രംഗങ്ങൾ. തുടര്‍ന്ന് ഇൻഷുറൻസ് തട്ടിപ്പിനുള്ള ഇവരുടെ ശ്രമം പരാജയപ്പെട്ടു. ഗംഗാഘട്ടിലെ പതിവ് ആചാരങ്ങളൊന്നും പാലിക്കാതെ, തിരക്കിട്ട് ചിതക്ക് തീ കൊടുക്കാൻ ഒരുങ്ങിയ സംഘം നാട്ടുകാരിൽ സംശയമുണ്ടാക്കി.

ദൃക്‌സാക്ഷിയായ വിശാൽ എന്നയാളുടെ വാക്കുകൾ പ്രകാരം, സംഘം സാധാരണയുള്ള ചടങ്ങുകളൊക്കെ ഒഴിവാക്കി നേരിട്ട് ചിതക്ക് തീകൊളുത്താൻ ശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. തുടര്‍ന്ന് നാട്ടുകാർ പുതപ്പ് നീക്കി പരിശോധിച്ചപ്പോൾ, അതിനുള്ളിൽ മനുഷ്യശരീരത്തെപ്പോലെ തോന്നിക്കാൻ വേണ്ടി ഒരു പ്ലാസ്റ്റിക് ഡമ്മിയാണ് കണ്ടത്.

ഇത് ചെറിയ കാര്യമല്ലെന്ന് തിരിച്ചറിഞ്ഞ നാട്ടുകാർ, തട്ടിപ്പ് ലക്ഷ്യമിട്ടുള്ള കുറ്റകൃത്യമാണ് നടന്നതെന്ന് സംശയിച്ചു. ഉടൻ തന്നെ സ്ഥലത്തുണ്ടായിരുന്ന രണ്ടുപേരെ തടഞ്ഞുവെക്കുകയും പൊലീസിൽ വിവരമറിയിക്കുകയും ചെയ്തു. എന്നാൽ സംഘത്തിലെ മറ്റ് രണ്ടുപേർ ഓടി രക്ഷപ്പെട്ടു. പൊലീസ് സ്ഥലത്തെത്തിയപ്പോൾ പ്രതികൾ ആദ്യം പറഞ്ഞത്, ഡൽഹിയിലെ ഒരു ആശുപത്രിയിൽ നിന്ന് മൃതദേഹത്തിന് പകരം ഡമ്മിപാക്കറ്റാണ് തങ്ങൾക്ക് നൽകിയതെന്നാണ്. എന്നാൽ ചോദ്യം ചെയ്യലിൽ മൊഴികളിലെ വൈരുദ്ധ്യങ്ങൾ വ്യക്തമായതോടെ പ്രതികൾ കുറ്റം സമ്മതിച്ചു.

കൈലാഷ്പുരി (പാലം, ഡൽഹി) സ്വദേശിയായ കമൽ സൊമാനി, ഉത്തം നഗർ സ്വദേശിയായ സുഹൃത്ത് ആശിഷ് ഖുരാന എന്നിവരാണ് അറസ്റ്റിലായത്. 50 ലക്ഷം രൂപയിലധികം കടബാധ്യതയുണ്ടായിരുന്ന കമൽ സൊമാനിയാണ് തട്ടിപ്പ് ആസൂത്രണം ചെയ്തതെന്ന് ഗർഹ് സർക്കിൾ ഓഫീസർ സ്തുതി സിംഗ് അറിയിച്ചു. ഒരു വർഷം മുമ്പ് തൻ്റെ മുൻ ജീവനക്കാരനായ അൻഷുൽ കുമാറിൻ്റെ ആധാർ, പാൻ കാർഡ് എന്നിവ അറിയാതെ ഉപയോഗിച്ച് 50 ലക്ഷം രൂപയുടെ ലൈഫ് ഇൻഷുറൻസ് പോളിസി എടുക്കുകയും കൃത്യമായി പ്രീമിയം അടയ്ക്കുകയും ചെയ്തിരുന്നു. വ്യാജ ശവദാഹം നടത്തി, വ്യാജ മരണ സർട്ടിഫിക്കറ്റ് ഉണ്ടാക്കി, ഇൻഷുറൻസ് തുക കൈക്കലാക്കുകയായിരുന്നു ലക്ഷ്യം.

'മരിച്ചയാൾ' വീട്ടിൽ സുഖമായിരിക്കുന്നു

സംഭവത്തിലെ ദുരൂഹത നീക്കുന്നതിനായി പൊലീസ് ഇൻഷുറൻസ് എടുത്ത അൻഷുൽ കുമാറിനെ ബന്ധപ്പെട്ടു. താൻ പ്രയാഗ്‌രാജിലെ വീട്ടിൽ ജീവനോടെയും ആരോഗ്യവാനായി ഇരിക്കുന്നതായും, തൻ്റെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തതിനെക്കുറിച്ച് യാതൊരു അറിവും ഇല്ലെന്നും അദ്ദേഹം പൊലീസിനെ അറിയിച്ചു. അറസ്റ്റിലായ പ്രതികളെയും അവർ ഉപയോഗിച്ച ഐ20 കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട രണ്ട് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.