കര്‍ണാടകയെ വിറപ്പിച്ച പഴയ ഐപിഎസ് സിങ്കം ഇപ്പോള്‍ അണ്ണാമലൈ മാമനായിട്ടുണ്ട് തമിഴ്‌നാട്ടില്‍

ചെന്നൈ: കെ അണ്ണാമലൈ ഐപിഎസ്, ഒരുകാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയ പൊലീസ് ഓഫീസറുടെ പേരാണിത്. എന്നാല്‍ ഐപിഎസ് വേഷം ഉപേക്ഷിച്ച് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി ബിജെപി തമിഴ്നാട് ഘടകത്തിന്‍റെ അധ്യക്ഷനായി കെ അണ്ണാമലൈ എന്ന അണ്ണാമലൈ കുപ്പുസാമി മാറുന്നതാണ് പിന്നീട് കണ്ടത്. ബിജെപിക്ക് ഇതുവരെ വേരുറയ്ക്കാത്ത തമിഴ് മണ്ണില്‍ അണ്ണാമലൈ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഇറക്കി വമ്പിച്ച പ്രചാരണ പരിപാടികള്‍ തുടര്‍ച്ചയായി നടത്തുമ്പോള്‍ വൈറലായിരിക്കുകയാണ് ഒരു വീഡിയോ. 

Read more: ആ 1.89 കോടി വോട്ടര്‍മാര്‍ ആര്‍ക്ക് വോട്ട് ചെയ്യും?

കരിയറിന്‍റെ തുടക്കത്തില്‍ തന്നെ ഏറെ പ്രസിദ്ധിയാര്‍ജിച്ച പൊലീസ് ഉദ്യോഗസ്ഥനാണ് അണ്ണാമലൈ ഐപിഎസ്. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലും ബെംഗളൂരു സൗത്തിലും ജോലി ചെയ്യവേ വലിയ ആരാധകക്കൂട്ടമുണ്ടായിരുന്നു അണ്ണമലൈക്ക്. 'ഐപിഎസ് സിങ്കം, കര്‍ണാടക സിങ്കം' എന്നൊക്കെയായിരുന്നു അന്ന് അദേഹത്തിന് കിട്ടിയ വാഴ്‌ത്തുപാട്ടുകള്‍. പൊലീസ് കുപ്പായത്തിലുള്ള കെ അണ്ണാമലൈയുടെ നിരവധി വീഡിയോകള്‍ അക്കാലത്ത് യൂട്യൂബില്‍ തരംഗമായി. അണ്ണാമലൈ കാറില്‍ നിന്ന് ഇറങ്ങുന്നതും കയറുന്നതും സല്യൂട്ട് ചെയ്യുന്നതും ജനങ്ങളോട് സംസാരിക്കുന്നതും സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുന്നതുമെല്ലാം അക്കാലത്ത് വലിയ പ്രചാരം നേടിയ വീഡിയോകളാണ്.

എന്നാലിപ്പോള്‍ ഐപിഎസ് ഉപേക്ഷിച്ച് ബിജെപിയുടെ ഭാഗമാണ് അണ്ണാമലൈ. തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായ അണ്ണാമലൈയുടെ ഒരു പുതിയ വീഡിയോ വൈറലായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി നടന്നുനീങ്ങുന്ന അണ്ണാമലൈയെ മാമാ എന്ന് കുട്ടികള്‍ ഉച്ചത്തില്‍ വിളിക്കുന്നതാണ് വീഡിയോയില്‍. ഐപിഎസ് സിങ്കം അണ്ണാമലൈ കുട്ടികള്‍ക്ക് മാമനാകുന്നു എന്നാണ് ബിജെപി അണികള്‍ ഇതിന് നല്‍കുന്ന വിശേഷണം. മാമന്‍ എന്നുവിളിച്ച കുട്ടിയെ ഓടിയരികിലെത്തി അണ്ണാമലൈ എടുക്കുന്നതും സംസാരിക്കുന്നതും വീഡിയോയിലുണ്ട്. ഈ ദൃശ്യത്തിന് വലിയ പ്രചാരമാണ് ബിജെപി അണികള്‍ നല്‍കുന്നത്. എന്നാല്‍ ഇതുകൊണ്ടൊന്നും ഗുണം ബിജെപിക്ക് കിട്ടില്ല എന്ന് എതിരാളികള്‍ പറയുന്നു. 

Scroll to load tweet…
Scroll to load tweet…
Scroll to load tweet…

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നേരിട്ട് കളത്തിലിറക്കിയാണ് തമിഴ്നാട്ടില്‍ അണ്ണാമലൈ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം നയിക്കുന്നത്. ഇതിനകം പലതവണ പ്രധാനമന്ത്രി തമിഴ്നാട്ടിലെ വിവിധയിടങ്ങളില്‍ പരിപാടികളില്‍ പങ്കെടുത്തുകഴിഞ്ഞു. വലിയ ജനക്കൂട്ടത്തിന്‍റെ സാന്നിധ്യം നരേന്ദ്ര മോദിയുടെ റാലികള്‍ക്ക് തമിഴ്‌നാട്ടില്‍ പ്രകടമെങ്കിലും അവയെല്ലാം വോട്ടായി മാറുമോ എന്ന ചോദ്യം സജീവമാണ്. ബിജെപിക്ക് ബാലികേറാമലയായി തമിഴ്നാട് തുടരുമോ അതോ അണ്ണാമലൈ അത്ഭുതം കാട്ടുമോ എന്ന് ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ അറിയാം. പിഎംകെയെ (പട്ടാളി മക്കൾ കക്ഷി) ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ മുന്നണിയുടെ ഭാഗമായി മത്സരിപ്പിക്കാന്‍ കഴിയുന്നത് അണ്ണാമലൈയുടെ നേട്ടമാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം