Asianet News MalayalamAsianet News Malayalam

രാഷ്ട്രപതി സാരിത്തലപ്പു കൊണ്ട് തല മറയ്ക്കുന്നില്ലേ‌? അതൊക്കെ നിരോധിക്കുമോ? ഹിജാബ് വിവാ​ദത്തിൽ കർണാടക നേതാവ്

രാഷ്ട്രപതി ദ്രൗപദി മുർമു സാരിത്തലപ്പാൽ തല മൂടാറുണ്ടല്ലോ, അത് പോപ്പുലർ ഫ്രണ്ട് ​ഗൂഢാലോചനയാണോ എന്നാണ് ജനതാദൾ സെക്കുലർ കർണാടക അധ്യക്ഷൻ സി എം ഇബ്രാഹിം ഇന്ന് ചോദിച്ചത്. 

karnataka jds leader cm ibrahim in hijab controversy
Author
First Published Sep 20, 2022, 7:59 PM IST

ദില്ലി: കർണാടകയിലെ ഹിജാബ് നിരോധനകേസിൽ സുപ്രീംകോടതിയിൽ വാദം തുടരുന്നതിനിടെ ഇസ്ലാമിക ശിരോവസ്ത്രത്തെ സാരിത്തലപ്പു കൊണ്ട് തല മൂടുന്നതിനോടുപമിച്ച് ജനതാദൾ സെക്കുലർ നേതാവ് രം​ഗത്ത്. രാഷ്ട്രപതി ദ്രൗപദി മുർമു സാരിത്തലപ്പാൽ തല മൂടാറുണ്ടല്ലോ, അത് പോപ്പുലർ ഫ്രണ്ട് ​ഗൂഢാലോചനയാണോ എന്നാണ് ജനതാദൾ സെക്കുലർ കർണാടക അധ്യക്ഷൻ സി എം ഇബ്രാഹിം ഇന്ന് ചോദിച്ചത്. 

 "ഇന്ദിരാ ​ഗാന്ധി സാരിത്തലപ്പാൽ തല മൂടാറുണ്ടായിരുന്നു. ഇപ്പോഴത്തെ രാഷ്ട്രപതിയും അങ്ങനെ ചെയ്യുന്നുണ്ട്. ഇങ്ങനെ തലയും മുഖലും മൂടുന്നവർക്കെല്ലാം പിന്നിൽ പോപ്പുലർ ഫ്രണ്ടാണ് എന്നാണോ പറയുന്നത്. സാരിത്തലപ്പ് കൊണ്ട് തല മൂടുന്നത് ഇന്ത്യയുടെ ചരിത്രത്തിലുണ്ട്. അത് ഇന്ത്യയുടെ സംസ്കാരമാണ്."  സി എം ഇബ്രാഹിം പറഞ്ഞു. 
 
പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയാണ് ഹിജാബ് നിരോധനത്തിനെതിരായ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നാണ് കർണാടക സർക്കാർ ഇന്ന് സുപ്രീംകോടതിയിൽ പറഞ്ഞത്. 2021 മുതൽ സ്കൂളുകളിലാരും ​ഹിജാബ് ധരിച്ചെത്തിയിട്ടില്ലെന്നും സർക്കാർ പറഞ്ഞു. 2022 ഫെബ്രുവരിയിലാണ് ഹിജാബ് നിരോധന ഉത്തരവ് കർണാടക സർക്കാർ പുറപ്പെടുവിച്ചത്. ഇതനുസരിച്ച് സ്കൂളുകളിലും കോളേജുകളിലും ഹിജാബോ മറ്റ് ശിരോവസ്ത്രങ്ങളോ ധരിക്കാൻ പാടില്ല. 

രാജസ്ഥാനിലെ വേഷവിതാനം സംബന്ധിച്ചും ജെഡിഎസ് നേതാവ് പരാമർശിച്ചു. "രാജസ്ഥാനിലെ സ്ത്രീകൾ അവരുടെ മുഖം പുറത്തുകാണിക്കാറില്ല. സാരിത്തലപ്പുകൊണ്ട് അങ്ങനെയാണ് അവർ മുഖവും തലയും മറയ്ക്കാറുള്ളത്. അത് നിരോധിക്കാൻ പറ്റുമോ? അത് മുസ്ലീം രീതിയാണെന്ന് പറയാൻ പറ്റുമോ? ഹിജാബും സാരിത്തലപ്പും ഭാഷയിൽ മാത്രമാണ് വ്യത്യാസപ്പെട്ടിരിക്കുന്നത്. രണ്ടും നിർവ്വഹിക്കുന്ന ധർമ്മം ഒന്നാണ്." സി എം ഇബ്രാഹിം പറഞ്ഞു. 

ഹിജാബ് മുസ്ലീംകളുടെ വ്യക്തിത്വത്തെ തെളിയിക്കുന്ന ഒന്നാണെന്നാണ് നിരോധനത്തെ എതിർക്കുന്നവർ കോടതിയിൽ വാദിക്കുന്നത്. ന്യൂനപക്ഷത്തെ പാർശ്വവൽക്കരിക്കുന്നതിനുള്ള, കർണാടക സർക്കാരിന്റെ നടപടിക്രമങ്ങളിൽ ഒന്നു മാത്രമാണ് ഹിജാബ് നിരോധനമെന്ന് മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത് ദവേ കോടതിയിൽ പറഞ്ഞു. 

Read Also: പഞ്ചാബ് മുഖ്യമന്ത്രി വിമാനത്തിൽ മദ്യപിച്ച് ലക്കുകെട്ടോ? വിവാദങ്ങൾക്കിടെ വ്യോമയാനമന്ത്രിക്ക് പറയാനുള്ളത്

Follow Us:
Download App:
  • android
  • ios