Asianet News MalayalamAsianet News Malayalam

ചീറ്റപ്പുലികളെ കൊണ്ടുവന്നത് ലംപി സ്കിന്‍ രോഗം പടര്‍ത്താന്‍; കേന്ദ്രത്തിനെതിരെ കോണ്‍ഗ്രസ് നേതാവ്

മുബൈയില്‍ ലംപി സ്കിന്‍ രോഗലക്ഷണം കന്നുകാലികളില്‍ സംശയിക്കപ്പെട്ടതിന് പിന്നാലെയാണ് നാനാ പടോലെയുടെ പ്രതികരണം. 

Maharashtra Congress president Nana Patole alleges Centre deliberately brought cheetahs to spread of Lumpy Skin Disease
Author
First Published Oct 4, 2022, 2:19 AM IST

കുനോ നാഷണല്‍ പാര്‍ക്കില്‍ ചീറ്റപ്പുലികളെ എത്തിച്ച നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ ആരോപണവുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍. ലംപി സ്കിന്‍ രോഗം പടര്‍ന്ന് കര്‍ഷകര്‍ക്ക് വേദനയുണ്ടാകാന്‍ വേണ്ടി കേന്ദ്ര സര്‍ക്കാര്‍ മനപൂര്‍വ്വം ചീറ്റപ്പുലികളെ എത്തിച്ചുവെന്നാണ് മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാനാ പടോലെയുടെ ആരോപണം. ദീര്‍ഘകാലമായി ലംപി സ്കിന്‍ രോഗം നമീബിയയിലുണ്ട്. ചീറ്റപ്പുലികളെ കൊണ്ടുവന്നതും ഇവിടെ നിന്നാണ്. കര്‍ഷകര് ദ്രോഹിക്കാനായി കേന്ദ്രം മനപൂര്‍വ്വം ചെയ്തതാണ് ഇതെന്നാണ് നാനാ പടോലെ തിങ്കളാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. മുബൈയില്‍ ലംപി സ്കിന്‍ രോഗലക്ഷണം കന്നുകാലികളില്‍ സംശയിക്കപ്പെട്ടതിന് പിന്നാലെയാണ് നാനാ പടോലെയുടെ പ്രതികരണം. 

ബിഎംസിയുടെ കണക്കുകള്‍ പ്രകാരം മുംബൈയില്‍ 27500 കന്നുകാലികളാണുള്ളത്. ഇതില്‍ 2203 പശുക്കള്‍ക്ക് ലംപി സ്കിന്‍ രോഗത്തിനെതിരായ വാക്സിന്‍ നിലവില്‍ നല്‍കിയിട്ടുണ്ട്. രോഗം തടയുന്നതിന് മുന്നോടിയായി കശാപ്പ് നിര്‍ത്തിവച്ചിട്ടുണ്ട്. ഒരു തരം വൈറല്‍ അണുബാധയാണ് ലംപി സ്കിന്‍ രോഗം. ചര്‍മ്മത്തെയാണ് ഇത് ബാധിക്കുന്നത്. വട്ടത്തില്‍ മുഴ പോലെ പൊങ്ങി വരും. പിന്നീട് പല രീതിയില്‍ കാലികളെ ഇത് പ്രശ്നത്തിലാക്കും. രോഗം ബാധിക്കപ്പെടുന്ന കാലികളില്‍ ഒരു വിഭാഗം ഇതുമൂലം ഇല്ലാതാകുന്നു. ചികിത്സയില്ലെങ്കിലും ഇതിനെതിരായ വാക്സിൻ ലഭ്യമാണ്. മാസങ്ങളോളമെടുത്താണ് രോഗത്തില്‍ നിന്ന് രക്ഷപ്പെടുന്ന കാലികള്‍ തിരിച്ച് സാധാരണജീവിതത്തിലേക്ക് മടങ്ങുന്നത്. കൊതുക്, ഈച്ച എന്നിങ്ങനെയുള്ള പ്രാണികള്‍ മുഖാന്തരമാണ് രോഗകാരിയായ വൈറസ് കാലികളിലെത്തുന്നത്.

സെപ്തംബര്‍ 17നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നമീബിയയില്‍ നിന്നെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ നാഷണല്‍ പാര്‍ക്കില്‍ പ്രത്യേകം സജ്ജമാക്കിയ ഇടത്തേക്ക് തുറന്ന് വിട്ടത്. ഒരുമാസം പ്രത്യേകം സജ്ജമാക്കിയ പ്രദേശത്തെ ക്വാറന്‍റീന് ശേഷം ഇവരെ സ്വൈര്യ വിഹാരത്തിന് വിടാനാണ് തീരുമാനം. രണ്ട് വയസ് മുതൽ ആറ് വയസ് വരെ പ്രായമുള്ള ചീറ്റപ്പുലികളാണ് ആഫ്രിക്കൻ പുൽമേടുകളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ചിരിക്കുന്നത്. ആൺ ചീറ്റകളിൽ രണ്ട് പേർ സഹോദരങ്ങളാണ്. ഒത്ജിവരോംഗോ റിസർവിൽ നിന്നാണ് ഇവരെ പിടികൂടിയത്. എട്ട് ചീറ്റപ്പുലികളേയും ആവശ്യമായ കുത്തിവയ്പ്പുകളും പരിശോധനയും കഴിഞ്ഞ ശേഷം മയക്കി കിടത്തിയാണ് പ്രത്യേക വിമാനത്തിൽ ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. തുടർന്നുള്ള നിരീക്ഷണത്തിന് സഹായിക്കുന്ന രീതിയിലുള്ള പ്രത്യേക ട്രാക്കിംഗ് ഉപകരണങ്ങളും ഇവയുടെ  ശരീരത്തിൽ ഘടിപ്പിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios