വീടിന് പുറത്തിറങ്ങിയ മമതാ ബാനർജിക്ക് നേരേ യുവതി പാഞ്ഞടുത്തെന്നും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. അതേസമയം, മുൻ മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് വാക്കേറ്റമാണുണ്ടായതെന്നും സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു.
കൊൽക്കത്ത: പശ്ചിമ ബംഗാൾ മുൻ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമതാ ബാനർജിയെ യുവതി ആക്രമിക്കാൻ ശ്രമിച്ചെന്ന് പരാതി. വീടിന് പുറത്തിറങ്ങിയ മമതാ ബാനർജിക്ക് നേരേ യുവതി പാഞ്ഞടുത്തെന്നും കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് തൃണമൂൽ കോൺഗ്രസിന്റെ പരാതി. അതേസമയം, മുൻ മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് വാക്കേറ്റമാണുണ്ടായതെന്നും സംഭവത്തിൽ യുവതിയെ കസ്റ്റഡിയിലെടുത്തതായും പൊലീസ് അറിയിച്ചു. യുവതിയുടെ കൈവശം കത്തി ഉണ്ടായിരുന്നോ എന്നകാര്യങ്ങളടക്കം പൊലീസ് പരാമർശിക്കുകയും ചെയ്തില്ല.
ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ മമതാ ബാനർജിയുടെ കാലിഘട്ടിലെ വീടിന് പുറത്താണ് ആക്രമണശ്രമമുണ്ടായതെന്നാണ് തൃണമൂൽ ജനറൽ സെക്രട്ടറി ഡോലാ സെൻ നൽകിയ പരാതിയിൽ പറയുന്നത്. മമതാ ബാനർജി വീടിന് പുറത്തിറങ്ങിയപ്പോൾ പൊലീസിന്റെ സിവിക് വളണ്ടിയറായ തനിഷ്ത സഹ എന്ന യുവതി പാഞ്ഞടുക്കുകയും ആക്രമിക്കാൻ ശ്രമിച്ചെന്നുമാണ് ആരോപണം. മമതയുടെ ബന്ധുവാണെന്ന് അവകാശപ്പെട്ടാണ് ഇവർ വന്നത്. മമതാ ബാനർജിക്ക് നേരേ അസഭ്യവർഷം നടത്തിയ യുവതി കത്തി കൊണ്ട് ആക്രമിക്കാൻ ശ്രമിച്ചെന്നും ഇവർ ലഹരിക്കടിമയാണെന്നും പരാതിയിൽ പറഞ്ഞു. ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രിക്ക് നേരേ ഇത്തരം സംഭവമുണ്ടായത് സുരക്ഷാവീഴ്ചയാണെന്നും തൃണമൂൽ ആരോപിച്ചു. ഇസഡ് പ്ലസ് സുരക്ഷയുള്ള മുൻ മുഖ്യമന്ത്രി പോലും ബംഗാളിൽ സുരക്ഷിതയല്ലെന്നായയിരുന്നു പാർട്ടി വക്താവായ സകേത് ഗോഖലെയുടെ പ്രതികരണം. കേന്ദ്രത്തിൽ ബിജെപിക്കെതിരേ മമത ബാനർജി നടത്തുന്ന പോരാട്ടങ്ങൾ കാരണം ഇത് ബിജെപി ആസൂത്രണം ചെയ്തതാണോ എന്ന് സംശയമുണ്ടെന്നും സകേത് ഗോഖലെ പറഞ്ഞു.
അതേസമയം, തൃണമൂൽ നേതാക്കളുടെ പരാതിയിൽ യുവതിയെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നായിരുന്നു പൊലീസിന്റെ പ്രതികരണം. അനുസുഹ സാഹ എന്നാണ് യുവതിയുടെ പേരെന്നും 38 വയസ്സ് പ്രായമുണ്ടെന്നും പൊലീസ് അറിയിച്ചു. മുഖ്യമന്ത്രിയുടെ വീടിന് പുറത്ത് ഒരു വാക്കേറ്റമുണ്ടായെന്നും തുടർന്ന് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥർ തന്നെയാണ് യുവതിയെ കസ്റ്റഡിയിലെടുത്തതെന്നും പൊലീസ് വ്യക്തമാക്കി. തൃണമൂൽ നേതാക്കളുടെ പരാതിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും പൊലീസ് പ്രസ്താവനയിൽ അറിയിച്ചു.


