ദില്ലി: 'ഞാനിപ്പോള്‍ ഉറപ്പിച്ചു പറയുന്നു, ഏറെ നാളായി കാത്തിരുന്ന വിപ്ലവം വരികയാണ്.'- പൗരത്വഭേദഗതി നിയമത്തിനെതിരെ ജാമിയ മിലിയ വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തെ പിന്തുണച്ച് സുപ്രീംകോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്‍ജു ട്വിറ്ററില്‍ കുറിച്ചു. വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ പൊലീസ് നടത്തിയ അതിക്രമത്തിന്‍റെ ഒരു വീഡിയോ പങ്കുവച്ചായിരുന്നു കട്‍ജുവിന്‍റെ പ്രതികരണം. ഇതൊരു ഒറ്റപ്പെട്ട പ്രതികരണമല്ല. വിദ്യാര്‍ത്ഥികളെ പിന്തുണച്ച് രാജ്യത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്ന് ഇത്തരത്തില്‍ നിരവധി പ്രതികരണങ്ങളാണ് വരുന്നത്. പലയിടത്തും പ്രതികരണങ്ങള്‍ പ്രതിഷേധത്തിന്‍റെ രൂപത്തിലാണ് പുറത്തുവന്നത്. അതേസമയം, പ്രതിഷേധത്തിന്‍റെ പേരില്‍ നടക്കുന്ന അക്രമങ്ങളില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീംകോടതിയും രംഗത്തെത്തി.

ജാമിയ, അലിഗഡ് സർവ്വകലാശാലകളിൽ  വിദ്യാർത്ഥികൾക്ക് നേരെ നടന്ന  പോലീസ് അക്രമങ്ങള്‍ക്കെതിരെ  നടപടി വേണമെന്ന ആവശ്യത്തോടാണ്, ആദ്യം അക്രമം അവസാനിപ്പിക്കണം എന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പ്രതികരിച്ചത്. സര്‍വ്വകലാശാലകളിലുണ്ടായത് ക്രമസമാധാനപ്രശ്നമാണെന്നാണ് അദ്ദേഹത്തിന്‍റെ നിരീക്ഷണം. സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം മാനിക്കുന്നെങ്കിലും ഈ അക്രമത്തെ അംഗീകരിക്കാനാവില്ലെന്നാണ് അദ്ദേഹത്തിന്‍റെ നിലപാട്.  'പ്രതിഷേധക്കാര്‍ ബസുകള്‍ കത്തിക്കുകയും , പൊതു മുതല്‍ നശിപ്പിക്കുകയും ചെയ്യുന്നു.  തെരുവില്‍ നിയമം കൈയ്യിലെടുക്കുകയാണെങ്കില്‍ ആയിക്കൊള്ളൂ, കോടതി ഇടപെടില്ല' എന്ന് ചീഫ് ജസ്റ്റിസ് ഉറപ്പിച്ചു പറ‌ഞ്ഞു. 

Read Also: 'സമരം ചെയ്തോളൂ, അക്രമം അംഗീകരിക്കാനാവില്ല, കോടതി ഇടപെടില്ല'; ജാമിയ മിലിയ പ്രതിഷേധത്തില്‍ അതൃപ്തി അറിയിച്ച് സുപ്രീംകോടതി

ഇന്നലെ വൈകുന്നേരമാണ് ദില്ലി ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. എന്നാല്‍, പ്രതിഷേധം അക്രമാസക്തമായതോടെ കാര്യങ്ങള്‍ കൈവിട്ടു. വിദ്യാര്‍ത്ഥികള്‍ക്കു പുറമേ നാട്ടുകാരില്‍ ചിലരും പ്രതിഷേധപ്രകടനത്തില്‍ പങ്കുചേര്‍ന്നിരുന്നു. ഇവരാണ് അക്രമം അഴിച്ചുവിട്ടതെന്ന് വിദ്യാര്‍ത്ഥികള്‍ ഉറപ്പിച്ചു പറയുന്നു. അക്രമകാരികള്‍ ബസ്സുകള്‍ക്ക് തീയിടുകയും പൊലീസിനെ കല്ലെറിയുകയും ചെയ്തു. ഇതോടെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ജാമിയ മിലിയ ക്യാമ്പസിനകത്തു കയറിയ പൊലീസ് ലൈബ്രറിയിലടക്കം കടന്ന് വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. ഭയന്ന് ശുചിമുറിയില്‍ ഒളിച്ചിരുന്ന വിദ്യാര്‍ത്ഥിനികളെപ്പോലും പൊലീസ് മര്‍ദ്ദിച്ചെന്നാണ് ആരോപണം. പൊലീസ് വളഞ്ഞിട്ട് തങ്ങളെ ആക്രമിക്കുകയായിരുന്നു എന്ന് പരിക്കേറ്റ മലയാളി വിദ്യാര്‍ത്ഥിനി ആയിഷ റെന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മര്‍ദ്ദിക്കാനെത്തിയ പൊലീസിനോട് രൂക്ഷമായി പ്രതികരിക്കുന്ന ആയിഷയുടെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

 


വിദ്യാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തുവന്ന ജാമിയ മിലിയ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ നജ്മ അക്തറുടെ പ്രതികരണവും ശ്രദ്ധേയമായി. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടി ഒരുതരത്തിലും അംഗീകരിക്കാൻ കഴിയാത്തതാണെന്ന് നജ്മ അക്തർ പറഞ്ഞു. വിദ്യാർഥികളെ പോലീസ് ക്രൂരമായാണ് നേരിട്ടത്. വിദ്യാർത്ഥികൾ ഒറ്റയ്ക്കല്ല. ജാമിയ മിലിയ സർവകലാശാല മുഴുവനും ഒപ്പം ഉണ്ട്. യാതൊരു തരത്തിലുള്ള ഭയവും വേണ്ടെന്നും വിദ്യാര്‍ത്ഥികളോട് വി സി പറഞ്ഞു. സർവകലാശാല ഇറക്കിയ വീഡിയോയിൽ ആണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Read Also: 'സഹോദരങ്ങള്‍ക്കായി രക്തമൊഴുക്കും, ഇവിടെ വന്നത് ആദ്യ ബുള്ളറ്റ് ഏറ്റുവാങ്ങാന്‍'; ജാമിയ മിലിയയില്‍ ചന്ദ്രശേഖര്‍ ആസാദ്

ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലഖ്നൗവിലെ നദ്‍വത്തുല്‍ ഉലമാ അറബിക്  കോളേജിനു മുമ്പിലും പൊലീസ്-വിദ്യാര്‍ത്ഥി സംഘര്‍ഷം ഉണ്ടായി. കോളേജ് ഗേറ്റിന് പുറത്ത് പൊലീസും അകത്ത് ആയിരക്കണക്കിന് വിദ്യാർത്ഥികളും മുഖാമുഖം നില്‍ക്കുകയായിരുന്നു. പോലീസും വിദ്യാർത്ഥികളും പരസ്പരം കല്ലെറിഞ്ഞെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഏറെ നേരം ഇവിടെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയായിരുന്നു. 

Read Also: ഇല്ല, ഞങ്ങൾ പിന്മാറില്ല: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധം തുടരുമെന്ന് ജാമിയ വിദ്യാർത്ഥികൾ

അതേസമയം. ദില്ലിയില്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിനിടെ അക്രമം അഴിച്ചുവിട്ടത് പൊലീസാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ബസ് കത്തിച്ചത് പൊലീസാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആരോപിച്ചു. തന്‍റെ ആരോപണം ശരിവെക്കുന്ന തരത്തിലുള്ള ചിത്രങ്ങളും ആം ആദ്മി നേതാവായ സിസോദിയ ട്വിറ്ററില്‍ പങ്കുവച്ചു. എന്നാല്‍, ഇത് നിഷേധിച്ച് പൊലീസ് തന്നെ രംഗത്തെത്തി. തങ്ങള്‍ ശ്രമിച്ചത് തീ അണയ്ക്കാനാണെന്നും വീഡിയോ പൂര്‍ണമായി കണ്ടാല്‍ തെറ്റിദ്ധാരണ ഉണ്ടാവില്ലെന്നുമാണ് പൊലീസിന്‍റെ ന്യായീകരണം. 

Read Also: അക്രമം നടത്തിയത് പൊലീസ്, ചിത്രങ്ങളില്‍ കാണുന്നത് ബിജെപിയുടെ രാഷ്ട്രീയം; പൊലീസിനെതിരെ ദില്ലി ഉപമുഖ്യമന്ത്രി