Asianet News MalayalamAsianet News Malayalam

Human Animal Conflict : കര്‍ഷകര്‍ തുരത്തിയോടിച്ച കാട്ടാനകള്‍ കനാലില്‍ കുടുങ്ങി; പുലിവാല് പിടിച്ച് വനംവകുപ്പ്

വയലുകളിലേക്ക് കാട്ടനക്കൂട്ടം എത്തിയതോടെ ഗ്രാമീണര്‍ ഇവരെ ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു. ആനക്കൂട്ടം ചിതറിയോടിയപ്പോള്‍ കൂട്ടത്തില്‍ നിന്ന് വിട്ട് പോയ അഞ്ച് ആനകളാണ് ഹാനഗേഡ് ഗ്രാമത്തിലെ കനാലില്‍ കുടുങ്ങിയത്. 

Elephant herd gets stuck at canal in Karnataka
Author
Gurupura, First Published Jan 12, 2022, 9:27 AM IST

വിള നശിപ്പിക്കാനിറങ്ങിയ കാട്ടാനകളെ കര്‍ഷകര്‍ തുരത്തിയോടിച്ചു. കനാലില്‍ കുടുങ്ങിയ കാട്ടാനക്കൂട്ടത്തിന് രക്ഷയായത് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. കര്‍ണാടകയിലെ മൈസുരിലാണ് കാട്ടാനക്കൂട്ടം കനാലില്‍ നിന്ന് കയറാനാവാതെ കുടുങ്ങിയത്. നാഗര്‍ ഹോളെ കടുവാ സങ്കേതത്തിന് സമീപമുള്ള ഗുരുപുര ഗ്രാമത്തിലാണ് തിങ്കളാഴ്ച കാട്ടാനക്കൂട്ടം ഇറങ്ങിയത്. വയലുകളിലേക്ക് കാട്ടനക്കൂട്ടം എത്തിയതോടെ ഗ്രാമീണര്‍ ഇവരെ ശബ്ദമുണ്ടാക്കി ഓടിക്കുകയായിരുന്നു.

ആനക്കൂട്ടം ചിതറിയോടിയപ്പോള്‍ കൂട്ടത്തില്‍ നിന്ന് വിട്ട് പോയ അഞ്ച് ആനകളാണ് ഹാനഗേഡ് ഗ്രാമത്തിലെ കനാലില്‍ കുടുങ്ങിയത്. കനാലില്‍ നിന്ന് കയറാനാവാതെ വന്നതോടെ ആനക്കൂട്ടവും ഭയന്നു. കനാലിന്‍റെ ചുവരുകളില്‍ കൂടി കയറാന്‍ സാധിക്കാതെ തിരികെ ഇറങ്ങേണ്ടി വരുന്ന കൊമ്പനടക്കമുള്ള കാട്ടനകളുടെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. മൈസുരുവിലെ ഹുന്‍സൂര്‍ താലൂക്കിലെ തീര്‍ത്ഥ നദിയില്‍ നിന്നുള്ള കനാലാണ് കാട്ടാനകള്‍ക്ക് കുരുക്കായത്.

ഗ്രാമീണരും പരിസരത്ത് കൂടിയതോടെ വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി. ആനകളെ പരിക്കുകള്‍ ഇല്ലാതെ രക്ഷപ്പെടുത്തുകയായിരുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. രൂക്ഷമായ വിമര്‍ശനമാണ് സംഭവത്തില്‍ വനംവകുപ്പിനെതിരെ ഉയരുന്നത്. പരിസ്ഥിതി മന്ത്രാലയവും വനംവകുപ്പും ഇത്തരം സാഹചര്യങ്ങളും മനുഷ്യനും വന്യമൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ ഉണ്ടാവാതിരിക്കാനുള്ള സാഹചര്യമൊരുക്കണമെന്നാണ് വിമര്‍ശകരില്‍ ഏറിയ പങ്കും അഭിപ്രായപ്പെടുന്നത്. 

Follow Us:
Download App:
  • android
  • ios