പശ്ചിമ ബം​ഗാളിൽ ലെനിൻ പ്രതിമ തകർത്ത നിലയിൽ. മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ സ്ഥിതിചെയ്തിരുന്ന പ്രതിമ ആണ് തകർക്കപ്പെട്ടത്. സംഭവത്തിൽ ബിജെപിക്കെതിരെ ആരോപണവുമായി സിപിഎം രം​ഗത്തെത്തി. 

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മൂർഷിദാബാദിൽ ബിജെപി പ്രവർത്തകർ ലെനിൻ പ്രതിമ തകർത്തതായി സിപിഎം ആരോപണം. സംഭവത്തിൽ സിപിഎം പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തതായി സിപിഎം ഔദ്യോഗിക എക്സ് അക്കൗണ്ടിൽ പങ്കുവെച്ച പോസ്റ്റിൽ അറിയിച്ചു. അക്രമത്തിനെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

Add Asianetnews as a Preferred SourcegooglePreferred

മൂർഷിദാബാദിലെ ജിയാഗഞ്ച് മേഖലയിൽ മെയ് അഞ്ചിന് രാത്രിയിലാണ് അക്രമം നടന്നതെന്നാണ് സിപിഎം പറയുന്നത്. ബിജെപി ഗുണ്ടകളാണ് ആക്രമണം നടത്തിയതെന്ന് സിപിഎം ആരോപിച്ചു. സിപിഎം പതാകകളുമായി പ്രവർത്തകർ പ്രതിഷേധിക്കുന്ന വീഡിയോ സഹിതം പോസ്റ്റിൽ പങ്കുവെച്ചിട്ടുണ്ട്. ദൃശ്യങ്ങളിലുള്ള ലെനിൻ പ്രതിമയുടെ തല തകർത്ത നിലയിലാണ്. മെയ് എട്ടിന് പ്രതിമ പുനർനി‍ർമിക്കുമെന്ന് സിപിഎം അറിയിച്ചു.

Scroll to load tweet…

ലെനിൻ പ്രതിമ സ്ഥിതിചെയ്യുന്ന മൂ‍ർഷിദാബാദ് മണ്ഡലത്തിൽ ബിജെപിക്കാണ് ജയം. സിറ്റിങ് എംഎൽഎയായ ​ഗൗരി ശങ്കർ ഘോഷ് 31,521 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മണ്ഡലം നി‍ലനിർത്തിയത്. 2018ൽ ഇടത് കോട്ടയായിരുന്ന ത്രിപുര ബിജെപി പിടിച്ചെടുത്തതിന് പിന്നാലെ രണ്ട് ലെനിൻ പ്രതിമകൾ തകർക്കപ്പെട്ടിരുന്നു. സിപിഎം ഭരണത്തിലുണ്ടായിരുന്ന ത്രിപുരയിൽ ബിജെപി അട്ടിമറി വിജയം നേടിയതിന് പിന്നാലെയായിരുന്നു തെക്കൻ ത്രിപുരയിൽ രണ്ട് പ്രതിമകൾ തക‍ർക്കപ്പെട്ടത്.

പശ്ചിമ ബം​ഗാൾ പിടിച്ച് ബിജെപി

പശ്ചിമ ബം​ഗാളിലെ 294 സീറ്റുകളിൽ ബിജെപി 207 സീറ്റുകളിലാണ് വിജയിച്ചത്. 45.8 ശതമാനം വോട്ട് നേടിയാണ് ബിജെപി സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഭരണം പിടിച്ചത്. ഭരണകക്ഷിയായ തൃണമൂൽ കോൺ​ഗ്രസിന് 80 സീറ്റുകളിലാണ് വിജയിക്കാനായത്.

ഫലപ്രഖ്യാപനത്തിന് പിന്നാലെ വ്യാപക അക്രമം

നിയമസഭാ തെര‍ഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിന് പിന്നാലെ പശ്ചിമ ബം​ഗാളിൽ വ്യാപക അക്രമം. പലയിടങ്ങളിലും തൃണമൂൽ കോൺ​ഗ്രസ് - ബിജെപി പ്രവ‍ർത്തകർ ഏറ്റുമുട്ടി. വ്യത്യസ്ത സംഭവങ്ങളിലായി ഇതുവരെ നാലുപേ‍ർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പാർട്ടി ഓഫീസുകളും തക‍ർക്കപ്പെട്ടു.