പെണ്‍കുട്ടിയും പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളാണെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മദ്യപിച്ചിരുന്നുവെന്നതിനാല്‍ ബൈക്കില്‍ കൊണ്ടുവിടാനായി ശ്രമിച്ചതാണെന്നുമാണ് വിശദീകരണം

ഭോപ്പാല്‍: വഴിയരികില്‍ നിന്ന പെണ്‍കുട്ടിയോട് പൊലീസുകാരന്‍ അതിക്രമം നടത്തിയ സംഭവത്തില്‍ വിചിത്ര വിശദീകരണവുമായി മധ്യ പ്രദേശ് പൊലീസ്. പൊലീസ് ഉദ്യോസ്ഥന്‍റെ സുഹൃത്തായ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റാൻ ശ്രമിച്ചതാണ് സംഭവമെന്നാണ് മധ്യപ്രദേശ് പൊലീസിന്‍റെ വിശദീകരണം. പെണ്‍കുട്ടിയെ പൊലീസ് ഉദ്യോഗസ്ഥൻ പീഡിപ്പിക്കാൻ ശ്രമിച്ചതായുള്ള ദൃശ്യങ്ങള്‍ പ്രചരിച്ചത് വലിയ ചര്‍ച്ചയായതിന് പിന്നാലെയാണ് പൊലീസിന്‍റെ വിശദീകരണമെത്തുന്നത്.

റോഡരികില്‍ നില്‍ക്കുന്ന പെണ്‍കുട്ടിയെ പീഡിപ്പിക്കാൻ പൊലീസ് ഉദ്യോസ്ഥൻ ശ്രമിക്കുന്നെന്ന പേരിലുള്ള ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചത്. പൊലീസുകാരനില്‍ നിന്ന് കുതറിമാറാൻ പല തവണ പെണ്‍കുട്ടി ശ്രമിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. പെണ്‍കുട്ടിയും പൊലീസ് ഉദ്യോഗസ്ഥനും സുഹൃത്തുക്കളാണെന്ന് മധ്യപ്രദേശ് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി മദ്യപിച്ചിരുന്നുവെന്നതിനാല്‍ ബൈക്കില്‍ കൊണ്ടുവിടാനായി ശ്രമിച്ചതാണെന്ന് പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞതായി ഭോപ്പാല്‍ അഡ‍ീ. ഡിസിപി സ്നേഹി മിശ്ര വ്യക്തമാക്കി. എങ്കിലും പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയെന്ന കാരണത്താല്‍ വകുപ്പ് തല അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടുണ്ട്. പെണ്‍കുട്ടി മൊഴി എഴുതി നല്‍കിയിട്ടുണ്ടെന്നും സംഭവത്തില്‍ പരാതി നല്‍കിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു.

എന്നാല്‍ ദൃശ്യങ്ങളെ ചൊല്ലി സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിവാദമാണ് തുടരുന്നത്. മധ്യപ്രദേശിലെ ആഭ്യന്തര വകുപ്പിനെ രൂക്ഷമായി വിമർശിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രതികരിച്ചിരുന്നു. മധ്യപ്രദേശിലെ ഹൗൻമാൻഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് വിവാദ സംഭവങ്ങളുണ്ടായത്. രാത്രിയിൽ ഒറ്റയ്ക്ക് നടന്നുവരികയായിരുന്ന പെൺകുട്ടിയെ ഇയാൾ ബൈക്കിൽ സഞ്ചരിക്കവെ കാണുകയായിരുന്നു. ഇതിന് പിന്നാലെ ഇയാൾ പൊലീസ് വേഷത്തിൽ തന്നെ പെൺകുട്ടിയെ ഉപദ്രവിക്കാനും തുടങ്ങി. ബൈക്കിലിരുന്നു കൊണ്ടായിരുന്നു ആദ്യം ഇയാളുടെ ആക്രമണംം. ഇയാൾ വലവട്ടം യുവതിയെ പിടിച്ച് വലിക്കുകയും ശരീരത്തില്‍ കയറി പിടിക്കുകയുമൊക്കെ ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

പെൺകുട്ടി കുതറി മാറാൻ ശ്രമിക്കുമ്പോഴും ഇയാൾ പീഡന ശ്രമം തുടരുകയായിരുന്നു. ഒടുവിൽ ഇയാളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് പെൺകുട്ടി നടക്കാൻ ശ്രമിക്കുന്നതും, ഇയാൾ പിന്തുടരുന്നതും വീഡിയോയിൽ വ്യക്തമാണ്. ഒടുവിൽ പെൺകുട്ടി ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. 

പൊലീസുകാരന്‍റെ ക്രൂരത ക്യാമറയിൽ കുടുങ്ങി; ഒറ്റയ്ക്കായ പെൺകുട്ടിയെ ബൈക്കിലിരുന്ന് കയറിപിടിച്ചു, ശേഷം പീഡനശ്രമം