ഉത്തർപ്രദേശിലെ ഉന്നാവോയിൽ സ്കൂൾ വിദ്യാർത്ഥിനി ദിവസങ്ങളോളം ശല്യം ചെയ്ത യുവാവിനെ നടുറോഡിൽ വെച്ച് തല്ലി. യുവാവിനെ പെൺകുട്ടി ചെരുപ്പുകൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

ഉന്നാവോ: ദിവസങ്ങളോളം ശല്യം ചെയ്ത യുവാവിനെ നടുറോഡിൽ തല്ലി സ്കൂൾ വിദ്യാർത്ഥിനി. ഉത്തർപ്രദേശിലെ ഉന്നാവോയിലാണ് സംഭവം. യുവാവിനെ പെണ്‍കുട്ടി തല്ലുന്നതിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. പെൺകുട്ടിയുടെ ധൈര്യത്തിന് വലിയ പ്രശംസയാണ് ലഭിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

എന്നാൽ, പെൺകുട്ടി ഔദ്യോഗികമായി പരാതി നൽകിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പുറത്തുവന്ന വീഡിയോയിൽ പെൺകുട്ടി യുവാവിനെ ചെരുപ്പുകൊണ്ട് അടിക്കുകയും മുഖത്തടിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കാണാം. തിരക്കേറിയ ഒരു തെരുവിൽ വെച്ച് ഇരുവരും ഏറ്റുമുട്ടുമ്പോൾ ഒരു ഘട്ടത്തിൽ പെൺകുട്ടിയുടെ കയ്യിൽ കല്ലും കാണാം.

ഉന്നാവോയിലെ പോണി റോഡ് പ്രദേശത്താണ് സംഭവം നടന്നത്. യുവാവിന്‍റെ കോളറിൽ പിടിച്ച് പെൺകുട്ടി മർദിക്കുമ്പോൾ ചുറ്റും ആളുകൾ കൂടുന്നുണ്ട്. പിന്നീട് ഇയാളെ പൊലീസിന് കൈമാറുകയായിരുന്നു. വാട്ടർ സപ്ലൈ ഇ-റിക്ഷാ ഡ്രൈവറായ ഇയാൾ ഗംഗാഘട്ടിലെ ബ്രാഹ്മൺ നഗർ സ്വദേശിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്കൂളിലേക്ക് പോകുന്ന വഴിയിൽ പെൺകുട്ടിയെ ദിവസങ്ങളോളം ഇയാൾ ശല്യം ചെയ്തിരുന്നതായും, ഇത് നിർത്താൻ പെൺകുട്ടി താക്കീത് നൽകിയിരുന്നതായും റിപ്പോർട്ടുകൾ പറയുന്നു.

Scroll to load tweet…

ശല്യം സഹിക്കവയ്യാതെ വന്നതോടെയാണ് പെൺകുട്ടി ഇയാളെ നടുറോഡിൽ വെച്ച് നേരിടുകയും മർദിക്കുകയും ചെയ്തത്. പെൺകുട്ടി പരാതി നൽകാത്തതിനാല്‍ ക്രിമിനൽ നടപടിച്ചട്ടം (CrPC) സെക്ഷൻ 151 (സമാധാന ലംഘനം, തടയൽ) പ്രകാരം ഇയാൾക്കെതിരെ കേസെടുക്കുകയും ചലാൻ നൽകുകയും ചെയ്തതായി പൊലീസ് അറിയിച്ചു.