മദ്യനിരോധനം നിലവിലുള്ള ബിഹാറിലെ നവാഡയിൽ, കക്കൂസിനടിയിലെ സെപ്റ്റിക് ടാങ്കിൽ മദ്യം ഒളിപ്പിച്ച് വിൽപന നടത്തിയ വ്യാപാരിയെ പോലീസ് അറസ്റ്റ് ചെയ്തു. ബിക്കി കുമാർ എന്നയാളുടെ വീട്ടിൽ നടത്തിയ റെയ്ഡിൽ 29 കുപ്പി മദ്യമാണ് കണ്ടെടുത്തത്.
പട്‌ന/നവാഡ: കക്കൂസിനടിയിലെ സെപ്റ്റിക് ടാങ്കിൽ മദ്യം ഒളിപ്പിച്ച വ്യാപാരി പിടിയിൽ. ബിഹാറിലെ നവാഡ ജില്ലയിലാണ് സംഭവം. മദ്യനിരോധനം നിലവിലുള്ള ബിഹാറിൽ, നിയമലംഘകർ മദ്യം കടത്താനും വിൽക്കാനും പുതിയ വഴികൾ തേടുകയാണ്. മദ്യവ്യാപാരിയായ ബിക്കി കുമാറിന്‍റെ വീട്ടിൽ പൊലീസ് നടത്തിയ റെയ്ഡിലാണ് ഞെട്ടിക്കുന്ന ഈ സംഭവം പുറത്തായത്. കക്കൂസ് ടാങ്കിനടിയിൽ ഒളിപ്പിച്ച നിലയിൽ 29 കുപ്പി മദ്യമാണ് പൊലീസ് കണ്ടെടുത്തത്. ഇയാളെ അറസ്റ്റ് ചെയ്തതായി സ്റ്റേഷൻ ഹൗസ് ഓഫീസർ ധൻവീർ കുമാർ അറിയിച്ചു.
ബുന്ദേൽഖണ്ഡ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ടെലി ടോള പർ നവാഡ പ്രദേശത്താണ് പ്രതിയുടെ വീട് സ്ഥിതി ചെയ്യുന്നത്. ഇയാളുടെ വീട്ടിൽ നിന്ന് കുറച്ച് പണവും ഒരു സ്കൂട്ടറും പൊലീസ് പിടിച്ചെടുത്തു. മുഖ്യമന്ത്രി നിതീഷ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ 2016 ഏപ്രിലിലാണ് സംസ്ഥാനത്ത് മദ്യത്തിന്‍റെ വിൽപനയും ഉപഭോഗവും പൂർണ്ണമായും നിരോധിച്ചത്.
ക്രമസമാധാനം മെച്ചപ്പെടുത്താനും ഗാർഹിക പീഡനങ്ങൾ കുറയ്ക്കാനും സാമൂഹിക, ആരോഗ്യ നിലവാരം ഉയർത്താനുമായിരുന്നു ഈ നീക്കം. എന്നാൽ, മദ്യനിരോധനം ഉണ്ടായിട്ടും, വ്യാപാരികൾ സംസ്ഥാനത്തുടനീളം മദ്യം കടത്താനും വിൽക്കാനും ഉത്പാദിപ്പിക്കാനും പുതിയ വഴികൾ കണ്ടെത്തുന്നത് അധികൃതർക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.


