മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരായ രണ്ട് പേർ മരിച്ചു. മരണ കാരണം ഇരു രോഗികൾക്കും നേരത്തെയുള്ള മറ്റ് രോഗങ്ങളെന്ന് ആരോഗ്യവകുപ്പ്

മുംബൈ: കോവിഡ് ഭീഷണി വീണ്ടും ഉയരുന്നതിനിടെ മഹാരാഷ്ട്രയിൽ രണ്ട് മരണം. മുംബെയിലാണ് കൊവിഡ് സ്ഥിരീകരിച്ച രണ്ട് പേർ മരിച്ചത്. ഇവരിൽ ഒരാൾക്ക് കാൻസറും മറ്റൊരാൾക്ക് നെഫ്രോട്ടിക് സിൻഡ്രോമും നേരത്തെ ഉണ്ടായിരുന്നുവെന്നും ഈ രോഗങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് വിശദീകരിക്കുന്നത്. സിങ്കപ്പൂരിലും ഹോങ്കോങ്ങിലും കൊവിഡ് ബാധ ആശങ്ക ഉയർത്തി വ്യാപിക്കുന്നതിനിടെയാണ് മഹാരാഷ്ട്രയിലും മരണം സംഭവിച്ചത്. ഇന്നലെ കേന്ദ്ര ആരോഗ്യമന്ത്രാലയം രാജ്യത്തെ സ്ഥിതി വിലയിരുത്തിയിരുന്നു. രാജ്യത്ത് 252 പേർക്ക് കൊവിഡ് ബാധയുണ്ടെന്നും ആരുടെയും നില ഗുരുതരമല്ലെന്നുമായിരുന്നു ഇന്നലെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ ഏജൻസികൾ യോഗം ചേർന്ന ശേഷം വിശദീകരിച്ചത്. ഇതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ രണ്ട് പേർ മരിച്ചത്.

YouTube video player