ചൈനയുടെ ജെ-20, പാകിസ്ഥാന്റെ ജെ-10സി എന്നിവയ്ക്കുള്ള ഇന്ത്യയുടെ മറുപടിയായിട്ടാണ് എഎംസിഎയെ കാണുന്നത്. വരാനിരിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ ഇത് സൂപ്പർക്രൂയിസ് ശേഷിയുള്ളതായിരിക്കും.

ദില്ലി: ഇന്ത്യയുടെ പ്രതിരോധ സംവിധാനത്തിന്റെ ചരിത്രം തിരുത്തിയെഴുതാൻ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റിന് (AMCA) കേന്ദ്രത്തിന്റെ പച്ചക്കൊടി. ഓപ്പറേഷന്‍ സിന്ദൂറിന് ശേഷമാണ് അഞ്ചാം തലമുറ യുദ്ധവിമാനങ്ങളും അതിനൂതന ഡ്രോണ്‍ സാങ്കേതിക വിദ്യകളും പരീക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നത്. 

 വർഷങ്ങൾക്ക് മുമ്പ് പരി​ഗണനയിലുണ്ടായിരുന്നെങ്കിലും ഉദ്യോഗസ്ഥതലത്തിലെയും സാങ്കേതിക തടസ്സങ്ങളും കാരണം നീണ്ടുപോയ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റ് വീണ്ടും വാർത്തകളിൽ വീണ്ടും ഇടം നേടുന്നു. ഡിആർഡിഒയുടെ വിഭാഗമായ എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി (എഡിഎ) ആയിരിക്കും എഎംസിഎയുടെ നിർമാണത്തിന് മേൽനോട്ടം വഹിക്കുക. ഫൈറ്റർ ജെറ്റുകൾ നിർമ്മിക്കുന്ന ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് (എച്ച്എഎൽ)തേജസ് എത്തിക്കുന്നതിലെ കാലതാമസം സായുധ സേനയ്ക്കുള്ളിൽ നിന്ന് പ്രതിഷേധത്തിന് കാരണമായിരുന്നു. പിന്നാലെയാണ് പുതിയ സ്റ്റെൽത്ത് ഫൈറ്റർ എത്തിക്കാൻ തീരുമാനമായത്. എച്ച്എഎല്ലിന്റെ മെല്ലപ്പോക്കിനെ വ്യോമസേനാ മേധാവി അമർ പ്രീത് സിംഗ് വിമർശിച്ചിരുന്നു.

ചൈനയുടെ ജെ-20, പാകിസ്ഥാന്റെ ജെ-10സി എന്നിവയ്ക്കുള്ള ഇന്ത്യയുടെ മറുപടിയായിട്ടാണ് എഎംസിഎയെ കാണുന്നത്. വരാനിരിക്കുന്ന അഞ്ചാം തലമുറ സ്റ്റെൽത്ത് ഫൈറ്ററായ ഇത് സൂപ്പർക്രൂയിസ് ശേഷിയുള്ളതായിരിക്കും. ആഫ്റ്റർബേണറുകൾ ഇല്ലാതെ സൂപ്പർസോണിക് വേഗതയിൽ പറക്കാനുള്ള കഴിവും ഇതിനുണ്ടാകും. 360 ഡിഗ്രി നിരീക്ഷണ സംവിധോയം, നൂതന ഏവിയോണിക്സ്, ആന്തരികമായി സംഭരിച്ചിരിക്കുന്ന സ്മാർട്ട് ആയുധങ്ങൾ എന്നിവയും ഇതിൽ ഉൾപ്പെടുമെന്ന് ഇടി എഡ്ജ് ഇൻസൈറ്റ്സിന്റെ റിപ്പോർട്ട് പറയുന്നു.

എഎംസിഎയ്‌ക്കൊപ്പം, തദ്ദേശീയമായി നിർമ്മിച്ച ജെറ്റ് എഞ്ചിനായ കാവേരിയും പരീക്ഷിക്കും. റിപ്പോർട്ട് അനുസരിച്ച്, യഥാർത്ഥ പറക്കൽ സാഹചര്യങ്ങളിൽ എഞ്ചിന്റെ പ്രകടനം പരീക്ഷിക്കുന്നതിനായി റഷ്യയിൽ പരീക്ഷണങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. പരീക്ഷണങ്ങൾ വിജയിച്ചാൽ, ഘട്ടക് പോലുള്ള സ്റ്റെൽത്ത് ഡ്രോണുകളെ മാത്രമല്ല, ഭാവിയിൽ എഎംസിഎയുടെ എംകെ-2 മോഡലുകളിലും എഞ്ചിൻ ഉപയോ​ഗിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.