ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
ബെംഗളൂരു: കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (കെഎസ്ആർടിസി) ബസ് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിച്ച് അപകടം. രണ്ട് യാത്രക്കാർ മരിക്കുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച ബെല്ലാരിക്ക് സമീപമാണ് അപകടമുണ്ടായത്.
രാമനഗര ജില്ലയിലെ കനകപുര താലൂക്കിലെ ബാലനായക് (46), മാണ്ഡ്യ ജില്ലയിലെ മലവള്ളി താലൂക്കിൽ നിന്നുള്ള ശ്വേത (42) എന്നിവരാണ് മരിച്ചത്. മാസ്‌കിയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു ബസ്. ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതിനെത്തുടർന്ന് ബൈരാപൂർ ക്രോസിനടുത്ത് നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഡ്രൈവർ അമിത വേഗതയിൽ ബസ് ഓടിച്ചതാണ് അപകട കാരണമെന്ന് പൊലീസ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി.
പരിക്കേറ്റവരെ ബെല്ലാരി ട്രോമ കെയർ സെന്ററിലും സിരുഗുപ്പ താലൂക്ക് ആശുപത്രിയിലുമായി പ്രവേശിപ്പിച്ചു. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി സിരുഗുപ്പ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സിരുഗുപ്പ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
