ശനിയാഴ്ച വീട്ടുകാർക്കിടയിലുണ്ടായ തർക്കം പരിഹരിച്ച് പൊലീസുകാരൻ മടങ്ങിയിരുന്നു. എന്നാൽ ഞായറാഴ്ച കനാലിന് സമീപത്ത് മണൽ ഇറക്കിയതിനേ ചൊല്ലി വീട്ടുകാർക്കിടയിൽ വീണ്ടും തർക്കം രൂപപ്പെടുകയായിരുന്നു

രാജ്പൂർ: കല്ലും മണലും ഇറക്കുന്നതിനേ ചൊല്ലി തർക്കം കയ്യേറ്റത്തിലേക്കും എത്തിയതിന് പിന്നാലെ ബിഹാറിൽ 3 പേർ കൊല്ലപ്പെട്ടു. പിന്നാലെ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. ബിഹാറിലെ അഹിയപൂർ ഗ്രാമത്തിൽ ഞായറാഴ്ചയുണ്ടായ അക്രമത്തിലാണ് മൂന്ന് സ്ത്രീകൾ കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ അടുത്ത ബന്ധു അറസ്റ്റിലായി. പിന്നാലെയാണ് സംഭവം മേലധികാരികളെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തത്. 

ഞായറാഴ്ചയുണ്ടായ അക്രമത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഒരേ വീട്ടുകാർക്കിടയിലാണ് മണലും കല്ലും ഇറക്കുന്ന സ്ഥലത്തേച്ചൊല്ലി തർക്കമുണ്ടായത്. ശനിയാഴ്ച ഇത് സംബന്ധിച്ച തർക്കം പൊലീസുകാരൻ പരിഹരിച്ചിരുന്നു. എന്നാൽ ഞായറാഴ്ച കനാലിന് സമീപം മണൽ ഇറക്കിയതിനേ ചൊല്ലി വീണ്ടും തർക്കമുണ്ടാവുകയും ഇത് വെടിവയ്പിൽ കലാശിക്കുകയുമായിരുന്നു. സംഭവത്തിൽ ബന്ധുക്കളായ 19 പേർക്കെതിരെയും ഇവരുടെ ജോലിക്കാരായ മൂന്ന് പേർക്കെതിരെയും പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്തതായി ബക്സാർ പൊലീസ് സൂപ്രണ്ട് ശുഭം ആര്യ വിശദമാക്കി. 

സംഭവത്തിൽ ഓം പ്രകാശ് സിംഗ് എന്നയാളെ അറസ്റ്റ് ചെയ്തതായും പൊലീസ് വിശദമാക്കി. മറ്റുള്ള പ്രതികൾക്കായി തെരച്ചിലുകൾ നടക്കുകയാണെന്നും എസ് പി പ്രതികരിച്ചു. അതേസമയം വാക്കേറ്റം നടന്നത് അന്വേഷിക്കാനെത്തിയ ചൌക്കീദാറിനെയാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. റിതേഷ് പാണ്ഡെ എന്ന പൊലീസുകാർ ശനിയാഴ്ച സംഭവ സ്ഥലം സന്ദർശിച്ചിരുന്നു. ഒരേ വീട്ടിലുള്ള ആളുകൾ ആയതിനാൽ പ്രശ്നം പറഞ്ഞ് പരിഹരിച്ച ശേഷം ഇയാൾ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ മേഖലയിൽ സംഘർഷാവസ്ഥയുണ്ടെന്ന വിവരം ഇയാൾ സ്റ്റേഷനിലെ മുതിർന്ന ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നില്ല. 

Scroll to load tweet…

ഞായറാഴ്ച രാവിലെ വീണ്ടും ബന്ധുക്കൾക്കിടയിൽ വാക്കേറ്റമുണ്ടാവുകയും ഒരാൾ ആളുകൾക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. അക്രമത്തിൽ രണ്ട് പേർക്ക് ഗുരുതര പരിക്കാണ് ഏറ്റിട്ടുള്ളത്. ഇവരെ വാരണാസി ട്രോമാ കെയറിലേക്ക് മാറ്റിയിരിക്കുകയാണ്. വടികളുമായി ബന്ധുക്കൾ തമ്മിൽ തല്ലുന്നതിനിടെയാണ് ബന്ധുക്കളിലൊരാൾ വെടിയുതിർത്തത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം