2012ല്‍ റോബര്‍ട് വദ്രയുടെ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് അശോക് ഖേംകയെന്ന പേര് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.

ദില്ലി: 34 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടയില്‍ 57 തവണ സ്ഥലംമാറ്റപ്പെട്ട ഐഎഎസ് ഓഫീസർ വിരമിച്ചു. 1991 ബാച്ച് ഉദ്യോഗസ്ഥനായ അശോക് ഖേംക, ഹരിയാനയിലെ ഗതാഗത വകുപ്പിൽ അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് വിരമിച്ചത്. 2012ല്‍ റോബര്‍ട് വദ്രയുടെ ഭൂമിയുടെ പോക്കുവരവ് റദ്ദാക്കിയതോടെയാണ് അശോക് ഖേംകയെന്ന പേര് ദേശീയ തലത്തിൽ ശ്രദ്ധ നേടിയത്.

അഴിമതിക്കെതിരെ നിരന്തരം പോരാട്ടം. അത് ഏത് സർക്കാരായാലും. അതുകൊണ്ടുതന്നെ ഔദ്യോഗിക ജീവിതത്തിൽ നിരന്തരം മാറ്റി നിര്‍ത്തപ്പെട്ടു. ഭൂപീന്ദര്‍ ഹൂഡ നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഖേംകെയെ നിലം തൊടാതെ ഓടിച്ചു. വദ്രയുടെ ഭൂമി ഇടപാട് 2014ല്‍ പ്രചാരണ വിഷയമാക്കിയ ബിജെപിയും മനോഹർ ലാൽ ഖട്ടാറിന്‍റെ നേതൃത്വത്തിൽ അധികാരത്തിൽ വന്നപ്പോൾ അപ്രധാന വകുപ്പുകളിലേക്ക് ഒതുക്കി. 12 കൊല്ലത്തിനിടെ അപ്രധാന വകുപ്പുകളില്‍ ജോലി ചെയ്ത ഖേംകെ ഓരോ ആറു മാസത്തിനിടയിലും സ്ഥലംമാറ്റപ്പെട്ടു. നാല് തവണ ആര്‍ക്കെവ്സ് വകുപ്പിലെത്തി. ഇതില്‍ മൂന്ന് സ്ഥലമാറ്റവും ബിജെപി ഭരണ കാലത്താണ്. 

അഴിമതി തുടച്ചുനീക്കാന്‍ തനിക്ക് വിജിലന്‍സില്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ട് 2023ൽ ഖേംക മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ചില ഉദ്യോഗസ്ഥർക്ക് അമിത ജോലിഭാരമുണ്ടെന്നും താൻ ഉൾപ്പെടെയുള്ള മറ്റുള്ളവർക്ക് ആർക്കൈവ്സ് പോലുള്ള വകുപ്പുകളിൽ കാര്യമായൊന്നും ചെയ്യാനില്ലെന്നും ഖേംക കത്തിൽ ചൂണ്ടിക്കാട്ടി. പക്ഷേ ഒന്നും സംഭവിച്ചില്ല. രണ്ട് വർഷം മുൻപ് ബാച്ചിലെ മറ്റുള്ളവർക്ക് പ്രമോഷൻ ലഭിച്ചപ്പോൾ അഭിനന്ദിച്ച് അദ്ദേഹം പോസ്റ്റിട്ടു. പിന്തള്ളപ്പെട്ടുപോയ ഒരാളെന്ന നിലയിലെ നിരാശയും അദ്ദേഹം പങ്കുവച്ചു. 

'നേരെ വളരുന്ന മരങ്ങളാണ് ആദ്യം മുറിച്ചുമാറ്റപ്പെടുക. ഖേദമില്ല. ദൃഢനിശ്ചയത്തോടെ തുടരും'- എന്നായിരുന്നു ഖേംകയുടെ പ്രതികരണം. ഐഐടി ഖരഗ്പൂരിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ ബാച്ചിലർ ഓഫ് ടെക്നോളജി (1988), ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റൽ റിസർച്ചിൽ (ടിഐഎഫ്ആർ) നിന്ന് കമ്പ്യൂട്ടർ സയൻസിൽ പിഎച്ച്ഡി, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഫിനാൻസിൽ സ്പെഷ്യലൈസേഷനോടെ എംബിഎ എന്നിവ നേടി. പഞ്ചാബ് സർവകലാശാലയിൽ നിന്ന് എൽഎൽബിയും പാസ്സായി. അഭിഭാഷകകനായി അഴിമതിക്കെതിരെ പോരാടുമെന്ന് അശോക് ഖേംകെ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം