കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള

ദില്ലി : ജമ്മു കാശ്മീരിലെ നൗ​ഗാമിൽ സ്ഫോടകവസ്തു ശേഖരം പൊട്ടിത്തെറിച്ച സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സഹായധനം പ്രഖ്യാപിച്ച് ജമ്മു കാശ്മീർ സർക്കാർ. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് 10 ലക്ഷം രൂപയും, പരിക്കേറ്റവർക്ക് 1 ലക്ഷം രൂപയുമാണ് സർക്കാർ നൽകുക. സ്ഫോടനത്തിൽ തകർന്ന പോലീസ് സ്റ്റേഷൻ കെട്ടിടവും, അടുത്തുള്ള നിരവധി വീടുകളും സർക്കാർ തന്നെ പുനർ നിർമ്മിക്കുമെന്നും മുഖ്യമന്ത്രി ഒമർ അബ്ദുള്ള അറിയിച്ചു. അതേസമയം സ്ഫോടന കാരണം കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ജമ്മു കാശ്മീർ ലഫ് ​ഗവർണർ മനോജ് സിൻഹ പരിക്കേറ്റവരെ ആശുപത്രിയിൽ സന്ദർശിച്ചു.

ചെങ്കോട്ട സ്ഫോടനത്തിന്റെ ആഘാതത്തിൽനിന്നും രാജ്യം മുക്തമാകും മുൻപേയാണ് അടുത്ത സ്ഫോടനം നടന്നത്. ചെങ്കോട്ട സ്ഫോടനം നടത്തിയ ഭീകര സംഘം ഒളിപ്പിച്ചിരുന്ന സ്ഫോടക വസ്തുക്കൾ 9 നും പത്തിനും ഫരീദാബാദിൽനിന്നടക്കം പിടിച്ചെടുത്തിരുന്നു. ഈ സ്ഫോടക വസ്തുക്കൾ ജമ്മുകശ്മീരിലെത്തിച്ച് നൗ​ഗാം സ്റ്റേഷനിലാണ് സൂക്ഷിച്ചിരുന്നത്. ന ഗാം സ്റ്റേഷൻ അതിർത്തിയിൽ ജയിഷ് എ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ കണ്ടതിനെ തുടർന്നുള്ള അന്വേഷണമാണ് സ്ഫോടക വസ്തുക്കൾ പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചത്. രണ്ട് ദിവസമായി ഫോറൻസിക് സംഘം അടക്കം ഈ സ്ഫോടക വസ്തുക്കളുടെ പരിശോധന നടത്തി വരികയായിരുന്നു. ഇന്നലെ രാത്രി 11.20 ഓടെയാണ് തുറസ്സായ സ്ഥലത്ത് സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചത്. ഉ​​ഗ്രസ്ഫോടനത്തിൽ നൗ​ഗാം പോലീസ് സ്റ്റേഷടനും സമീപത്തെ കെട്ടിടങ്ങളും തകർന്നു. വൻ ശബ്ദത്തോടെ നടന്ന സ്ഫോടനം ഏറെ പരിഭ്രാന്തിക്കിടയാക്കി. 3 ഫോറൻസിക് ഉദ്യോ​ഗസ്ഥർ, 2 റവന്യൂ ഉദ്യോ​ഗസ്ഥർ, 2 ഫോട്ടോ​ഗ്രാഫർമാർ, 1 അന്വേഷണ ഉദ്യോ​ഗസ്ഥൻ, 1 സഹായി എന്നിവരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരിൽ 27 പേർ പോലീസ് ഉദ്യോ​ഗസ്ഥരും, 2 റവന്യൂ ഉദ്യോ​ഗസ്ഥരും 3 നാട്ടുകാരും ഉൾപ്പെടുന്നു. അപകടകാരണം കണ്ടെത്താൻ ശ്രമം തുടരുകയാണ്.

വളരെ ജാ​ഗ്രതയോടെയാണ് സ്ഫോടക വസ്തുക്കൾ ജമ്മു കാശ്മീരിലേക്ക് എത്തിച്ചതെന്നും, വിദ​ഗ്ധരുടെ അടക്കം സാന്നിധ്യത്തിലാണ് നടപടികൾ പൂർത്തിയാക്കിയതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയവും അറിയിച്ചു. സ്ഫോടനത്തെ കുറിച്ച് മറ്റു വ്യാഖ്യാനങ്ങൾ വേണ്ടെന്നും അധികൃതർ പറയുന്നു.

സ്ഫോടനത്തിൻറെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി എ എഫ് എഫ് എന്ന സംഘടന ചില മാധ്യമങ്ങൾക്ക് സന്ദേശം നല്കിയിരുന്നു. ജയിഷ് എ മുഹമ്മദുമായി ബന്ധമുള്ള സംഘടനയാണിത്. സ്ഫോടക വസ്കുക്കൾ സൂക്ഷിച്ച സ്ഥലത്ത് ഐഇഡി സ്ഥാപിക്കുന്നതടതക്കം അട്ടിമറി നടന്നോ എന്ന സംശയം ഇതുണ്ടാക്കി. ഈ സാഹചര്യത്തിലാണ് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുന്നത്.