ജനാധിപത്യ രാജ്യത്ത്, സംസ്ഥാന സർക്കാരും അതിന്റെ നിയമ നിർവ്വഹണ സംവിധാനങ്ങളും ഒരു പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അവരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നും സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്നും അലഹബാദ് ഹൈക്കോടതി
അലഹബാദ്: മിശ്രവിവാഹിതരായ ദമ്പതികളെ അന്യായമായി കസ്റ്റഡിയിൽ എടുത്ത് യുപി പൊലീസിനെ നിർത്തിപ്പൊരിച്ച് അലഹബാദ് ഹൈക്കോടതി. സമൂഹത്തിൽ നിന്നുള്ള സമ്മർദ്ദത്തിന് വിധേയമായി മിശ്രവിവാഹിതരായ ദമ്പതികളെ യുപി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. മൗലീകാവകാശങ്ങളുടെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാണിച്ച കോടതി സാമൂഹിക സമ്മർദ്ദത്തിന് വിധേയമായി, നിയമാനുസൃതമല്ലാതെ തടങ്കലിൽ വയ്ക്കുന്നത് തടങ്കലിനെ നിയമപരമാക്കുന്നില്ലെന്നും അലഹബാദ് ഹൈക്കോടതി ശനിയാഴ്ച വിശദമാക്കി. പൊലീസ് ഇത്തരത്തിൽ ചെയ്യുന്നത് അതിന്റെ നിയമവിരുദ്ധത വർദ്ധിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും അലഹബാദ് ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ സലിൽ കുമാർ റായ്, ദിവേഷ് ചന്ദ്ര സാമന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് യുപി പൊലീസിനെതിരെ രൂക്ഷ വിമർശനം ഉയർത്തിയത്. അവധി ദിനത്തിൽ നടത്തിയ പ്രത്യേക ഹിയറിംഗിൽ അലഹബാദ് ഹൈക്കോടതി മുസ്ലിം യുവാവിനേയും ഹിന്ദു യുവതിയേയും വെറുതെ വിടുകയും ചെയ്തു. കഴിഞ്ഞ ആഴ്ച നടന്ന ഹിയറിംഗിന് പിന്നാലെ ഇവരെ കാണാതായിരുന്നു. ദമ്പതികളുടെ സുരക്ഷ ഉറപ്പാക്കാനും അവരുടെ സൗഹൃദത്തിൽ നിയമവിരുദ്ധമായ ഇടപെടലുകൾ ഇല്ലെന്ന് ഉറപ്പാക്കാനും പൊലീസിന് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.
തന്റെ പ്രായപൂർത്തിയാകാത്ത മകളെ ഷെയ്ൻ അലി എന്നയാൾ തട്ടിക്കൊണ്ടുപോയതായി ആരോപിച്ച് ഹിന്ദു യുവതിയുടെ പിതാവ് പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ അലിഗഡ് പൊലീസ് ദമ്പതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കീഴ്‌ക്കോടതിയിൽ ഹാജരാക്കിയപ്പോൾ, താൻ പ്രായപൂർത്തിയായ ആളാണെന്നും സ്വന്തം ഇഷ്ടപ്രകാരമാണ്ഷെയ്ൻ അലി വിവാഹം കഴിച്ചതെന്നും യുവതി വ്യക്തമാക്കിയിരുന്നു. ഈ ഹിയറിംഗ് പിന്നാലെ ഇവരെ കാണാതായിരുന്നു.
പൊലീസ് സാമൂഹിക സമ്മർദ്ദത്തിന് വഴങ്ങിയെന്നും ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല നടപടിക്കും നിർദ്ദേശം
ഹൈക്കോടതിയിൽ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിൽ ശനിയാഴ്ച ദമ്പതികളെ കോടതിയിൽ ഹാജരാക്കുകയായിരുന്നു. പൊലീസിന്റെ സഹായത്തോടെ യുവതിയുടെ പിതാവും കൂട്ടാളികളും തങ്ങളെ തട്ടിക്കൊണ്ടുപോയെന്ന് ദമ്പതികൾ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ യുവതിയെ വൺ സ്റ്റോപ്പ് സെന്ററിലേക്ക് അയയ്ക്കുകയായിരുന്നു. ഒക്ടോബർ 15 മുതൽ യുവാവിനെ യു പി പൊലീസ് സ്റ്റേഷനിൽ തടങ്കലിൽ വയ്ക്കുകയായിരുന്നു. അനധികൃതമായ ഈ തടങ്കലിനേക്കുറിച്ച് കോടതി പബ്ലിക് പ്രോസിക്യൂട്ടറോട് തിരക്കി. മുസ്ലിം യുവാവിന്റെയും ഹിന്ദു യുവതിയുടേയും വിവാഹം മൂലം പ്രദേശത്ത് സാമുദായിക സംഘർഷമുണ്ടെന്നും അതിനാലാണ് ദമ്പതികളെ കസ്റ്റഡിയിൽ എടുത്തതെന്നുമാണ് പബ്ലിക് പ്രോസിക്യൂട്ടർ കോടതിയിൽ വിശദമാക്കിയത്. എന്നാൽ പെൺകുട്ടി പ്രായപൂർത്തിയായ ആളാണെന്നും പൊലീസിനോ യുവതിയുടെ പിതാവിനോ യുവതിയെ കസ്റ്റഡിയിൽ സൂക്ഷിക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഈ കേസിൽ ദമ്പതികളെ പൊലീസ് കസ്റ്റഡിയിൽ എടുത്തത് മൗലീകാവകാശങ്ങളുടെ ലംഘനമാണെന്ന് കോടതി വ്യക്തമാക്കി. സാമുദായിക സംഘർഷമുണ്ടെന്ന് കാണിച്ച് ഇവരെ തടങ്കലിൽ വയ്ക്കണമെന്ന ആവശ്യം ന്യായീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത്, സംസ്ഥാന സർക്കാരും അതിന്റെ നിയമ നിർവ്വഹണ സംവിധാനങ്ങളും ഒരു പൗരന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാൻ അവരിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിക്കണമെന്നും സാമൂഹിക സമ്മർദ്ദങ്ങൾക്ക് വഴങ്ങി സ്വാതന്ത്ര്യം പരിമിതപ്പെടുത്തരുതെന്നും അലഹബാദ് ഹൈക്കോടതി കൂട്ടിച്ചേർത്തു. മുസ്ലിം യുവാവിന്റെയും ഭാര്യയുടേയും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ട ഉദ്യോഗസ്ഥർ വകുപ്പുതല നടപടികൾക്ക് വിധേയരാക്കണമെന്നും കേസിൽ ഒരുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നും ഹൈക്കോടതി പൊലീസിന് നിർദ്ദേശം നൽകി.


