കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും പ്രവർത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നുവെന്ന് മോദി

ഹൈദരാബാദ്: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കരുത്ത് വർധിപ്പിക്കലടക്കമുള്ള ലക്ഷ്യങ്ങളോടെ ഹൈദരാബാദിൽ തുടങ്ങിയ ബി ജെ പി (BJP) ദേശീയ നിർവ്വാഹക സമിതി (Executive Meeting) യോഗത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. തെലങ്കാനയിൽ പ്രധാനമായും കണ്ണുവയ്ക്കുന്നുവെന്ന് വ്യക്തമാക്കുന്നതായിരുന്നു മോദിയുടെ വാക്കുകൾ. ഹൈദരബാദിനെ ഭാഗ്യനഗർ എന്നായിരുന്നു പ്രധാനമന്ത്രി അഭിസംബോധന ചെയ്തത്. ബി ജെ പി അധികാരത്തിൽ വന്നാൽ ഹൈദരാബാദിനെ ഭാഗ്യ നഗർ ആക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ബി ജെ പി വെല്ലുവിളി നേരിടുന്ന സംസ്ഥാനങ്ങളിലെ പാ‍ർട്ടി പ്രവർത്തകരെ അഭിനന്ദിച്ചുകൊണ്ടാണ് മോദി പിന്നീട് സംസാരിച്ചത്. കേരളത്തിലും ബംഗാളിലും തെലങ്കാനയിലും ബിജെപി പ്രവർത്തകർ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്യുന്നുണ്ട്. വെല്ലുവിളികൾക്കിടയിലും പ്രവർത്തിക്കുന്ന കേരളം അടക്കമുള്ള സംസ്ഥാനങ്ങളിലെ പ്രവർത്തകരെ അഭിനന്ദിക്കുന്നതായും മോദി വ്യക്തമാക്കി.

അതിന് ശേഷം മോദി മുസ്ലിം വിഭാഗത്തിലെ പിന്നോക്കാർക്ക് വേണ്ടി പ്രവർത്തിക്കണമെന്ന് ദേശീയ നിർവ്വാഹക സമിതി യോഗത്തിൽ ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ പദ്ധതികൾ പിന്നോക്കക്കാരിൽ എത്തിക്കണം. ഇതിന് പാർട്ടി പ്രവർത്തകരും മുന്നിട്ടിറങ്ങണം. പ്രധാനമായും ഉത്തർപ്രദേശിലെ ബിജെപി നേതാക്കൾക്കളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ നിർദ്ദേശം. അസംഗഡിലെയും രാംപൂരിലെയും വിജയങ്ങൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് മോദിയുടെ നിർദേശമെന്നതും ശ്രദ്ധേയമാണ്.

പ്രമുഖ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനെതിരെയായിരുന്നു പിന്നീട് മോദിയുടെ വിമർശനം. വർഷങ്ങളായി ഇന്ത്യ ഭരിച്ച പാർട്ടി നിലനിൽപ്പിനായി കഷ്ടപ്പെടുകയാണെന്ന് പറഞ്ഞ മോദി, അവരെ പരിഹസിക്കരുതെന്നും പറഞ്ഞു. ആ പാ‍ർട്ടി ചെയ്തതൊന്നും ബി ജെ പി ചെയ്യാതിരിക്കാനാണ് നോക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി ജെ പി യുടെ ആശയത്തിന്‍റെ അടിസ്ഥാനം ജനാധിപത്യമാണ്. വൈവിധ്യത്തിന്‍റെ ഊർജ്ജം ഉൾക്കൊണ്ട് സംഘടന രാജ്യത്ത് വളർത്തണമെന്നും മോദി ആവശ്യപ്പെട്ടു.

'അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം, ബിജെപി ഭരണത്തിൽ ഇന്ത്യ ലോകത്ത് വിശ്വ ഗുരു ആകും': അമിത് ഷാ

അതേസമയം ഗുജറാത്ത് കലാപത്തിലെ സുപ്രീംകോടതി വിധി ചരിത്രപരമെന്നാണ് ബിജെപി നിർവാഹക സമിതി യോഗത്തിൽ അമിത് ഷാ അഭിപ്രായപ്പെട്ടത്. മോദിക്കെതിരെ ഉയർന്ന ആരോപണങ്ങൾ അടിസ്ഥാനരഹിവും രാഷ്ട്രീയ പ്രേരിതവും എന്ന് കോടതി കണ്ടെത്തിയരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി യോഗത്തില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു കേന്ദ്ര ആഭ്യന്ത്രമന്ത്രി കൂടിയായ അമിത് ഷാ. പ്രതിപക്ഷം ചിതറി പോയിരിക്കുന്ന അവസ്ഥയാണ്. കോൺഗ്രസിനുള്ളിലെ ജനാധിപത്യത്തിനായി അംഗങ്ങൾ പരസ്പരം പോരടിക്കുകയാണ്. ഭയം കൊണ്ടാണ് ഗാന്ധി കുടുബം കോൺഗ്രസ് പ്രസിഡന്റിനെ തെരഞ്ഞെടുക്കാത്തത്. കോൺഗ്രസിന് മോഡി ഫോബിയ ആണെന്നും അമിത് ഷാ കുറ്റപ്പെടുത്തി.

ദക്ഷിണേന്ത്യയില്‍ എങ്ങനെ കരുത്തരാകാം; തന്ത്രങ്ങള്‍ മെനയുന്ന ബിജെപി

രാജ്യത്തിനായി എടുക്കുന്ന എല്ലാ തീരുമാനങ്ങളെയും കോൺഗ്രസ് എതിർത്തു കൊണ്ടേയിരിക്കുന്നു. സർജിക്കൽ സ്ട്രൈക്ക് , കശ്മീരിലെ 370, വാക്സിനേഷൻ. രാമക്ഷേത്രം തുടങ്ങിയവയെല്ലാം കോൺഗ്രസ് എതിർത്തു. അനുച്ഛേദം 370 റദ്ദാക്കിയതോടെ ജമ്മുകശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമായി. മോദി പ്രധാനമന്ത്രി ആയപ്പോൾ ആഭ്യന്തര സുരക്ഷയും അതിർത്തിയിലെ സുരക്ഷയും ശക്തിപ്പെട്ടു. അടുത്ത 40 വർഷം ബിജെപിയുടെ കാലഘട്ടം ആണ്. ബി ജെ പി ഭരണത്തിൽ ഇന്ത്യ ലോകത്തിനു മുമ്പിൽ വിശ്വ ഗുരു ആകും. രാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ അവസരം ലഭിച്ചപ്പോൾ ഒരുതവണ ദളിത് വിഭാഗത്തിൽ നിന്നും ഒരുതവണ ആദിവാസി വനിതാ വിഭാഗത്തിൽ നിന്നുമാണ് ബിജെപി സ്ഥാനാർഥിയെ തെരഞ്ഞെടുത്തതെന്നും അമിത് ഷാ പറഞ്ഞു.